കൊച്ചി: നടി കല്പനയുടെ സംസ്‌കാരം ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നടക്കും. ഹൈദരാബാദില്‍ നിന്ന് രാവിലെ 11 മണിക്ക് വിമാന മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിക്കും. പന്ത്രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.

തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കു ശേഷം അഞ്ച് മണിയോടെ തൃപ്പൂണിത്തുറ പുതിയകാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഏതാനും വര്‍ഷം മുമ്പ് കല്പന തൃപ്പൂണിത്തുറയില്‍ താമസമാക്കിയത്. തൃപ്പൂണിത്തുറയില്‍ തന്നെ പുതിയൊരു ഫ്‌ലാറ്റും അടുത്തിടെ വാങ്ങിയിരുന്നു. താര സംഘടനയായ 'അമ്മ'യുടെ ഭാരവാഹികളും ബന്ധുക്കളും ഹൈദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ മൃതദേഹത്തെ അനുഗമിക്കും.