മലയാള സബ്ടൈറ്റിലുമായി ഇറാന് സിനിമ 'നാഹിദ്'. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനത്തിലാണ് ചിത്രം മലയാള പരിഭാഷ സബ്ടൈറ്റില്‍ നല്കി പ്രദര്‍ശിപ്പിച്ചത്. സംവിധാകന് കെ. ശ്രീക്കുട്ടനാണ് പരിഭാഷ തയ്യാറാക്കിയത്. അന്യഭാഷാചിത്രമെന്ന അപരിചിതത്വം ഇല്ലാതെ സിനിമയെ മനസിലാക്കാന്‍ ഇത് പ്രേക്ഷകരെ സഹായിച്ചു.
ടെക് ജെമിനി ഇന്‍ഫോ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലായിരുന്നു പരിഭാഷ ഒരുക്കിയത്. മേളയുടെ ഉപദേശക സമിതി അംഗം ഷാജി എന്‍. കരുണിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിഭാഷ തയ്യാറാക്കിയത്. മേള ആരംഭിക്കുന്നതിന് മൂന്നുദിവസം മുന്‍പാണ് സബ് ടൈറ്റിലിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു. ഭാഷാ വിദഗ്ദ്ധന്റെ സേവനവും കൃത്യമായ ടൈം കോഡും ലഭ്യമായാല്‍ സോഫ്റ്റ്വെയറിലൂടെ ഏത് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പാവക്കൂത്ത്, ഓ ഫാബി, തക്ഷശില, കനല്‍കിരീടം എന്നീ ചിത്രങ്ങളാണ് ശ്രീകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ചിത്രത്തിന് സബ്ടൈറ്റില്‍ തയ്യാറാക്കിയത്. നൂറ്റിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിനായി തനിമ ചോരാതെ തന്നെ വാക്കുകള്‍ തിരഞ്ഞെടുത്ത് കൃത്യമായ ഫ്രെയിമിനുള്ളില്‍ സംഭാഷണം അവതരിപ്പിക്കുകയായിരുന്നു. ചലച്ചിത്രമേളയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആദ്യമായാണ് പൊതുജനത്തിനായി പ്രദര്‍ശനം സംഘടിപ്പിച്ചത്.