സത്യം. അമ്മയാണെ അതങ്ങനെയല്ല. ദാരുഷ് മെഹ്‌റൂജിയുമായി സംവാദത്തിന് കയറിയതാണ്. അല്ലാതെ അടുത്ത ഷോയ്ക്ക് സീറ്റ് പിടിക്കാനല്ല. സിഗ്‌നേച്ചര് ഫിലിം സ്‌ക്രീനില് പതിഞ്ഞപ്പോള് ഒരു ഫെസ്റ്റിവല് പറവയുടെ പ്രതിവചനം. ടാഗോറിലാണ് സംഭവം. ബോപെം കാണാന് ക്യൂ നീണ്ട് ശ്രീമൂലം ക്ലബിന്റെ ദിശയിലേക്ക് നീങ്ങുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറര കഴിഞ്ഞിട്ടും ക്യൂ തിങ്ങിനിറഞ്ഞ് മേഘാവൃതമായിരിക്കുകയാണ്.    
ക്യൂ മാത്രം അനങ്ങുന്നില്ല. ആറര കഴിഞ്ഞതോടെ ആളുകള്ക്ക് ക്ഷമനശിച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് ഗുട്ടന്‌സ് പിടികിട്ടിയത്. നേരത്തേ ദാരുഷ് മെഹ്‌റൂജിയുമായി സംവാദത്തിനെന്ന പേരില് കയറിക്കൂടിയവര് സീറ്റുവിട്ട് പുറത്തേക്കിറങ്ങിയിട്ടില്ല. ഇനിയൊട്ട് ഇറങ്ങുകയുമില്ല. ബോപെം കണ്ടേ മടങ്ങൂ.    

 ദാരുഷ് മെഹ്‌റൂജിയുമായുള്ള ചര്ച്ചയ്ക്ക് തിങ്ങിനിറഞ്ഞ സദസ്സുകണ്ട് കണ്ണുനിറഞ്ഞുപോയത് സംഘാടകര്ക്കാണ്. എന്തൊരു വിനയം. സിനിമാസ്‌നേഹത്തിന്റെ ഏറ്റവും വലിയ ലോകമാതൃക. ദാരുഷ് മെഹ്‌റൂജിയുടെ മനസ്സും നിറഞ്ഞിരിക്കണം. കാരണം ഇത്രയും സമ്പന്നമായ സദസ്സിന് മുമ്പാകെയാണ് സംവാദം.    

 പക്ഷേ, കടന്നുകൂടിയവരില് പലരും അടുത്ത ഷോ ലക്ഷ്യമിട്ട് കയറിയതാണെന്ന് പിന്നീടാണറിഞ്ഞത്. അതല്ല, സംവാദാനന്തരം സിനിമയോടുള്ള സ്‌നേഹം അധികരിച്ചതാണെന്ന് വാദിക്കുന്നവരുമുണ്ട്. നിഷ്‌കളങ്കമായി ടാഗോര് തീയേറ്ററില് കയറിയപ്പോള് സിനിമ തുടങ്ങിയെന്ന് വാദിക്കുന്നവരുമുണ്ട്.    

 എന്തായാലും പുറത്ത് മേഘാവൃതമായ ജനക്കൂട്ടം ചന്നംപിന്നം പൊട്ടിത്തെറിക്കാന് തുടങ്ങി. അസാരം അടിയുടെ അസ്‌ക്യതയിലേക്ക് നീങ്ങുമെന്ന് വരെയായി. ഭാഗ്യംകൊണ്ട് ഒന്നുമുണ്ടായില്ല. കാരണം പുറത്ത് ബോപെം കാണാന് നിന്നവരില് വലിയൊരു വിഭാഗവും മാന്യന്മാരായിരുന്നു. അകത്ത് കടന്നവര് മാന്യദേഹങ്ങളല്ല എന്നല്ല...    

ലൗ എന്നാല് സ്‌നേഹം. സ്‌നേഹത്തിന്റെ പേരില് ആരെങ്കിലും തമ്മില്ത്തല്ലുമോ. എങ്കിലതുണ്ടായി.     ലൗ എന്ന ചുടുചൂടന് സിനിമ കാണാന് വ്രതംനോറ്റിരുന്ന ആയിരങ്ങളെ സാക്ഷിയാക്കി അത് നടന്നു. മേളയിങ്ങെത്തുംമുമ്പുതന്നെ ലൗവിന്റെ കഥ ഇങ്ങെത്തി. ദൃശ്യങ്ങള് മുമ്പേ ഇന്റര്‌നെറ്റിലുമെത്തി. പോരേ.    

പക്ഷേ, തീയേറ്ററില് കണ്ടാലേ രസമുള്ളൂ. പോരാത്തതിന് ത്രീ ഡിയും. നിശാഗന്ധിയുടെ വിശാലഭൂമികയില് ബുധനാഴ്ച രാത്രി പത്തരയ്ക്കായിരുന്നു ഷോ. കാത്തിരുന്ന നിമിഷം. പക്ഷേ, കനകക്കുന്നിന്റെ ഗേറ്റിനുമുന്നില് വലിയൊരു ആള്ക്കൂട്ടം രൂപപ്പെട്ടത് വൈകുന്നേരം അഞ്ചരയ്ക്ക്. അതായത് ഇനിയും അഞ്ച് മണിക്കൂര് കാത്തുനില്ക്കാന് തയ്യാര്. അതാണ് ക്ഷമ. മണിക്കൂറുകള് അടുത്തുവന്നതോടെ ഇടിയും തുടങ്ങി.