സ്വതസിദ്ധമായ ഗ്രാമീണ ഭാഷയിൽ മലയാളികളെ നാടൻപാട്ടിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ കലാകാരനാണ് കലാഭവൻ മണി. ദാരിദ്ര്യവും ജീവിതസാഹചര്യവുമാണ് മണിയുടെ നാടൻ പാട്ടുകളിൽ പ്രതിഫലിച്ചത്. ചാലക്കുടി എന്ന ഗ്രാമത്തെ നാടൻപാട്ടുകളിലൂടെ എല്ലാ മലയാളികൾക്കും പരിചിതമാക്കാനും ഈ കലാകാരന് കഴിഞ്ഞു. ‘ചാലക്കുടിച്ചന്തയ്ക്കുപോകുമ്പോ...’എന്ന് തുടങ്ങുന്ന പാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല. ‘ഓടപ്പഴം പോലൊരു പെണ്ണിനുവേണ്ടി ഞാൻ..., ഉമ്പായിക്കുച്ചാണ്ടി പ്രാണൻ കത്തണമ്മാ, കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ, അമ്മായീടെ മോളെ ഞാൻ നിക്കാഹ് ചെയ്തപ്പോൾ... ഇങ്ങനെ നീളുന്നു മണിയുടെ പാട്ടുകൾ. മണിയുടേതായ വ്യത്യസ്ത അവതരണം തന്നെയാണ് മണിയുടെ നാടൻ പാട്ടുകളെ ജനപ്രിയമാക്കിയത്.      |

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. മിമിക്രി കലാകാരനായി അഭ്രപാളിയിലെത്തി നായകനും വില്ലനുമായി  മണി മാറിയിരുന്നെങ്കിലും മണിയുടെ സ്വതസിദ്ധമായ നാടൻ പാട്ടുകൾ മലയാളി പ്രേക്ഷകർക്ക് എന്നും ആവേശമായിരുന്നു. നാടൻ പാട്ടിൽ കലർത്തിയുള്ള മണിയുടെ ചിരിപോലും മലയാളിക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു. 

മലയാളി മറന്നുപോയ നാടൻപാട്ടുകൾ അവർ പോലും അറിയാതെ താളത്തിൽ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാൻ  മണിയോളം ശ്രമിച്ച കലാകാരൻ വേറെയില്ല. ഒരു കാലത്ത് ഉത്സവപ്പറമ്പുകളിൽ മണിയുടെ നാടൻപാട്ടിന്റെ കാസറ്റുകൾ ചൂടപ്പംപോലെ വിറ്റുപോയിരുന്നു. സിനിമയിൽ നൂറോളം പാട്ടുകൾ പാടുകയും രണ്ട്  സിനിമയ്ക്ക് സംഗീതം ചെയ്തെങ്കിലും തന്റെ നാടൻപാട്ടുകൾ തന്നെയാണ് താൻ എന്നും നെഞ്ചോട് ചേർത്തിരുന്നതെന്ന് മണി പല വേദികളിലായി പറഞ്ഞിട്ടുണ്ട്.