നരകം എന്നത് ദൈവത്തിന്റെ ആശയമല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ജോണ്‍ എബ്രഹാമും ദൈവവും തമ്മില്‍ അസ്ഥിരവും പ്രവചനീയമല്ലാത്തതുമായ ഒരുതരം ബന്ധമാണെന്നും. പക്ഷേ, ദൈവം കനിഞ്ഞരുളിയ ടാലന്റുകള്‍ ജോണ്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നിക്ഷേപിക്കാതിരുന്നത്?

ബിരുദ പഠനവും കഴിഞ്ഞ് കൊച്ചിയില്‍ കലാഭിരുചി നാട്യങ്ങളുമായി നടക്കുന്ന കാലത്താണ് ഞാന്‍ ജോണിനെ ആദ്യമായി കാണുന്നത്. ഒരു ദിവസം എറണാകുളം ബോട്ട്‌ജെട്ടിക്ക് സമീപം കൈയെഴുത്ത് പോസ്റ്ററുകളുമായി ജോണ്‍ നടന്നുപോകുന്നതായി കണ്ടു. അതിനു കുറച്ചു ദിവസം മുന്‍പാണ് പത്രത്തില്‍ ആ വാര്‍ത്ത കണ്ടത്. ജോണ്‍ സിനിമ ഉപേക്ഷിച്ചെന്നും തെരുവു നാടകത്തിലേക്കു ചുവടുമാറ്റിയെന്നുമായിരുന്നു വാര്‍ത്ത. ഒരു കടലോര ഗ്രാമത്തില്‍ കുറച്ചു കുട്ടികളോടൊത്ത് സന്തോഷവാനായി ചെണ്ടമുട്ടി നടക്കുന്ന ജോണിന്റെ ചിത്രവും അതോടൊപ്പമുണ്ടായിരുന്നു. ആയിടയ്ക്ക് ജോണ്‍ നായ്ക്കളി എന്നൊരു നാടകം എഴുതിയിരുന്നു. അതില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള ഗ്രാമീണരെ അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം. അഭിനേതാക്കളെ വേണമെന്ന അറിയിപ്പ് ജോണിന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുണ്ടായിരുന്നു. നാടകത്തിലെ പല വേഷങ്ങളിലും അഭിനയിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നു. ഒടുവില്‍ അവരൊരുമിച്ച് നാടകം സ്റ്റേജിലെത്തിക്കുകയും ചെയ്തു. അവിടെ നാടകത്തിന്റെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടന്നു. പ്രദേശത്തെ ഏതാണ്ട് എല്ലാവരും ഒന്നുകില്‍ അഭിനേതാക്കളായോ അല്ലെങ്കില്‍ കാഴ്ചക്കാരായോ നാടകത്തില്‍ പങ്കാളികളായി. അങ്ങനെയിരിക്കെ ഒരുദിവസം ജോണ്‍ അവിടെനിന്നും അടുത്ത പ്രദേശത്തേക്ക് താവളം മാറ്റി. അഭിനേതാക്കളെയാരെയും കൂടെ കൂട്ടിയതുമില്ല.

ചെണ്ടയടി, പിന്നാലെ കൂടുന്ന കുട്ടിക്കൂട്ടം, 'അഭിനേതാക്കളെ ആവശ്യമുണ്ട്...' ജോണ്‍ ആവര്‍ത്തിച്ചു. നാടകഭ്രാന്ത് ഗ്രാമങ്ങളില്‍ വീണ്ടും പകര്‍ന്നു. ഞാന്‍ വീണ്ടും കാണുമ്പോള്‍ ജോണിന്റെ കൈവശമുണ്ടായിരുന്ന പോസ്റ്റര്‍ ഇതു സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.

