തിരുവനന്തപുരം: ഗാസ്?പര്‍ നോവിന്റെ ഫ്രഞ്ച്‌ബെല്‍ജിയം ചിത്രം 'ലൗ'വിന്റെ രണ്ടാമത്തെ പ്രദര്‍ശനത്തിനും ഈ മേള കണ്ട വലിയ തള്ളിക്കയറ്റം. വ്യാഴാഴ്ച രാത്രി 9.30ന് രമ്യ തിേയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ വൈകീട്ട് ഏഴോടെ തിേയറ്റര്‍ മുറ്റത്ത് ആളെത്തിത്തുടങ്ങി. എട്ടോടെ തിേയറ്റര്‍ പരിസരം വാഹനങ്ങളെയും ഡെലിഗേറ്റുകളെയുംകൊണ്ട് നിറഞ്ഞു. ഇതോടെ തിേയറ്ററിന് മുന്‍വശത്തെ റോഡും ബ്ലോക്കായി. തലേദിവസം ഈ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് നിശാഗന്ധിയിലുണ്ടായ തിരക്കും സംഘര്‍ഷവും മുന്നില്‍ക്കണ്ട് കൂടുതല്‍ വളണ്ടിയര്‍മാരെയും പോലീസിനെയും രമ്യ തിേയറ്ററില്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ ഇവര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു.

മേളയിലെ നല്ല സിനിമകള്‍ കാണാനുള്ള അവസാന അവസരം എന്ന നിലയില്‍ ആ സിനിമകള്‍ പ്രദര്‍ശിപ്പിച്ച തിേയറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റവും കണ്ടു. മത്സരവിഭാഗത്തില്‍ യോന(കൈരളി), ക്ലാരിസ് ഓഫ് സംതിങ് എബൗട്ട് അസ്, ഇമ്മോര്‍ട്ടല്‍, ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍(ശ്രീ), ദ ബ്ലാക്ക് ഹെന്‍ (കലാഭവന്‍), പ്രൊജക്ട് ഓഫ് ദ സെഞ്ച്വറി, ജലാല്‍സ് സ്റ്റോറി (ശ്രീവിശാഖ്) എന്നീ ചിത്രങ്ങളാണ് വ്യാഴാഴ്ച പ്രദര്‍ശിപ്പിച്ചത്.
മത്സരസിനിമകളേക്കാള്‍ നല്ല അഭിപ്രായം കേള്‍പ്പിച്ച ലോകസിനിമാ വിഭാഗത്തിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം കാഴ്ചക്കാരുടെ മുന്നിലെത്തി. പലസ്തീന്‍ ചിത്രം ദ ഐഡല്‍, ഇറാന്‍ ചിത്രം ടാക്‌സി, കൊളംബിയന്‍ ചിത്രം എംബ്രേസ് ഓഫ് ദ സര്‍പന്റ്, തുര്‍ക്കി ചിത്രം മുസ്താങ്, ജര്‍മ്മന്‍ ചിത്രം വിക്ടോറിയ, പലസ്തീന്‍ഫ്രഞ്ച് ചിത്രം ഡീഗ്രേഡ്, പാക് ചിത്രം മൂര്‍, മലയാള ചിത്രം ഒഴിവുദിവസത്തെ കളി തുടങ്ങിയ സിനിമകള്‍ക്കായിരുന്നു കാണികളേറെയും.
മേള സമാപിക്കുന്ന വെള്ളിയാഴ്ച കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ സര്‍ക്കാര്‍ തിേയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനമുള്ളത്. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന പുരസ്‌കാരദാനച്ചടങ്ങുകളോടെ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴും.

ഇന്ന് സമാപനം


കാഴ്ചയുടെ ഉത്സവത്തിന് വെള്ളിയാഴ്ച നിശാഗന്ധിയില്‍ കൊടിയിറക്കം. വൈകുന്നേരം ആറിന് നടക്കുന്ന ചലച്ചിത്രമേളയുടെ ഔദ്യോഗിക സമാപനസമ്മേളനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യാതിഥിയാകും. ഇരുപതാമത് ചലച്ചിത്രമേളയിലെ അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, കെ.മുരളീധരന്‍ എം.എല്‍.എ., സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്.രാജേന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഈ വര്‍ഷത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഐ.എഫ്.എഫ്.കെ. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിക്ക് ചടങ്ങില്‍ സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സുവര്‍ണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകരുടെ സിനിമയ്ക്കും നല്‍കുന്ന രജതചകോരങ്ങള്‍, ഫെഫ്ക പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ മാസ്റ്റേഴ്‌സ് അവാര്‍ഡ്, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍, മികച്ച തിയേറ്ററിനുള്ള രണ്ട് അവാര്‍ഡുകള്‍, മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡുകള്‍ എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് അവാര്‍ഡ് പ്രഖ്യാപനം നടത്തും. ഗവര്‍ണര്‍ പി.സദാശിവം പുരസ്‌കാര വിതരണം നടത്തും.
സുവര്‍ണചകോരം ലഭിച്ച ചിത്രത്തിന്റെ പ്രദര്‍ശനം സമാപന ചടങ്ങിനുശേഷം നിശാഗന്ധിയില്‍ നടക്കും. ഫിപ്രസി അവാര്‍ഡ് ലഭിച്ച ചിത്രം ടഗോര്‍ തിയേറ്ററിലും നെറ്റ്പാക് അവാര്‍ഡ് ലഭിച്ച ചിത്രം കലാഭവനിലും പ്രദര്‍ശിപ്പിക്കും.