യൂറോപ്പിലും എഷ്യയിലുമായി വിഭജിക്കപ്പെട്ട് കിടക്കുന്ന, ഭരണഘടനയുടെ ഭാഗമായി മതേതരത്വം പുലര്‍ത്തുമ്പോഴും നിത്യജീവിതത്തില്‍ മതശാസനങ്ങളെ ആശ്ലേഷിക്കാന്‍ മടികാണിക്കാത്ത, സ്ത്രീകള്‍ക്ക് തുല്യാവകാശം നിലനില്‍ക്കുമ്പോഴും അഭിമാനക്കൊലകള്‍ വര്‍ധിക്കുന്ന, ഇത്തരം മറ്റനേകം വൈരുധ്യങ്ങളുടെ സങ്കലനമാണ് തുര്‍ക്കിഷ് സംസ്കാരം. ഈ വൈരുധ്യങ്ങളും തല്ഫലമായുള്ള സംഘര്‍ഷങ്ങളും അത് കൊണ്ട് തന്നെ സാധാരണക്കാരില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ദൃശ്യകലയായ സിനിമയിലും പ്രതിഫലിക്കാതെ തരമില്ല. ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നാല് തുര്‍ക്കിഷ് ചിത്രങ്ങളും ഇത്തരം സംഘര്‍ഷങ്ങളെ പല തലങ്ങളിലായി അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഓസ്കാന്‍ അല്പേര് സംവിധാനം ചെയ്ത മെമ്മറീസ് ഓഫ് ദി വിന്‍ഡ്, ടങ്ക് ദാവൂതിന്റെ എന്‍ടാംഗിള്‍മെന്റ്, ഡെനിസ് ഗാംസേ എര്ഗുവെന് എന്ന സംവിധായികയുടെ കന്നി ചിത്രമായ മസ്റ്റാങ്ങ്, സലിം എവ്ചിയുടെ സീക്രട്ട് എന്നിവയായിരുന്നു ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തുര്‍ക്കിഷ് സിനിമയെ പ്രതിനിധീകരിച്ചത്.

രണ്ടാം മഹാലോക യുദ്ധകാലത്ത് കമ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടി വരുന്ന ആറാം എന്ന ചിത്രകാരന്റെ ഒളിവ് ജീവിതത്തെ മുന്‍നിര്‍ത്തി ബന്ധങ്ങളുടെ സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുകയാണ് മെമ്മറീസ് ഓഫ് ദി വിന്‍ഡ് എന്ന ചിത്രം. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനി വിജയിക്കും എന്ന പ്രതീക്ഷയില്‍ തുര്‍ക്കി ജര്‍മന്‍ പക്ഷത്തേക്ക് ചായ്വ് പ്രകടിപ്പിച്ച് തുടങ്ങുകയും കമ്യൂണിസ്റ്റുകാരെയും മറ്റ് പുരോഗമന വാദികളെയും വേട്ടയാടുകയും ചെയ്യുന്നു. നഗരത്തിലെ ഒളിവ് ജീവിതം സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ സുഹൃത്തിന്റെ നിര്‍ദ്ദേശം മാനിച്ച്കരിങ്കടല് തീരത്ത് സോവിയറ്റ് ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ ഒളിച്ചു താമസിക്കാനെത്തുന്ന ആറാമിന് മിഖായേല്‍ അഭയം നല്കുന്നു. ഈ യാത്രക്കിടെ തന്റെ കാമുകിയേയും രാഷ്ട്രീയ, കലാപ്രവര്‍ത്തനങ്ങളേയും ആറാമിന് കൈവിടേണ്ടി വരുന്നു. തണുപ്പുകാലം കഴിഞ്ഞ് അതിര്‍ത്തി കടന്ന്! രക്ഷപ്പെടാനുള്ള പദ്ധതിക്ക് പ്രകൃതി തടസ്സം സൃഷ്ടിക്കുന്നു. ഒളിവ് ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളും കുട്ടിക്കാലത്തെ ദുരനുഭവത്തിന്റെ ഓര്‍മകളും മിഖായേലിന്റെ ഭാര്യ മറിയവുമായി ആത്മബന്ധത്തിലേക്ക് ആറാമിനെ നയിക്കുന്നു. ഇരട്ട ജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ ആറാമിന്റെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാകുന്നു. അതിമനോഹരമെങ്കിലും മനുഷ്യന്റെ കുതിപ്പുകളുടെ തടവറയാകുന്ന ഭൂപ്രകൃതി ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മറിയത്തെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഡതകളും സ്വയം പ്രകാശനത്തിനുള്ള മാര്‍ഗങ്ങള്‍ അടയുന്ന കലാകാരന്റെ നിസ്സഹായതയും ചിത്രത്തിന് അധികമാനങ്ങള് നല്‍കുന്നുണ്ട്. ചിത്രത്തിന്റെ പരിണാമ ഗുപ്തിയെ പാപത്തിന്റെ ശമ്പളം മരണമെന്നോ അല്ലലുകളില്ലാത്ത ലോകത്തെ ഒരുമിക്കലെന്നോ പ്രേക്ഷക താല്പര്യമനുസരിച്ച് വായിക്കാം. വാക്കുകളായി വിനിമയം ചെയ്യപ്പെടാതെ പോകുന്ന പിന്‍വിളികള്‍ ചിത്രത്തിലുടനീളം മാനസിക സംഘര്‍ഷങ്ങളെ പറയാതെ പറയുന്നുണ്ട്. ഭൂതകാലത്തിന്റെ ഗൃഹാതുരത്വത്തിനൊപ്പം മനുഷ്യന്റെയും പ്രകൃതിയുടെയും സൗമ്യവന്യ ദ്വന്ദ്വവും കൂട്ടിയിണക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചത് കൊണ്ടാണ് മേളയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രം മാറുന്നത്.

ഏറെക്കുറെ സമാനമായ വിജന ഭൂപ്രകൃതിയില്‍ ജീവിക്കുന്ന മരം വെട്ടുകാരായ സഹോദരന്മാരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്നാമതൊരാള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ പ്രമേയമാക്കുന്ന ചിത്രമാണ് എന്‍ടാംഗിള്‍മെന്റ്. സഹോദരന്മാരായ കെമലും സെമലും വ്യത്യസ്ത സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. അമ്മയുടെ വേര്‍പ്പാട് ഏറെ ബാധിച്ച അന്തര്‍മുഖനും ലോലമനസ്കനുമായ അനുജന് സെമലിനു കെമല്‍ പിതൃതുല്യമായ കരുതല്‍ നല്‍കുന്നുണ്ട്. ദുരൂഹമായ കാരണങ്ങളാല്‍ കെമലിനൊപ്പം വീട്ടിലെത്തുന്ന നാളാന് എന്ന സ്ത്രീയോട് രണ്ട് സഹോദരന്മാര്ക്കും തോന്നുന്ന അടുപ്പം അവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. സെമലിന്റെ സ്നേഹം നഷ്ടപ്പെട്ട മാതൃത്വത്തിനായുള്ള അന്വേഷണം കൂടിയാണ്. ഭീമാകാരനായ വളര്‍ത്തുനായയെപ്പോലും അലിവ് കൊണ്ട് ശാന്തശീലനാക്കുന്ന നാളാന് പക്ഷേ കെമലുമായി പൊരുത്തപ്പെടാന്‍ ആകുന്നുമില്ല. നായ പലപ്പോഴും പുറമേയ്ക്ക് വെളിപ്പെടാത്ത കെമലിന്റെ മനസ്സിന്റെ പ്രതീകം ആകുന്നുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി തിരിച്ച് പോകാനാഗ്രഹിക്കാത്ത നാളാന് തിരിച്ചയക്കപ്പെടുന്നു. ബന്ധങ്ങളിലെ സംഘര്‍ഷങ്ങളുടെ ഭാരം പേറേണ്ടി വരുന്നതും തിരസ്കരിക്കപ്പെടുന്നതും മിക്കപ്പോഴും എല്ലായിടത്തും സ്ത്രീ തന്നെയാണ്. വെളിച്ചത്തിന്റെ സശ്രദ്ധ വിന്യാസമാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. ഭാവങ്ങളുടെ പ്രകാശനത്തിന്, പ്രത്യേകിച്ചും കെമല്‍ എന്നാ കഥാപാത്രത്തിന് , അഭിനയത്തെക്കാള്‍ ആശ്രയിച്ചിട്ടുള്ളത് വെളിച്ചത്തിന്റെയും നിഴലിന്റെയും മിശ്രണം സാധ്യമാക്കുന്ന കാഴ്ച്ചയുടെ കേന്ദ്രീകരണ വികേന്ദ്രീകരണങ്ങളാണ്.
1930 കളില്‍ തന്നെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യസ്ഥാനം നല്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. പൊതുവിടങ്ങളില്‍ മത ചിഹ്നങ്ങള്‍ക്ക് വിലക്ക് കല്പ്പിക്കപ്പെടുകയും മതേതരമായ ഭരണസംവിധാനം പിന്തുടരുകയും ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്ത് ഇസ്ലാമിസ്റ്റുകള്‍ക്ക് ആശയ ഭൂരിപക്ഷം ലഭിക്കുകയും ഗ്രാമങ്ങളിലും, ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ തുടര്‍ന്ന്! നഗരങ്ങളിലും അടിച്ചമര്‍ത്തലുകളും ഗാര്‍ഹിക പീഡനവും അഭിമാനക്കൊലകളും വര്‍ദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലെ സ്ത്രീ അവസ്ഥകളെ പകര്‍ത്തിവെയ്ക്കാന്‍ സമകാലിക തുര്‍ക്കിഷ് സിനിമകള്‍ പലപ്പോഴും ശ്രമിക്കുന്നുണ്ട്. കന്യാചര്‍മ്മം എന്ന ദൃശ്യമല്ലാത്ത ശരീരഭാഗം സ്ത്രീയുടെ പരിധികളെ നിര്‍ണ്ണയിക്കുന്ന, മറ്റുള്ളവര്‍ക്ക് മുന്നില്‍ അവളെ അധീരയും അപമാനിതയുമാക്കുന്ന ലക്ഷ്മണരേഖയായി മാറുന്ന കാഴ്ച്ച സീക്രട്ടിലും മസ്റ്റാങ്ങിലും ഒരു പോലെ കാണാം. ഇതിവൃത്തങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും സൂക്ഷ്മ തലത്തില്‍ ഈ ചിത്രങ്ങള്‍ ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. പാശ്ചാത്യവല്‍കൃത ബാഹ്യഭൂഷകള്ക്കുള്ളില് തുടിക്കുന്ന യാഥാസ്ഥിതിക മതകേന്ദ്രീകൃത മനസ്സുകള്‍ രണ്ട് സിനിമയിലും വെളിപ്പെടുന്നുണ്ട്.
ആണിന്റെയും പെണ്ണിന്റെയും നീതികള്‍ രണ്ടായിരിക്കുകയും ഈ നീതികള്‍ ആണിനാല്‍ തീരുമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ച്ചകളും രണ്ട് ചിത്രങ്ങളുടേയും പൊതു ഘടകമാണ്. വിവാഹത്തിന് അനുയോജ്യയായി ഒരുക്കി നിര്‍ത്തപ്പെടുന്നവരാണ് രണ്ട് ചിത്രങ്ങളിലേയും പെണ്‍കുട്ടികള്‍. നഗര കേന്ദ്രീകൃത ജീവിതത്തില്‍ ബാഹ്യമായ സ്വാതന്ത്ര്യം അനുഭവിക്കുകയും അതേ സമയം പിതാവിന്റെ തീക്ഷ്ണ നിരീക്ഷണത്തിന് സദാ വിധേയയുമാണ് സീക്രട്ടിലെ നായിക ദുരു. ഇടയ്ക്കിടെയുള്ള കന്യകാത്വ പരിശോധനയ്ക്ക് ദുരുവും സഹോദരിയും വിധേയയാകുന്നുണ്ട്. അതേ സമയം വിദേശിയായ സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ അയാള്‍ മതനിയമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. തന്റെ കൂട്ടുകാരിയുടെ പിതാവായ പ്രശസ്ത സംഗീതജ്ഞനുമായി ദുരുവിനുണ്ടാകുന്ന ശാരീരിക ബന്ധം സംഘര്‍ഷത്തിലേക്കും ആ ബന്ധത്തിന്റെ തകര്‍ച്ചയിലേക്കും നയിക്കുന്നു. തന്റെ കന്യകാത്വം വീണ്ടെടുക്കാന്‍ കാമുകന്റെ മകളെത്തന്നെ ആശ്രയിക്കുകയും ചെയ്യുന്നു. യാഥാസ്ഥിതിക മൂല്യബോധത്തെ അബോധമായി പിന് പറ്റെണ്ടി വരുന്ന ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാണ് ദുരു. വീടിന്റെ ഏകാന്തതകളില്‍ ഒറ്റപ്പെടുന്ന വഞ്ചിക്കപ്പെടുന്ന വീട്ടമ്മയായ ദുരുവിന്റെ അമ്മയും മറ്റൊരു സ്ത്രീ അവസ്ഥയുടെ ചിത്രത്തിലെ പ്രതിനിധാനമാണ്. ബാഹ്യമായ മോടികള്‍ക്കപ്പുറം സ്ത്രീസ്വത്വത്തെ വരിഞ്ഞുമുറുക്കുന്ന നിയമങ്ങളും, വിവാഹ യോഗ്യയായിരിക്കുക എന്നത് മാത്രം പെണ്ണിന്റെ യോഗ്യതയായി കരുതുന്ന സമൂഹവും രണ്ട് സിനിമകളിലും ആവര്‍ത്തിക്കുന്നുണ്ട്.

അഞ്ച് സഹോദരിമാരുടെ നിഷ്കളങ്കമായ പ്രവര്‍ത്തി വീടാകുന്ന തടവറയിലേക്ക് അവരെ തള്ളിയിടുന്ന കാഴ്ച്ചയാണ് മസ്റ്റാങ്ങ് കാണിച്ച് തരുന്നത്. അനാഥരായ അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഇവിടെ അമ്മാവനാണ്. അപമാനകരമായ കന്യകാത്വ പരിശോധനയിലേക്കും തിന്മയുടെ പ്രതീകങ്ങളായി യാഥാസ്ഥിതികത്വം കാണുന്ന ടി.വി, ടെലഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ എല്ലാ ആധുനിക ഉപകരണങ്ങളുടെയും നിരോധനത്തിലേക്കും അത് നീളുന്നു. പഠനം നിര്‍ത്തി ഭാര്യാ പദവിയ്ക്കുള്ള പരിശീലനം തുടങ്ങുന്നു. ഇതിനെ അതിലംഘിക്കാന്‍ അവര്‍ ആവോളം ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇളയ കുട്ടിയായ ലാലേ. എങ്കിലും പുറത്തേക്കുള്ള എല്ലാ വഴികളും അടച്ച് കാഴ്ച്ചകള്‍ പോലും അപ്രാപ്യമായ ജയിലാക്കി വീടിനെ മാറ്റുന്നു. ഈ മതില് കെട്ടല്‍ കഥാന്ത്യത്തില്‍ വഴികള്‍ അടച്ചവര്‍ക്ക് തന്നെ വെല്ലുവിളിയാകുന്ന ഐറണിയും സിനിമയില്‍ കാണാം. തുടര്‍ന്നുള്ള സംഭവങ്ങള്‍ രണ്ട് പേരുടെ വിവാഹത്തിലേക്ക് നയിക്കുന്നു.ചോരപ്പാടുകള്ഇല്ലാത്ത കിടക്ക വിരി പെണ്ണിന്റെ അഭിമാനത്തിന് മേല്‍ ചോദ്യചിഹ്നമായി മാറുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ അമ്മാവന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ സംവിധായിക പരാജയപ്പെടുന്നുണ്ട്. ഇളയ രണ്ട് പെണ്‍കുട്ടികള്‍ സാഹസികമായി രക്ഷപ്പെടുന്നതില് വിജയിക്കുന്നു. അഴിച്ചിട്ട നീണ്ട മുടി സ്വാതന്ത്ര്യ ദാഹത്തിന്റെ ശക്തമായ രൂപകം ആകുന്നുണ്ട് ചിത്രത്തില്‍. വടിവുകള്‍ പുറത്ത് കാട്ടാത്ത നിറപ്പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ അണിയിച്ച് മുടി ഒതുക്കിക്കെട്ടിയാണ് അമ്മൂമ്മ പേരക്കുട്ടികളെ വിവാഹത്തിന് മുന്നോടിയായി സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങുന്നത്. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള കൂടുമാറ്റത്തെത്തുടര്ന്ന് ഉണരുന്ന ശാരീരിക ബോധവും തല്ഫലമായുള്ള സ്വാതന്ത്ര്യ മോഹവും ചിത്രത്തില്‍ ശക്തമായി ആവിഷ്കരിക്കുന്നുണ്ട്. കിടക്കയിലെ പ്രതീകാത്മക നീന്തല്‍ മത്സരം തടഞ്ഞുവെക്കപ്പെടുന്ന ശാരീരിക ഊര്‍ജ്ജത്തിന്റെ അബോധമായ ബഹിര്സ്ഫുരണമാകുന്നു. പെണ്‍കുട്ടികള്‍ മാത്രം കാണികള്‍ ആയുള്ള ഫുട്ബോള്‍ മത്സരം ഗാലറിയുടെ മാത്രം ചിത്രീകരണത്തിലൂടെ ഫലപ്രദമായി ആവിഷ്കരിക്കുന്നു. ട്രക്കില്‍ ഇടയ്ക്കിടെ എത്തുന്ന സെയില്‍സ്മാനായ യാസീന്‍ എന്ന യുവാവ് പുറം ലോകവുമായുള്ള ഏക കണ്ണിയും ഒടുവില്‍ രക്ഷപ്പെടലിനുള്ള വാതിലുമാകുന്നുണ്ട്. പെണ്ണവസ്ഥകളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കുന്ന ഇയാളെ ശുഭസൂചകമായ പ്രതീകമായി അടയാളപ്പെടുത്താം. ഇന്ത്യന്‍ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും എന്നത് ചിത്രത്തെ മേളയില്‍ പ്രിയങ്കരമാക്കിയിരുന്നു. എങ്കിലും അഞ്ച് സഹോദരിമാരുടെ കഥ എന്നതിനപ്പുറം സാമൂഹികസാഹചര്യങ്ങളോട് കഥയെ ഫലപ്രദമായി കൂട്ടിയിണക്കാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടില്ല. ചോദ്യങ്ങള്‍ അവസാനിക്കാതിരിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമകളുടെ കാലിക, കാലാന്തര പ്രസക്തി.
sangeethachenampulli@gmail.com