'നിങ്ങള്‍ ജോണ്‍ എബ്രഹാമല്ലേ'
മുഷിഞ്ഞ ഫുള്‍കൈ ഷര്‍ട്ടും വൃത്തിയില്ലാത്ത ജീന്‍സും ധരിച്ച ക്രിസ്തുവിനോട് മുഖസാദൃശ്യമുള്ള ആ രൂപത്തോട് ഞാന്‍ ചോദിച്ചു.
'രണ്ടു രൂപയെടുക്കാനുണ്ടോ?'
മുണ്ടുടുത്ത ചെറുപ്പക്കാരനെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഉത്തരമായി മറുചോദ്യം കിട്ടി.
'ഈ പോസ്റ്റര്‍ ഒട്ടിക്കാന്‍ കുറച്ചു പശ വാങ്ങണം,' ജോണ്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ പക്കല്‍ രണ്ടു രൂപ മാത്രമായി ചില്ലറ ഉണ്ടായിരുന്നില്ല. കീശയിലുണ്ടായിരുന്ന 10 രൂപ കൊടുത്തു. ജോണ്‍ തൊട്ടടുത്ത കടയില്‍നിന്ന് മൈദ കൊണ്ടുണ്ടാക്കിയ പശ വാങ്ങി. ബാക്കി ചില്ലറ എണ്ണിനോക്കാതെ തിരികെ തന്നു.
'പേരെന്താ?' ജോണ്‍ ചോദിച്ചു.

'പേര് പറയൂ.' 'അങ്ങനെയൊരു ഔപചാരികത ഒരിക്കലും സംഭവിച്ചിട്ടില്ല'- ഞാന്‍ മറുപടി പറഞ്ഞു. 'ഞാന്‍ നിനക്ക് കൃത്യമായ അംഗീകാരം നല്കാന്‍ ആഗ്രഹിക്കുന്നു. പശ - ഇന്നയാളുടെ വക എന്ന്'- ഞങ്ങള്‍ രണ്ടുപേരും ഉള്ളുതുറന്നു ചിരിച്ചു.
ജോണ്‍ എറണാകുളം ജനറല്‍ ആസ്പത്രിയുടെ ചുമരുകളില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ തുടങ്ങി. അതിനിടയില്‍ ചെല്ലാനത്ത് നടക്കാന്‍ പോകുന്ന ഒരു ദിവസത്തെ നാടക ക്യാമ്പിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. നാടകക്യാമ്പ് ജോണിനെപ്പോലെതന്നെ അവ്യവസ്ഥമായിരുന്നു. കുടിച്ച് പൂസായ ഒരു ഗുരുവും അച്ചടക്കമില്ലാത്ത കുറേ ശിഷ്യന്മാരും. ചുരുക്കത്തില്‍ അരാജകത്വത്തിന്റെ ഒരു ആഘോഷം. നീലന്‍ വരുന്നതുവരെ ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി. ദൃശ്യകലയെക്കുറിച്ച് അതേ പേരില്‍ ഒരു മാസിക തൃശ്ശൂരില്‍ നിന്നിറക്കുന്ന നീലന്‍ ജോണിന്റെ അടുത്ത സുഹൃത്തായിരുന്നു.

സ്റ്റാനിസ്ലാവ്‌സ്‌കിയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കിടെ ജോണ്‍ ഒരു ഗ്രാമീണ ബാലനെ പേരു ചൊല്ലി വിളിച്ചു. അവന്റെ കുരുത്തക്കേടുകളെക്കുറിച്ചും സൈക്കിളിനോടുള്ള ഭ്രമത്തെപ്പറ്റിയും പറയാന്‍ തുടങ്ങി. അപ്പോള്‍ ഒരു പോസ്റ്റ്മാന്‍ കടന്നുവന്നു. തന്റെ കക്ഷത്തിലിരിക്കുന്ന കത്തുകളുടെ കൂട്ടത്തിലുള്ള ഒരു പ്രണയലേഖനത്തെക്കുറിച്ച് പോസ്റ്റ്മാന്‍ പറഞ്ഞതുവെച്ച് ഒരു കഥാതന്തു ഉണ്ടായി. കത്തുകളുടെ കൂട്ടത്തില്‍നിന്ന് ആ ലേഖനം ത്രസിക്കുന്ന ഒരു ഹൃദയമായി അയാള്‍ക്ക് അനുഭവപ്പെട്ടത്രെ.

