തിരുവനന്തപുരം: സിനിമകളുടെ തിരഞ്ഞെടുപ്പ്, സിനിമാഭിനിവേശമുളള ആസ്വാദകരുടെ പങ്കാളിത്തം, സംഘാടന മികവ് എന്നിവകൊണ്ട്  ബുസാന്‍, വെനീസ്, ബെര്‍ലിന്‍ മേളകളെക്കാള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള മികച്ചതെന്ന് നേപ്പാളി സംവിധായകന്‍ മിന്‍ ബഹാദു ബാം. മേളയുടെ ആറാം ദിനത്തില്‍ ടഗോര്‍ തിയറററില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മേളയിലെ വൃദ്ധരുടേയും യുവജനങ്ങളുടേയും പങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തി. സിനിമയെ സ്‌നേഹിക്കുന്ന ഇവിടുത്തെ യുവജനങ്ങളോട് അസൂയതോന്നുന്നതായും  ഇന്ത്യന്‍  സിനിമാ മേഖലയുടെ സമൃദ്ധമായ ഭാവിയെയാണ് ഇത്തരം യുവജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  ദ ബ്ലാക്ക് ഹെന്നിന്റെ സംവിധായകനായ അദ്ദേഹം പറഞ്ഞു.

നേപ്പാളിലെ പച്ചയായ ജിവിതമാണ് തന്റെ ചിത്രം മുന്നിലെത്തിക്കുന്നത്. നൂറ്റമ്പതോളം ചിത്രങ്ങള്‍ നേപ്പാളില്‍ പ്രതിവര്‍ഷം പുറത്തിറങ്ങുന്നുണ്ടെങ്കിലും 99 ശതമാനവും ബോളിവുഡ് സിനിമകള്‍പോലെ ഐറ്റം ഡാന്‍സും അടിയും ഉള്‍പ്പെടുന്ന ആഘോഷമാണ്. എന്നാല്‍ ഇപ്പോള്‍ കടന്നു വരുന്ന പുതിയ യുവ സംവിധായകര്‍  നേപ്പാള്‍ സിനിമയുടെ നല്ലകാലത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത രാജ്യങ്ങള്‍ പശ്ചാത്തലമാക്കി സിനിമയെടുക്കുമ്പോള്‍ അവിടുത്തെ ചരിത്രം നന്നായി ഗ്രഹിക്കുന്നത്  സിനിമയുടെ വിജയത്തിലെ നിര്‍ണായക ഘടകമാണെന്ന്   മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇസ്രായേല്‍ ചിത്രം യോനയുടെ  ഛായാഗ്രാഹകന്‍  ലറ്റ്‌സ് റെറ്റീമിയര്‍ പറഞ്ഞു. യോന ആസ്വദിക്കാന്‍ ആര്‍ക്കും ഭാഷ അതിര്‍വരമ്പാകില്ലെന്നും ഒരു സാര്‍വത്രിക ചിത്രമാണിതെന്നും വിശദമാക്കിയ അദ്ദേഹം  
 ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മേളയിലെ  തിയറ്ററുകളിലെ പ്രൊജക്ടറിന്റെ മികവ് തന്നെ സന്തോഷിപ്പിക്കുന്നതായും  അഭിപ്രായപ്പെട്ടു.

ഫിലിപ്പൈന്‍സില്‍ ഡിജിറ്റല്‍ സിനിമകളിലൂടെ വിപ്ലവാത്മക മാറ്റങ്ങളാണ് നടക്കുന്നതെന്ന് ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ സംവിധായകന്‍ ജുന്‍ റോബിള്‍സ് ലാന പറഞ്ഞു. ഫിലിപ്പെന്‍സിന്റെ ജീവിതമാണ് ഒറ്റ ടേക്കിലുള്ള തന്റെ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.