ഇരിങ്ങാലക്കുട: ഹാസ്യത്തിലൂടെ കാരക്ടര്‍ റോള്‍ ചെയ്യുന്ന ചുരുക്കം നടികളില്‍ മുന്‍പന്തിയിലായിരുന്നു കല്പനയെന്ന് 'അമ്മ' പ്രസിഡന്റും എം.പി.യുമായ ഇന്നസെന്റ് പറഞ്ഞു.

മലയാളികള്‍ കല്പനയെ കാണുന്നത് ഹാസ്യനടിയായിട്ടാണ്. പക്ഷേ, എം.പി. സുകുമാരന്‍നായരുടെ ഒരു സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് കല്പന നന്നായി കാരക്ടര്‍ റോളും ചെയ്യുമെന്ന്. മൂന്ന് ദിവസം മുന്‍പ് 'ചാര്‍ളി' എന്ന സിനിമ കണ്ടു. അതിലും കല്പന നന്നായി കാരക്ടര്‍ റോള്‍ ചെയ്തിട്ടുണ്ട്. ഹാസ്യ റോളുകള്‍ വളരെ തന്മയത്വത്തോടെ അവര്‍ അഭിനയിക്കുമായിരുന്നു.
 
വിദേശരാജ്യങ്ങളിലെ പരിപാടികളില്‍ അവര്‍ സ്വന്തമായി സ്‌കിറ്റുകള്‍ ഉണ്ടാക്കി അവതരിപ്പിച്ചിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതലേ ഒരുമിച്ച് അഭിനയിച്ച നടിയാണ് കല്പന. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചു. എല്ലാവരോടും നന്നായി പെരുമാറുന്ന സ്വഭാവക്കാരിയായിരുന്നു കല്‍പ്പന. ആവശ്യമില്ലാതെ ദേഷ്യപ്പെടുകയില്ല.

രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ കല്പനയെ ആസ്​പത്രിയില്‍ കണ്ടുമുട്ടി. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഹൃദയത്തിന് ചെറിയ പ്രശ്‌നമുണ്ട് എന്നാണ്. മരിക്കാനുള്ള കാരണം അതായിരിക്കാം. സിനിമയില്‍ സമരകാലത്ത് എന്നെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു. ആ സമയത്ത് എന്നെ വിളിച്ച് ധൈര്യം പകര്‍ന്ന നടിയാണ് കല്പന -ഇന്നസെന്റ് പറഞ്ഞു.

'അഭിനയപ്രതിഭ'

തൃശ്ശൂര്‍: ഹാസ്യനടിയായി കടന്നുവന്ന് ഗൗരവമാര്‍ന്ന റോളുകളും കൈകാര്യം ചെയ്യാനാവുമെന്ന് തെളിയിച്ച അഭിനയപ്രതിഭയെയാണ് കല്പനയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ പറഞ്ഞു.