ജോണ്‍ ഭ്രമാത്മകമായി കഥപറയുന്ന ഒരാളാണ്. പിന്നീട് ജോണ്‍ വ്യത്യസ്തവും ഹാസ്യാത്മകവും ശ്രദ്ധേയവുമായ കഥകള്‍ എഴുതിയിട്ടുണ്ട്. 'കോട്ടയത്ത് എത്ര മത്തായിമാരുണ്ട്' എന്ന കഥ എനിക്ക് ഇന്നും ഏറെ പ്രിയങ്കരമായ ഒന്നാണ്.

മലയാളത്തില്‍നിന്നുള്ള മറ്റു പ്രമുഖ ചലച്ചിത്രകാരന്മാരെപ്പോലെ ജോണ്‍ തന്റെ കലാകാരന്മാരെപ്പറ്റിയോ സാങ്കേതിക വിദഗ്ധരെപ്പറ്റിയോ വേവലാതിപ്പെടാറില്ല. അനൗപചാരികമായ അന്തരീക്ഷത്തില്‍ ആശയങ്ങളുടെ ഒരു പ്രളയം സൃഷ്ടിച്ച് അദ്ദേഹം അവരെ കൂടെ നിര്‍ത്തി.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജോണ്‍ അടൂര്‍ഭാസിയെ തെങ്ങില്‍ കയറ്റി. പോലീസിനെ പേടിയുള്ള പ്രധാന കഥാപാത്രം തന്റേതല്ലാത്ത കുറ്റത്തിനു പോലീസിനെ പേടിച്ചോടി തെങ്ങിന്റെ മണ്ടയില്‍ കയറുന്നതായിരുന്നു രംഗം. സെറ്റിലുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് ഭാസി തെങ്ങിന്റെ മുകളില്‍ കയറിയത്. എന്നാല്‍ ഇതോടെ സംവിധായകന്‍ സെറ്റില്‍നിന്ന് അപ്രത്യക്ഷനായി തൊട്ടടുത്ത കള്ളുഷാപ്പില്‍ പൊങ്ങി.

കുറേ മദ്യപരോടൊത്ത് കഥകള്‍ പറഞ്ഞിരിക്കവെയാണ് ജോണ്‍ തെങ്ങിന്റെ മുകളിലിരിക്കുന്ന അടൂര്‍ഭാസിയെക്കുറിച്ചോര്‍ക്കുന്നത്. തിരിച്ചെത്തി ക്യാമറ ഓണ്‍ചെയ്തപ്പോള്‍ ഭാസിയുടെ മുഖത്ത് പേടിയെന്ന വികാരം ശരിക്ക് ഒപ്പിയെടുക്കാനായി എന്നായിരുന്നു ജോണിന്റെ വിശദീകരണം. നടന്‍ എന്ന നിലയില്‍ അടൂര്‍ഭാസിക്ക് ഒരു വഴിമാറി നടപ്പായിരുന്നു എബ്രഹാമിന്റെ ചിത്രം.

ജോണിന്റെ ഉള്ളില്‍ നിറച്ചും കഥകളായിരുന്നു. അതുപോലെയായിരുന്നു ജോണിനെ അറിയുന്നവരും. അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഏറെ കഥകളുണ്ടായിരുന്നു.

