തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ മുഷിപ്പുള്ളത്  എന്താണെന്ന് ചോദിച്ചാല്‍ മിക്ക പ്രതിനിധികളും സംശയിക്കാതെ പറയും:  ക്യൂ. പക്ഷേ അവര്‍ക്കറിയാം ക്യൂ പാലിക്കാതെ നിവൃത്തിയില്ലെന്ന്. എന്നാല്‍പിന്നെ ക്യൂവിനെ  എങ്ങനെ ആനന്ദദായകമാക്കാം എന്നായി ആലോചന. അങ്ങനെ നാടന്‍പാട്ടുകളുടെ ഈരടികളുമായി രംഗത്തിറങ്ങിയ ഒരു സംഘം യുവതീയുവാക്കള്‍ ഇരുപതാമത് അന്താരാഷ്ട്രമേളയുടെ നീണ്ട നിരകളെയും ആനന്ദത്തിലാറാടിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ജേണലിസം ബിരുദാനന്തര വിദ്യാര്‍ഥി (എം.സി.ജെ) സംഘം രാഗത്തിനൊപ്പം താളം കൂടി ചേര്‍ത്തപ്പോള്‍ മേളയിലെ ക്യൂവിലും മേളമായി. അഞ്ച് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമടങ്ങുന്ന സംഘത്തെ നയിക്കുന്നത് നീലേശ്വരത്തെ പുനര്‍ജനി നാട്ടുസംഗീത കൂട്ടത്തിന്റെ ക്യാപ്റ്റന്‍ ഇരുപത്തേഴുകാരനായ സുമേഷ് നീലേശ്വരമാണ്. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും എം.സി.ജെ കൂട്ടം ഹരമാണ്. ഈ സ്‌കൂളുകളിലെ എല്‍.പിയു.പി സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ആഴ്ചയിലൊരിക്കല്‍ നാട്ടുസംഗീതത്തിന് വേദിയാകാറുണ്ട്. നാടക ഗാനങ്ങള്‍, വിപ്ലവ ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവയാണ് പ്രധാന പാട്ടിനങ്ങള്‍. ശ്രോതാക്കള്‍ക്ക് സന്തോഷം പകരുന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.