നെഞ്ചില്‍ തീ പോലെ കവിതയും കൊണ്ട് കടന്നുപോയ കവി എ.അയ്യപ്പന്റെ ഓര്‍മ്മ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നുബാറില്‍വെച്ചാണ് ഞാനാദ്യമായി ജോണിനെ കാണുന്നത്. ജോണിനെ പരിചയപ്പെടാവുന്ന യഥാര്‍ഥപശ്ചാത്തലം അതുതന്നെയായിരുന്നു. ഞാനന്ന് ജോണിനെപ്പോലെ കുടിക്കുമായിരുന്നോ? ഓര്‍മയില്ല. കുടിക്കാത്ത നേരങ്ങളില്‍ കുടിച്ച നേരങ്ങളെക്കുറിച്ച് ഓര്‍ത്തിരിക്കുന്ന ദുശ്ശീലം ഞങ്ങള്‍ക്കില്ലായിരുന്നു. ജോണ്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. അവനു മലയാളത്തേക്കാളിണങ്ങുന്ന ഭാഷ ഇംഗ്ലീഷായിരുന്നു. ജോണ്‍ എന്നെ തെറിവിളിക്കുമായിരുന്നു.

ബാറില്‍വെച്ചുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജോണിനെ കാണുന്നത് സ്റ്റാച്യുവില്‍നിന്നാണ്. സ്റ്റാച്യുവിനു മുന്നില്‍നിന്ന് എന്നെ കണ്ടപ്പോള്‍ 'അയ്യപ്പാ!' എന്നു തൊഴുതു. ജോണ്‍ മരിക്കുന്ന ആ യാത്ര പുറപ്പെട്ടത് എന്റെ മുറിയില്‍നിന്നാണ്. റംസാന്‍ മാസമായിരുന്നു അത്. കോഴിക്കോട്ടേക്കു പോരുന്നോ എന്നു ചോദിച്ചു. തെലുങ്കാനാസമരത്തെക്കുറിച്ച് പി. സുബയ്യാപ്പിള്ള എഴുതിയ നോവല്‍ അവന്റെ കൈയിലുണ്ടായിരുന്നു. അവനത് മറിച്ചു നോക്കി. ചില പേജുകള്‍ വായിച്ചു. എന്തോ ഓര്‍ത്ത് കുറേനേരം നിന്നു. അതുമായി അശോകാ ലോഡ്ജില്‍നിന്ന് പുറത്തിറങ്ങി. പുസ്തകം കൈയിലുണ്ടായിരുന്നു. പെട്ടെന്നുതന്നെ തിരിച്ചുവന്ന് നോവല്‍ മേശപ്പുറത്തു വെച്ച്, എന്റെ പോക്കറ്റില്‍നിന്ന് നൂറു രൂപയുമെടുത്ത് ഇറങ്ങി. ആ യാത്ര....

ജോണിന് ഉദാത്തമായ ഒരു മനസ്സുണ്ടായിരുന്നു. മഹത്തായ സിനിമകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവനുണ്ടായിരുന്നു. ജോണിനെക്കുറിച്ചു പറയുന്നതുപോലെ അവന്റെ സിനിമകളെക്കുറിച്ചും നന്നായി പറയണമെന്ന് എനിക്കാഗ്രഹമുണ്ട്. ആ ആഗ്രഹം അവനുണ്ടായിരുന്നോ എന്നെനിക്കറിയില്ല. നല്ല സിനിമകളുണ്ടാക്കുമെന്ന് അവനാര്‍ക്കും വാക്കുകൊടുത്തിട്ടുമില്ലല്ലൊ....

ചെറിയ കാര്യങ്ങളില്‍പ്പോലും അവനസ്വസ്ഥനാവുമായിരുന്നു. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അവനിഷ്ടമില്ലാത്ത പാട്ടു കേള്‍ക്കേണ്ടി വരുന്നതില്‍ അവനസ്വസ്ഥനായിരുന്നു. മദ്യപിച്ചാല്‍ എല്ലാ ബസ്സ് മുതലാളിമാരെയും തെറിപറയും.

നിലാവില്‍ ഒറ്റയ്ക്കിരിക്കാന്‍ ജോണിനിഷ്ടമായിരുന്നു. തെരുവിലൂടെ നടന്നുപോവാനും അവനിഷ്ടമായിരുന്നു.

മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ വായിച്ചു വളര്‍ന്നതു കൊണ്ടാണ് ഗുന്തര്‍ഗ്രാസ്സിനെയും ടി.എസ്. എലിയട്ടിനെയും തനിക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതെന്ന് അവന്‍ പറയുമായിരുന്നു. അവന്‍ ഫലിതങ്ങളുടെ പ്രവാചകനായിരുന്നു.

ഒരിക്കല്‍ പനി പിടിച്ചു കിടന്നപ്പോള്‍ ആശുപത്രി വാര്‍ഡില്‍ അവന്‍ വന്നു. മനോഹരമായ വിരലുകളാല്‍ അവനെന്റെ നെറ്റിയില്‍ തൊട്ടപ്പോള്‍ത്തന്നെ പനി മാറിയതുപോലെ തോന്നി. പൂക്കളെക്കുറിച്ച് ഒരു പുസ്തകം അവന്‍ എനിക്കു തന്നിരുന്നു.

അവന്റെ സിനിമാസ്വപ്നങ്ങളെ ലഹരിയുടെ കൊടുങ്കാറ്റ് കൊണ്ടുപോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അവന്റെ സ്വാതന്ത്ര്യം അവനെതിരായി നിന്നു. എപ്പോഴും ഇടശ്ശേരിയുടെ പൂതപ്പാട്ട് അവന്റെ ചുണ്ടിലുണ്ടായിരുന്നു. പനിച്ചുകിടക്കേ വാര്‍ഡില്‍ വന്ന ദിവസവും ജോണ്‍ പൂതപ്പാട്ടിന്റെ ചില വരികള്‍ ചൊല്ലി. കേട്ടിട്ടില്ലേ, തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍/ അയ്യയ്യാ വരവമ്പിളിപ്പൂങ്കുല/ മെയ്യിലണിഞ്ഞ കരിമ്പൂതം... അയ്യയ്യാ പാടി, ഒരു കൊള്ളിമീന്‍പോലെ എന്റെ ജോണ്‍ കടന്നുപോയി.

(കണ്ണീരിന്റെ കണക്കുപുസ്തകം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം