ഗുരുവായൂര്‍: മരിക്കുന്നതിനുമുമ്പ് ഗുരുവായൂര്‍ക്കാരോട് രണ്ടു രസവര്‍ത്തമാനങ്ങള്‍ പറയണമെന്ന് ചിന്തിച്ചുറപ്പിച്ചെത്തിയത് പോലെയായി നടി കല്പനയുടെ ഗുരുവായൂരിലേക്കുള്ള വരവ്. ആ രസവാക്കുകളോര്‍ത്തുള്ള ചിരികള്‍ മാഞ്ഞില്ല, അപ്പോഴാണ് ഗുരുവായൂരിന്റെ ചിരി പെട്ടെന്ന് സങ്കടത്തിലേക്ക് വഴിമാറി കല്പനയുടെ വിയോഗമുണ്ടായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാര്‍ഷികാഘോഷത്തിലാണ് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കല്പന എത്തിയത്. കല്പനയുടെ ഒടുവിലെ പൊതുപരിപാടിയായിരുന്നു അത്. മലയാളത്തിലെ ഒട്ടുമിക്ക നടികളും ദര്‍ശനത്തിനും പൊതുപരിപാടികള്‍ക്കുമായി ഗുരുവായൂരില്‍ എത്താറുണ്ട്. എന്നാല്‍ പൊതുപരിപാടികളില്‍ കാണാത്ത ഒരാളെ കൊണ്ടുവരണമെന്ന ചിന്തയാണ് സ്‌കൂള്‍ അധികൃതരെ കല്പനയിലേക്കെത്തിച്ചത്. കല്പന വരുന്നുവെന്നറിഞ്ഞപ്പോള്‍ സ്‌കൂളുകാര്‍ക്കുമാത്രമല്ല, ഗുരുവായൂര്‍കാര്‍ക്കുമൊത്തം അതൊരു സന്തോഷവാര്‍ത്തയായിരുന്നു.

സിനിമയില്‍ വാതോരാതെ ഹാസ്യം പറയുന്ന കല്പന മൈക്കിനു മുന്നിലും അങ്ങനെതന്നെയായിരുന്നു. കുട്ടിക്കാലത്ത് കുസൃതികള്‍ കാട്ടിയതും വിദ്യാര്‍ത്ഥിയായിരിക്കേ അധ്യാപകരെ പോലും അനുസരിക്കാതെ എല്ലാം ഒരു തമാശയായിമാത്രം കണ്ട് ബാല്യജീവിതം കല്പന സദസ്സിനുമുന്നില്‍ ഹാസ്യച്ചേരുവയോടെയായിരുന്നു വരച്ചിട്ടത്. ' സഹോദരിമാരെ പോലെ എനിക്ക് ഭംഗിയില്ല.
 
എല്ലാവരും അവരെയാണ് സ്‌നേഹിച്ചത്. പക്ഷേ ഞാന്‍ ഭംഗികൊണ്ടല്ലെങ്കിലും ചിരിപ്പിച്ചുകൊണ്ടാണ് എല്ലാവരുടേയും മനസ്സില്‍ സ്ഥാനം പിടിച്ചത്'  കല്പന പറഞ്ഞു. സ്‌കൂളില്‍ നിന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അച്ഛന്റെ ഒപ്പ് സ്വന്തമായി ഇട്ടതും അക്കാര്യം അനുജത്തി ഒറ്റിക്കൊടുത്തതും നല്ല ചൂടുള്ള അടി കിട്ടിയതുമൊക്കെ കല്പന വിദ്യാര്‍ത്ഥികളുമായി പങ്കിടുകയുണ്ടായി.
തിങ്കളാഴ്ച കല്പനയുടെ മരണവിവരം സ്‌കൂളിലാകെ മ്ലാനത പരത്തി.