ജോണ്‍ ഒരിക്കലേ വിദേശത്തു പോയിട്ടുള്ളൂ. ഇറ്റലിയിലെ പെസാറോ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍. അതിനുശേഷം എഴുതിയ 'ഒരു പെസാറോ യാത്ര' എന്ന യാത്രാ വിവരണം മലയാളത്തില്‍ ഞാന്‍ വായിച്ചവയില്‍ മികച്ച ഒരു യാത്രാവിവരണമായിരുന്നു. ചുറ്റും മഹത്ത്വത്തിന്റെ ഒരു വലയം തീര്‍ക്കാന്‍ ചലച്ചിത്രകാരന്മാര്‍ അണിയാറുള്ള വേഷഭൂഷാദികള്‍ ജോണ്‍ ഉരിഞ്ഞുകളയുന്നു. ജോണ്‍ ആദമിനെക്കാള്‍ നഗ്നനായിരുന്നു. ഒരു വി.ഐ.പിയുടെ സുഖസൗകര്യങ്ങളേക്കാള്‍ അദ്ദേഹം ചെളിപുരണ്ട് നടക്കാനിഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ അഴുക്കുനിറഞ്ഞ കുഴികളും നന്നായറിഞ്ഞു. അങ്ങനെ ഒരുതരത്തില്‍ പറഞ്ഞാല്‍ ഋത്വിക് ഘട്ടക്കും ജോണ്‍ എബ്രഹാമും ഗുരുവും ശിഷ്യനുമാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു.

ഇറ്റലിയില്‍ പോയ സമയത്ത് ജോണിനെ കാണാതായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഏറെ അന്വേഷിച്ചതിനു ശേഷമാണ് ജോണിനെ കണ്ടെത്താനായത്. ഒരു തെരുവു ഗായകസംഘത്തോടൊപ്പമായിരുന്നു ജോണ്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ക്രിസ്ത്യാനിയും അവിശ്വാസിയും ഒരേപോലെ സമ്മേളിക്കുന്ന ജോണിന്റെ സവിശേഷതകള്‍ പാട്ടിനും ആട്ടത്തിനും പറ്റുന്നവയായിരുന്നു.

ഇറ്റലിയില്‍ അഗ്രഹാരത്തിലെ കഴുത എന്ന ചലച്ചിത്രത്തെക്കുറിച്ച് ആമുഖമായി ചിലതു പറഞ്ഞ് ജോണ്‍ തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങി. കുറച്ചുദിവസങ്ങളിലെ കുടിച്ചു കൂത്താടലിനു ശേഷം ശീതീകരിച്ച ആ മുറിയിലെ നിശ്ശബ്ദത ജോണിനെ കുറച്ചു നേരത്തേക്ക് ശാന്തനാക്കി. എന്നാല്‍ കേരളത്തിലെ ഒരു ആര്‍ട്ട് ഫിലിം സംവിധായകന്റെ സൗന്ദര്യശാസ്ത്രത്തെ ജോണില്‍ ഉണര്‍ന്നെണീറ്റിരിക്കുന്ന ജിപ്‌സി യുവാവിന്റെ ലഹരിശാസ്ത്രത്തിന് ഏറെനേരം സഹിച്ചിരിക്കാനായില്ല. വിദൂര സ്ഥലമായ ഇറ്റലിയിലെ ബ്രാഹ്മണ്യമായ തിരശ്ശീലയില്‍ തരികിടകളൊപ്പിച്ചുകൊണ്ടിരുന്ന സ്വന്തം കഴുതയ്ക്കുനേരെ ജോണ്‍ തന്റെ ഷൂ ഊരിയെടുത്ത് എറിഞ്ഞു!

പല കാര്യങ്ങളിലും ജോണ്‍ എബ്രഹാമും വൈരാഗിയായ വൈക്കം മുഹമ്മദ് ബഷീറും തമ്മില്‍ സാമ്യമുണ്ട്. ഒരിക്കല്‍ അക്കാദമിയിലെ സാഹിത്യപുരസ്‌കാരഫലകംകൊണ്ട് ഏറുകിട്ടിയ ഒരു കുറുക്കനെ തന്റെ വീട്ടുവളപ്പിന്റെ പിന്നാമ്പുറത്ത് ബഷീര്‍ എനിക്കു കാട്ടിത്തരികയുണ്ടായി. വെങ്കല മെഡലുകൊണ്ട് ഏറുകിട്ടിയതില്‍ കുറുക്കന് അഭിമാനം തോന്നിയിട്ടുണ്ടാവുമെന്നായിരുന്നു തുടര്‍ന്ന് ബഷീറിന്റെ പ്രതികരണം.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജോഷി ജോസഫിന്റെ കൊല്‍ക്കത്ത കോക്‌ടെയ്ല്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം