തിരുവനന്തപുരത്ത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി രമ്യ തിയറ്ററില്‍ 'ദി പേള്‍ ബട്ടണ്‍' (The Pearl Button ) എന്ന ചിലിയന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ട് സംഗതികള്‍ ശ്രദ്ധേയമായി തോന്നി. സാധാരണ ഒരു ഡോക്യുമെന്ററിക്ക് പ്രതീക്ഷിക്കാവുന്നതിലും വലിയ സദസ്സായിരുന്നു അവിടെ എന്നതായിരുന്നു ആദ്യത്തെ സംഗതി. ഒറ്റ സീറ്റ് പോലുമില്ലാതെ എല്ലാറ്റിലും പ്രേക്ഷകര്‍ ഇടംപിടിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടത്ത് സാധാരണ സംഭവിക്കാറുള്ള കാര്യമാണ്, കുറച്ചുകഴിയുമ്പോള്‍ ആളുകള്‍ ഇറങ്ങിപ്പോവുക എന്നത്. ഇവിടെ അതും സംഭവിച്ചില്ല. ചുരുക്കം ചിലര്‍ മാത്രമേ പ്രദര്‍ശനവേളയില്‍ തിയേറ്റര്‍ വിട്ടുള്ളൂ. ശ്രദ്ധേയമായി അനുഭവപ്പെട്ട രണ്ടാമത്തെ സംഗതി ഇതാണ്. മാത്രമല്ല, 82 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള ചിത്രം കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ നീണ്ട കൈയടിയും മുഴങ്ങി.

The Pearl Button

ഇരുപതാം അന്തരാഷ്ട്രമേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 'പേള്‍ ബട്ടണ്‍'. അതിന് ചേര്‍ന്ന സ്വീകരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചതെന്ന് തിയറ്ററിലെ അനുഭവം തെളിയിക്കുന്നു. 

പ്രസിദ്ധ ചിലിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ പട്രിഷ്യോ ഗുസ്മാന്‍ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ജലമാണ് വിഷയം. ചിലിയുടെ ചരിത്രമാണ് പശ്ചാത്തലം. ജീവിതവും മരണവുമായി ജലം പരിണമിക്കുന്നതാണ് പ്രമേയം. 

ഓര്‍മകളുടെ ചരടില്‍ ചരിത്രത്തെ കോര്‍ത്താണ് ജലത്തിന്റെയും സമുദ്രത്തിന്റെയും കഥ അവതരിപ്പിക്കുന്നത്. അതിലൂടെ പഴയ ചിലിയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെയും പുതിയ ചിലിയിലെ ഏകാധിപത്യവാഴ്ചയുടെയും ക്രൂരതകള്‍ അനാവരണം ചെയ്യപ്പെടുന്നു. ഒരു 'പവിഴ ബട്ടണ്‍' നല്‍കി ചിലിയിലെ ആദിമനിവാസിയെ വിലയ്ക്കു വാങ്ങുന്ന യൂറോപ്യന്‍ ക്യാപ്റ്റനും, കുപ്പായത്തിലെ ബട്ടണ്‍ മാത്രം അവശേഷിപ്പിച്ച് മനുഷ്യജീവനുകളെ സമുദ്രത്തില്‍ കെട്ടിത്താഴ്ത്തിയ ഏകാധിപതിയും ക്രൂരതയുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി പരിണമിക്കുന്നത് പ്രേക്ഷകന്‍ അനുഭവിച്ചറിയുന്നു. 

The Pearl Button

ജലത്തെക്കുറിച്ചുള്ള ഏത് ചിത്രീകരണത്തിലും ഒഴിവാക്കാനാവാത്തതെന്ന് കരുതുന്ന ഒരുപിടി കാര്യങ്ങളുണ്ട്. പലതും ക്ലീഷേകള്‍. അത്തരം ഒരു സംഗതിയും പറയാതെയാണ് 'പേള്‍ ബട്ടണ്‍' മുന്നേറുന്നത്. ഒരു കവിത പോലെ, ചരിത്രപാഠം പോലെ, സാംസ്‌ക്കാരിക പഠനം പോലെ ചിത്രം നമ്മളെ അറിയാത്ത തീരങ്ങളിലേക്കും കാണാത്ത കാഴ്ചകളിലേക്കും നയിക്കുന്നു. 

ഭൂമിയിലെ ഏറ്റവും വരണ്ട അന്തരീക്ഷമുള്ള പ്രദേശമാണ് ചിലിയിലെ അറ്റകാമ മരുഭൂമി (Atacama Desert). അതുകൊണ്ടാണ് ഭൂമുഖത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പുകള്‍ ആ മരുഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭീമന്‍ ടെലസ്‌കോപ്പ് നിരയുടെ ദൃശ്യം കാട്ടിക്കൊണ്ട് പേള്‍ ബട്ടണ്‍ ആരംഭിക്കുന്നു. 'ലോകത്തെ ഏറ്റവും വരണ്ട ഈ മരുഭൂമിയില്‍നിന്ന് വിദൂരപ്രപഞ്ചത്തിലെ ജലസാന്നിധ്യം തേടുകയാണ് മനുഷ്യന്‍, പുതിയ ഗ്രഹങ്ങളില്‍, പുതിയ നക്ഷത്രപഥങ്ങളില്‍' എന്ന നാടകീയ പ്രസ്താവനയോടെ തുടങ്ങുന്ന ചിത്രം, ഭൂമിയില്‍ ജലമെത്തിയത് വാല്‍നക്ഷത്രങ്ങളില്‍ നിന്നാണെന്ന് പ്രസ്താവിച്ച് കൊണ്ട് പ്രേക്ഷകനെ നയിക്കുന്നത്, തെക്കന്‍ പാറ്റഗോണിയ (Patagonia) മേഖലയിലെ വിചിത്രവും വിശാലവുമായ ജലലോകത്തേക്കാണ്. അഗ്നിപര്‍വ്വതങ്ങളും ഹിമാനികളും നിറഞ്ഞ തെക്കന്‍ പാറ്റഗോണിയയുടെ സ്‌തോഭജനകമായ ഭൂപ്രകൃതിയെ പരിചയപ്പെടുത്തുന്നതിനൊപ്പം, അവിടെ കടലിനെയും വെള്ളത്തെയും ജീവിതമായി കണ്ട ആദിമനിവാസികളുടെ ജീവിതത്തിലേക്ക് ചിത്രം എത്തുന്നു. 

The Pearl Button
സംവിധായകന്‍ പട്രിഷ്യോ ഗുസ്മാന്‍

ചിലിയുടെ പെസഫിക് തീരം 4200 കിലോമീറ്ററിലേറെ നീളമുള്ളതാണ്. ഇത്രയും സമുദ്രസാന്നിധ്യമുണ്ടെങ്കിലും, ആ സമുദ്രത്തെ പ്രയോജനപ്പെടുത്താന്‍ ചിലിക്ക് കഴിയുന്നില്ല എന്നകാര്യം ചിത്രം ചൂണ്ടിക്കാട്ടുന്നു. ആ സമുദ്രതീരത്തില്‍ വലിയൊരു പങ്ക് വരുന്ന തെക്കന്‍ പാറ്റഗോണിയ മേഖലയിലാണ് ലോകത്തെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളുള്ളത്. അവിടെ കാലങ്ങളായി കഴിഞ്ഞ പ്രാചീന വര്‍ഗങ്ങള്‍ക്ക് സമുദ്രമായിരുന്നു ജീവനും ജീവിതവും. കുട്ടിക്കാലത്ത് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം 4000 കിലോമീറ്റര്‍ കടലില്‍ സഞ്ചരിച്ചിട്ടുള്ള ഒരു മുത്തശ്ശി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നുണ്ട്. അവിടുത്തെ ആദിമനിവാസികളില്‍ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ള പ്രായമേറിയ അംഗങ്ങള്‍ വേറെയും തങ്ങളുടെ സാക്ഷ്യങ്ങള്‍ നല്‍കുന്നുണ്ട്. പാറ്റഗോണിയയിലെ ആദിമനിവാസികളുടെ ഹൃദയസ്പന്ദനങ്ങള്‍ അറിയാവുന്ന ഒരു കവിയും, വെള്ളത്തിന്റെ സംഗീതം ഗവേഷണവിഷയമാക്കിയ നരവംശശാസ്ത്രജ്ഞനുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നു. 

പ്രായമായ ഒരു സ്ത്രീയോട് സംവിധായകന്‍ അവരുടെ ഭാഷയിലെ വാക്കുകളുടെ അര്‍ഥം ചോദിക്കുന്ന രംഗമുണ്ട്. അത്ഭുതകരമായ ഒരു വെളിപ്പെടുത്തലോടെയാണ് അത് അവസാനിക്കുന്നത്. ചോദിച്ച മറ്റ് വാക്കുകളുടെയെല്ലാം, പ്രാചീന ഭാഷയിലെ അര്‍ഥം ആ മുത്തശ്ശി പറഞ്ഞുകൊടുത്തു. ഒടുവില്‍ 'ദൈവം' എന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഇല്ല, 'ദൈവം' ഇല്ല. അങ്ങനയൊരു വാക്ക് ഞങ്ങള്‍ക്കില്ല'! 

