മരണത്തിലേക്കു മറഞ്ഞ 'ക്യൂന്‍മേരി' കടലിന്റ ആഴങ്ങളിലേക്ക് ക്യൂന്‍മേരി മാഞ്ഞുപോയപ്പോള്‍ 'ചാര്‍ലി' സിനിമ കണ്ട പ്രേക്ഷകരൊന്നടങ്കം വിതുമ്പി. അത്രയേറെ തന്മയത്വത്തോടെയായിരുന്നു ദുരന്തനായികയായ മരിയ എന്ന ക്യൂന്‍മേരിയെ കല്പന അവതരിപ്പിച്ചത്. ചാര്‍ലിയുടെ കണ്‍മുന്നില്‍നിന്ന് ക്യൂന്‍മേരി മറഞ്ഞതുപോലെ കല്പനയും ഈ ലോകത്തില്‍നിന്നു യാത്രയായി.  

'തനിച്ചല്ല ഞാനി'ലെ റസിയയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം മലയാളത്തിലെത്തിച്ച ഈ കലാകാരിയുടെ അഭിനയശേഷി വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയ സംവിധായകര്‍ ചുരുക്കം. മൂന്നു പതിറ്റാണ്ടായി വെള്ളിത്തിരയിലെ സജീവസാന്നിധ്യമായ കല്പന മനസ്സില്‍ തൊടുന്ന ഒത്തിരി കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് കടന്നുപോയത്. 

വിടരുന്ന മൊട്ടുകളില്‍ ബാലതാരമായി അഭിനയത്തില്‍ തുടക്കംകുറിച്ച കല്പന, ശിവന്‍ സംവിധാനം ചെയ്ത 'യാഗ'ത്തിലൂടെയാണ് നായികയാകുന്നത്. എം.ടി.യുടെ മഞ്ഞിലെ രശ്മി, പോക്കുവെയിലിലെ നിഷ, ഭാഗ്യരാജിന്റെ ചിന്നവീടിലെ കഥാപാത്രം എന്നിങ്ങനെ മലയാളത്തിലും തമിഴിലും വ്യത്യസ്തവേഷങ്ങള്‍ ചെയ്യുന്നതിനിടെയാണ് കമലിന്റെ പെരുവണ്ണാപുരത്തെ  വിശേഷങ്ങളിലേക്ക് കല്പനയ്ക്കു ക്ഷണം ലഭിക്കുന്നത്.  
 
170ലേറെ ഹാസ്യകഥാപാത്രങ്ങള്‍ അവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലെ മണികണ്ഠന്റെ ഭാര്യയായി സ്‌ക്രീനിലെത്തിയതോടെ മികച്ച സ്വഭാവകഥാപാത്രങ്ങളും കല്പനയ്ക്കു ലഭിച്ചു. 
  
ഇന്ത്യന്‍ റുപ്പിയിലെ അശരണയായ മേരി, സ്പിരിറ്റിലെ മുഴുക്കുടിയന്‍ മണിയന്റെ ഭാര്യ പങ്കജം, പകല്‍നക്ഷത്രങ്ങളിലെ രാജി എന്നിവയെല്ലാം കല്പന അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. അന്യഭാഷകളിലെ ഹാസ്യകഥാപാത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും കുരുങ്ങിനില്‍ക്കുമ്പോഴായിരുന്നു ബാബു തിരുവല്ല സംവിധാനംചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിന്റെ ഭാഗമായത്. അതോടെ കല്‍പനയെത്തേടി ദേശീയപുരസ്‌കാരമടക്കമുള്ള അംഗീകാരങ്ങളുമെത്തി. കഴിവുറ്റ ഈ കലാകാരിയെ വളരെ വൈകിയാണ് മലയാളസിനിമ ഉപയോഗപ്പെടുത്തിയത്.