Kalpanaഅമ്പലപ്പുഴ: നടി കല്പനയുടെ വിയോഗത്തോടെ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയിലാണ് റസിയ. ചെല്ലമ്മ അന്തര്‍ജനത്തിന് നഷ്ടമായത് തന്റെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടിയിരുന്ന പ്രിയപ്പെട്ട മകളും.

കല്പനയുടെ നന്മയാണ് അമ്പലപ്പുഴയിലെ ചെല്ലമ്മ അന്തര്‍ജനത്തിന്റെയും റസിയാബീവിയുടെയും ജീവിതം. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവരുടെ കാര്യങ്ങള്‍ക്ക് കല്പന ഒരു മുടക്കവും വരുത്തിയിട്ടില്ല. കല്പനക്ക് റസിയ ചക്കരയും അന്തര്‍ജനം പ്രാവുമാണ്.
ഇവരുടെ ജീവിതം പ്രമേയമാക്കി ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാന്‍' എന്ന സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം കല്പന നേടിയിരുന്നു. ഇവരും കല്പനയുമായി ബന്ധം തുടങ്ങുന്നത് വളരെ നാടകീയമാണ്.

തീവണ്ടിപ്പാളത്തില്‍നിന്ന് റസിയ മടക്കി വിളിച്ച് ചെല്ലമ്മ അന്തര്‍ജനത്തിന് രണ്ടാം ജന്മം നല്കിയതാണ്. ജാതിയും മതവും അതിര്‍വരമ്പുകള്‍ തീര്‍ക്കാത്ത ഈ ബന്ധം കല്പനയുടെ മനസ്സില്‍ തട്ടി.

2008ലാണ് നീര്‍ക്കുന്നത്തെ വീട്ടില്‍ കല്പന റസിയയെും അന്തര്‍ജനത്തെയും തേടിയെത്തുന്നത്. അന്നുമുതല്‍ അന്തര്‍ജനം കല്പനയ്ക്ക് അമ്മയായി. റസിയ സഹോദരിയും. എല്ലാ മാസവും മുടക്കം കൂടാതെ ഇവരുടെ ചെലവിന് ആയിരം രൂപ വീതം കല്പന നല്‍കി. തനിച്ചല്ല ഞാന്‍ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയ നാള്‍ മുതല്‍ ഇത് രണ്ടായിരമാക്കി. എല്ലാ ഓണത്തിനും കല്പനയുടെ പുതുവസ്ത്രങ്ങള്‍ ഇവരെ തേടിയെത്തും. തന്ന വസ്ത്രം മുഴുവന്‍ ഉടുത്തുതീര്‍ന്നിട്ടില്ലെന്നായിരുന്നു റസിയയുടെ വിലാപം.

റസിയയുടെയും അന്തര്‍ജനത്തിന്റെയും ജീവിതം പ്രമേയമാക്കി ബാബു തിരുവല്ലയാണ് സിനിമ നിര്‍മിച്ചത്. റസിയയായി കല്പന അഭിനയിച്ചു. സഹനടിക്കുള്ള പുരസ്‌കാരത്തിനൊപ്പം സംവിധായകനും നിര്‍മാതാവിനുമുള്ള ദേശീയപുരസ്‌കാരവും തനിച്ചല്ല ഞാന്‍ നേടി. ദേശീയപുരസ്‌കാരം ഏറ്റുവാങ്ങാന്‍ ന്യൂഡല്‍ഹിയില്‍ റസിയയെ ഒപ്പം കൂട്ടിയാണ് കല്പന പോയത്.

രണ്ട് വര്‍ഷം മുമ്പൊരു ഓണത്തിനാണ് കല്പന അവസാനമായി വസ്ത്രങ്ങളുമായെത്തിയത്. എന്തു തിരക്കുണ്ടെങ്കിലും റസിയയുടെ നമ്പര്‍ കണ്ടാല്‍ കല്പന ഫോണെടുക്കും. കഴിഞ്ഞ മാസം 25നാണ് അവസാനം വിളിച്ചത്. റസിയയുടെ വീട്ടിലേക്കുള്ള വഴിയുടെ ഉദ്ഘാടനത്തിന് എത്താമെന്നറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആരോ ഫോണിലാണ് കല്പനയുടെ മരണവിവരം റസിയയെ അറിയിച്ചത്.
അന്തര്‍ജനത്തെ കെട്ടിപ്പിടിച്ച് റസിയ വാവിട്ട് നിലവിളിച്ചു. പിന്നെ അവരുടെ കണ്ണുനീര്‍ തോര്‍ന്നില്ല. ജീവിതത്തിന്റെ തകര്‍ച്ചയില്‍ താങ്ങായ ആളെ നഷ്ടമായപ്പോള്‍ തനിച്ചായ വേദനയില്‍ നീര്‍ക്കുന്നത്തെ ചെല്ലമ്മ ഭവനം മരണവീടായി മാറിയിരുന്നു.