The Pearl Button

1930ല്‍ പാറ്റഗോണിയ മുനമ്പ് ചുറ്റിവന്ന ഇംഗ്ലീഷ് കപ്പിത്താന്‍ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയ്, അവിടുത്തെ യൂറോപ്യന്‍ അധിനിവേശത്തിന് തുടക്കം കുറിക്കുന്നു. ('ബീഗിള്‍' എന്ന കപ്പലിന്റെ ആദ്യയാത്രയില്‍, 1830 ല്‍ ആണ് ഫിറ്റ്‌സ്‌റോയിയും സംഘവും അവിടെ എത്തിയത്. ഇതേ കപ്പലിന്റെ രണ്ടാമത്തെ പര്യവേക്ഷണത്തിലാണ് സാക്ഷാല്‍ ചാള്‍സ് ഡാര്‍വിന്‍ ഉണ്ടായിരുന്നതെന്ന കാര്യം ഓര്‍ക്കുക). പാറ്റഗോണിയയിലെ ആദിമനിവാസികളുടെ രേഖാചിത്രങ്ങള്‍ ആദ്യമായി തയ്യാറാക്കിയത് ഫിറ്റ്‌സ്‌റോയ് ആണ്. ഒരു 'പവിഴ ബട്ടണ്‍' ( mother-of-pearl button ) നല്‍കി അവിടെ നിന്ന് ജിമ്മി ബട്ടണ്‍ എന്ന ആദിമനിവാസിയെ ഫിറ്റ്‌സ്‌റോയ് വിലയ്ക്ക് വാങ്ങുന്നത് അപ്പോഴാണ്. അവിടെ നിന്ന് തുടങ്ങുന്നു യൂറോപ്യന്‍ അധിനിവേശത്തിന്റെയും മതംമാറ്റത്തിന്റെയും ക്രൂരതയുടെ ചരിത്രം. 

സിനിമയുടെ ഇങ്ങേത്തലയ്ക്ക് നമ്മള്‍ കാണുന്നത് അഗസ്‌തോ പിനോഷെയെന്ന ഏകാധിപതിയുടെ ക്രൂരതകള്‍ വിദൂര പാറ്റഗോണിയന്‍ മേഖലയിലെ ആദിമനിവാസികളെയും തേടിയെത്തുന്നതാണ്. സാല്‍വദോര്‍ അലന്‍ഡേ എന്ന സോഷ്യലിസ്റ്റ് പ്രസിഡന്റാണ് ആദിമനിവാസികളുടെ ഉന്നമനത്തിന് ആദ്യമായി നടപടിയെടുത്തത്. 1973 ല്‍ അമേരിക്കന്‍ സഹായത്തോടെ അലന്‍ഡേ കൊലചെയ്യപ്പെടുകയും ഭരണം പിനോഷെ പിടിച്ചെടുക്കുകയും ചെയ്തതോടെ ഭീകരതയുടെ നീണ്ടദിനങ്ങള്‍ ആരംഭിക്കുന്നു.

ഏകാധിപത്യഭരണകാലത്ത് ചിലിയില്‍ പ്രവര്‍ത്തിച്ചിരുന്ന എണ്ണൂറോളം രഹസ്യപീഡന കേന്ദ്രങ്ങളില്‍ ചിലത് തെക്കന്‍ പാറ്റഗോണിയയിലായിരുന്നു. കടലിനെ ജീവനും ജീവിതവുമായി കാലങ്ങളായി കണ്ട ആദിമനിവാസികളെ, അലന്‍ഡേയ്ക്ക് പിന്തുണ നല്‍കിയവരെന്നാരോപിച്ച് പട്ടാളഭരണകൂടം വേട്ടയാടി. റെയില്‍പാളങ്ങളുടെ കഷണങ്ങളില്‍ ജീവനോടെ മനുഷ്യരെ കൂട്ടിക്കെട്ടി ചാക്കിലാക്കി പട്ടാള ഹെലികോപ്റ്ററുകളില്‍ കടലില്‍ കൊണ്ടുപോയി താഴ്ത്തുകയായിരുന്നു പതിവ്. 

ആ ഇരുണ്ട വര്‍ഷങ്ങളില്‍ ദുരൂഹമായി അപ്രത്യക്ഷരായ നൂറുകണക്കിന് നിരപരാധികള്‍ക്ക് എന്തുസംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്, പിനോഷെ ഭരണം അവസാനിച്ച ശേഷമാണ്. പുതിയ ഭരണകൂടം പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി കടലിന്നടിയില്‍ തിരച്ചില്‍ നടത്തുമ്പോള്‍ തുരുമ്പെടുത്ത് നശിക്കാറായ റെയില്‍പാളങ്ങളുടെ കഷണങ്ങള്‍ കണ്ടെടുക്കുന്നതോടെ, ക്രൂരതയുടെ പുതിയൊരു മുഖം ചിലി നടുക്കത്തോടെ തിരിച്ചറിയുകയായിരുന്നു. അങ്ങനെ കണ്ടെടുത്ത ഒരു റെയില്‍പാളത്തില്‍ തുരുമ്പിനും പായലിനുമൊപ്പം ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു കുപ്പായ ബട്ടണ്‍ അതിലൊരു ജീവനുണ്ടായിരുന്നു എന്നതിന് തെളിവാകുന്നു. 

കാലത്തിന്റെ രണ്ടറ്റങ്ങളെ, രണ്ട് കാലത്തെ ക്രൂരതകളെ സമുദ്രത്തിന്റെയും ജലത്തിന്റെയും സാന്നിധ്യത്തില്‍ കൂട്ടിക്കെട്ടിക്കൊണ്ട് ചിത്രം അവസാനിക്കുന്നു. കാലത്തിലൂടെ നടത്തിയ ആ ജലയാത്രയില്‍ നിന്ന് പ്രേക്ഷകന് മുക്തനാകാന്‍ പിന്നെയും നിമിഷങ്ങള്‍ വേണ്ടിവരുന്നു!