തിരുവനന്തപുരം: പൊടി പിടിച്ച തിരശ്ശീല, കറ പിടിച്ച ഫിലിമുകള്‍, മനസിലാകാന്‍ കഴിയാത്ത ശബ്ദ സംവിധാനം, ഇതെല്ലാമായിരുന്നു അവാര്‍ഡ് പടങ്ങളെന്ന് പലരും പരിഹസിച്ചിരുന്ന ചലച്ചിത്രമേളയിലെ പ്രദര്‍ശനങ്ങളുടെ പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്നാല്‍ മിഴിവുളള ദൃശ്യങ്ങള്‍, മികച്ച ശബ്ദ സംവിധാനം എന്നിവ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ഈ ദൃശ്യവിരുന്നിന് നന്ദിപറയേണ്ടത് സാറ്റ്‌ലൈറ്റ് പ്രൊജക്ഷനായ ക്യൂബ് സിനിമയ്ക്കും ചലച്ചിത്രമേളയുടെ സാങ്കേതിക സഹകരണം നടത്തുന്ന റിയല്‍ ഇന്ത്യ മീഡിയ ടെക്‌നോളജീസിനുമാണ്. എല്ലാ തിയേറ്ററിലും സിനിമ തുടങ്ങുന്നതിനു മുമ്പ് അതിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ കൃത്യമായി സെറ്റ് ചെയ്യുന്നതും ആര്‍ ഐ എം ടിയാണ്. ഇരുപത് എന്‍ജിനീയര്‍മാരും, കോ ഓര്‍ഡിനേറ്റര്‍മാരുമാണ് ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്. 

കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക മേഖലയില്‍ സിനിമയെന്നത് അവിഭാജ്യഘടകമാണ്. അത് നിലനിറുത്തുന്നതില്‍ ക്യൂബ് സിനിമയ്ക്കും റിയല്‍ ഇമേജിനുമുളള പങ്ക് വളരെ വലുതാണെന്നും സംവിധായകനും ചലച്ചിത്രമേള ഉപദേശക സമ്മിതി ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഡിജിറ്റല്‍ സിനിമയെ വലിയ വിഭാഗം സിനിമ പ്രേമികള്‍ക്ക് മുന്നിലെത്തിച്ചതിലൂടെ റിയല്‍ ഇമേജ് തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ ഇമേജ് ഇല്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള സാധ്യമാവുകയില്ലായിരുന്നെന്നും ഷാജി എന്‍ കരുണ്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ചലച്ചിത്രമേഖലയിലും  പ്രക്ഷേപണ സാങ്കേതിക വിദ്യയിലും മികവ് തെളിയിക്കുന്ന സ്ഥാപനമാണ് ക്യൂബ് സിനിമ. ഡിജിറ്റല്‍ സിനിമയുടെ അനുഭവം തിയേറ്ററുകളില്‍ എത്തിച്ചതിലൂടെ നിരവധി വിതരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ ജനങ്ങളിലേക്കെത്തിക്കാന്‍ ക്യൂബ് സിനിമ സഹായിച്ചിട്ടുണ്ട്.