മുളങ്കുന്നത്തുകാവ്: സിനിമയിൽ ഒട്ടേറെത്തവണ മണി എന്ന കലാകാരൻ മരിച്ച് കിടക്കുന്ന സീനുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ നിന്ന് വിട പറഞ്ഞ മണിയെ പോസ്റ്റ്‌മോർട്ടം മുറിയിൽ നിന്ന് അവസാനമായി മേക്കപ്പിട്ട് സ്‌ട്രെച്ചറിൽ പുറത്തേക്കിറക്കിയപ്പോൾ ഒരു നോക്ക് കാണാൻ മെഡിക്കൽ കോളേജ് ആസ്പത്രിയിലും മോർച്ചറിക്ക് മുന്നിലും തടിച്ച് കൂടിയത് നൂറ് കണക്കിന് ആരാധകരാണ്. ഒരിക്കൽ പോലും മണിയെ നേരിട്ട് കാണാത്തവരായിരുന്നു ഇവരിലേറെയും.      കൊച്ചിയിലെ ആസ്പത്രിയിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് മണിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. സാധാരണ രീതിയിൽ ശീതീകരണ മുറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിക്കാറുള്ളത്. ഇതിന് മാറ്റം വരുത്തി പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മുറിയിൽ മണിക്ക്‌ സ്ഥലമൊരുക്കി. തിങ്കളാഴ്ച രാവിലെ ശീതീകരണ മുറിയിൽ നിന്ന് കൊണ്ടുവരുമ്പോൾ ഉണ്ടായേക്കാവുന്ന പ്രയാസങ്ങൾ കണക്കിലെടുത്തായിരുന്നു നടപടി. 
 
രാവിലെ ഒമ്പതോടെ ഫോറൻസിക് മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്. ഷെയ്ഖ് സക്കീർ ഹുസൈൻ, ഡോ. പി.എ. ഷീജു എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘമെത്തി പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി. ഡോ. ബാലവെങ്കിട്ടപെരുമാൾ, ഡോ. ആന്റണി, ഡോ. രോഹിത് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. 
മീഥൈൽ ആൽക്കഹോളിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയത്. രണ്ട് മണിക്കൂർ സമയമെടുത്ത് വിശദമായ പരിശോധനകളോടെയായിരുന്നു പോസ്റ്റ്‌മോർട്ടം. എല്ലാ നടപടിക്രമങ്ങളും വീഡിയോയിലും പകർത്തുന്നുണ്ടായിരുന്നു. എ.സി.പി. ജയചന്ദ്രൻപിള്ള ഉൾപ്പെടെയുള്ള വലിയ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു.-3 

    രാവിലെ ആറോടെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലേക്ക് ആളുകൾ എത്താൻ തുടങ്ങി. മെഡിക്കൽ കോളേജിന്റെ സമീപ ചരിത്രത്തിൽ കാണാത്ത ജനക്കൂട്ടമാണ് പോസ്റ്റ്‌മോർട്ട നടപടികളുടെ വിവരങ്ങൾ അറിയാൻ കാത്ത് നിന്നത്. മൃതദേഹം ആംബുലൻസിലേക്ക് കയറ്റാൻ പോലീസുകാർ ഏറെ ബുദ്ധിമുട്ടി. പുറത്തേക്ക് ഇറങ്ങിയതോടെ ആംബുലൻസിന് ചുറ്റും ആരാധകർ നിറഞ്ഞു. സൂപ്രണ്ടിന്റെയും മറ്റ് ജീവനക്കാരുടെയും അപേക്ഷ പരിഗണിച്ച് ഒ.പിയ്ക്കു മുന്നിൽ കുറച്ചു സമയം പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹവുമായി ബന്ധുക്കളും സുഹൃത്തുക്കളും യാത്രയായത്.