മലയാളസിനിമയില്‍ ഹാസ്യം ആണുങ്ങളുടെ കുത്തകയായിരുന്ന കാലം. ശ്രീലതയും മീനയുമൊക്കെയാണ് അത് ഭേദിച്ച് ഹാസ്യം സ്ത്രീകള്‍ക്കും വഴങ്ങുമെന്നു തെളിയിച്ചത്. എന്നാല്‍, അവര്‍ക്കൊപ്പം രംഗം കൊഴുപ്പിക്കാന്‍ എപ്പോഴും ഒരു പുരുഷസാന്നിധ്യവുമുണ്ടാവുമായിരുന്നു. എന്നാല്‍, തനിച്ചാണെങ്കിലും പ്രേക്ഷകരെ കൈയിലെടുക്കാനുള്ള ഹാസ്യായുധങ്ങളുമായെത്തി മലയാളസിനിമയിലെ നിറസാന്നിധ്യമായ നടിയായിരുന്നു കല്‍പന.

ഹാസ്യമായിരുന്നില്ല കല്പനയുടെ ആദ്യതട്ടകം; നായികാവേഷംതന്നെയായിരുന്നു. ശിവന്‍ സംവിധാനം ചെയ്ത യാഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലും അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയിലിലും കല്പനയായിരുന്നു നായിക. പോക്കുവെയിലില്‍ നായകന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു.

1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്‌വിജയത്തിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള കല്പനയ്ക്ക് കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. നായികാവേഷങ്ങളില്‍നിന്ന് തന്റെ തട്ടകം ഹാസ്യമാണെന്നു തിരിച്ചറിഞ്ഞ് ചുവടുമാറിയതാണ് കല്പനയുടെ ജീവിതത്തിലെ വഴിത്തിരിവ്. കെ.ജി. ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, അതുകഴിഞ്ഞ് പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും വന്നതോടെ മലയാളസിനിമയിലെ പെണ്‍ഹാസ്യതാരപട്ടികയില്‍ കല്പനയെന്നത് ഒരു ഉറച്ച പേരായി.

ദേശീയ അവാര്‍ഡ് നേടിയ ബാബു തിരുവല്ലയുടെ 'തനിച്ചല്ല ഞാനി'ലെ റസിയാബീവി യഥാര്‍ഥജീവിതത്തിലെ ഒരു കഥാപാത്രമായിരുന്നു. അതില്‍ മറ്റാരെയെങ്കിലും നായികയാക്കാനും സാറ്റലൈറ്റ് റൈറ്റ് പോലുള്ള സിനിമയുടെ കച്ചവടതാത്പര്യങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനും കല്പനതന്നെ സംവിധായകനോടു പറഞ്ഞിരുന്നു. എന്നാല്‍, യഥാര്‍ഥജീവിതത്തിലെ കഥാപാത്രവും കല്പനയും തമ്മിലുള്ള വൈകാരികബന്ധമറിയാവുന്ന സംവിധായകന്‍ കല്പനയെത്തന്നെ മതിയെന്നു തീരുമാനിച്ചു. പ്രേക്ഷകരുടെ അംഗീകാരത്തിനൊപ്പം ഒരു ദേശീയതല അംഗീകാരവും സിനിമയ്ക്കു ലഭിച്ചു.