ഫെസ്റ്റിവല് കോംപ്ലക്‌സ് പ്രഖ്യാപനത്തോടെ ഒരു മേളകൂടി നിശാഗന്ധി വിടുകയാണ്. എല്ലാ വര്ഷവും ഫെസ്റ്റിവല്‌കോംപ്ലക്‌സ് എന്നുപറഞ്ഞ് നാളികേരം ഉടച്ചിറങ്ങുമ്പോഴാണ് മേളയുടെ സമാപനത്തിന് ഒരു ഇത്...    ക്രമം തെറ്റിച്ച് ഇക്കുറി മന്ത്രി തിരുവഞ്ചൂര് അത് പറഞ്ഞു. സമാപനച്ചടങ്ങില് പറയേണ്ട കാര്യം ഉദ്ഘാടനച്ചടങ്ങില് പറഞ്ഞു. മറുപടി ഉയര്ന്നത് സദസ്സില്‌നിന്നാണ്. ഒരു കൂവലില് നിന്നായിരുന്നു. പിന്നെയത് നൂറും ആയിരവും കണ്ഠങ്ങളില് നിന്നുയര്ന്നു.    

സമാപനച്ചടങ്ങിലും ഈയൊരു കലാപരിപാടി ഉണ്ടാകണമേയെന്നാണ് ഫെസ്റ്റിവല്കിളികളിലെ പഴമക്കാര് പറയുന്നത്. കൂട്ടക്കൂവലാണല്ലോ നിശാഗന്ധിയില് വന്ന പലരുടെയും 'റിലേ' തെറ്റിച്ചിട്ടുള്ളത്. പണ്ടൊരിക്കല് ഒരു മന്ത്രി പ്രഖ്യാപിച്ചുകളഞ്ഞു. കൂവുന്നവര്‌ക്കൊന്നും അടുത്തവര്ഷം മുതല് പാസ്സ് കൊടുക്കത്തില്ലെന്ന്. തീര്ന്നില്ലേ. പിന്നെ സര്വ കണ്ഠങ്ങളില്‌നിന്നും അതുയര്ന്ന് കനകക്കുന്ന് വിറകൊണ്ടു.    

കൂവിയതിന്റെ പേരില് പാസ് നിഷേധിക്കപ്പെട്ട ചരിത്രമില്ലാത്തതിനാല് മന്ത്രി ചരിത്രം രചിക്കുമെന്ന് പ്രതീക്ഷിച്ചവര്ക്ക് തെറ്റി. എന്തായാലും ഇക്കുറി നല്ല കൂവലോടെയാണ് മേള ആരംഭിച്ചത്. നല്ല ശകുനമായിരുന്നു അതെന്നാണ് ചിലരുടെയെങ്കിലും പക്ഷം. കാരണം വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ, ഉളുക്കും ചതവുമേല്ക്കാതെ ഈ മേളയങ്ങ് നടന്നുകിട്ടി. ഇനി കൂവലോടെ തുടങ്ങിയാല് മതി എന്നൊരു വിശ്വാസംപോലും ജനിച്ചേക്കാം.
    
നിശാഗന്ധിയെക്കുറിച്ച് ചിലര്‌ക്കെങ്കിലും പരാതിയുണ്ട്. സംതൃപ്തിയുമുണ്ട്. ഇവിടെ എല്ലാം ഒരു മണിക്കൂര് താമസിച്ചാണ് നടക്കുന്നത് എന്നതാണ് പരാതി. രാവിലെ എല്ലായിടത്തും ആദ്യ ഷോ തുടങ്ങിയാലും നിശാഗന്ധിയില് തുടങ്ങണമെങ്കില് മണി പത്തര കഴിയണം. അവസാന ഷോയും അങ്ങനെ തന്നെ. രാത്രി പത്തര കഴിഞ്ഞേ തുടങ്ങൂ. പടം കണ്ടിറങ്ങുമ്പോള് പന്ത്രണ്ടരയെങ്കിലും കഴിയും. ദിതെന്താ ഇങ്ങനെ. അതും ദിവിടെ മാത്രം.     

കഴിഞ്ഞ ദിവസം ചൂടന് പടം 'ലൗ' നിശാഗന്ധിയില്‌നിന്ന് കണ്ടിറങ്ങിയ പലരും ഈ ചോദ്യം ഉന്നയിക്കുന്നു. നല്ല കാര്യങ്ങള് എന്തിനാണിത്രയും വൈകിക്കുന്നത്.    
നിശാഗന്ധിയുടെ കാര്യം പറയുമ്പോള് പലര്ക്കും നാവ് പൊങ്ങും. പ്രത്യേകിച്ച് നിശാഗന്ധിയിലൊരുക്കിയ താല്ക്കാലിക തിയേറ്ററിനെക്കുറിച്ച്.
    
അത് നല്ലതോ ചീത്തയോ എന്ന തര്ക്കമുണ്ടായാല് സമവായത്തിലെത്തില്ല. പക്ഷേ, മേളയിലെ സിനിമകളിലുണ്ടാകുന്ന തിരക്കിന് വലിയൊരു കുറവുണ്ടാക്കാന് അത് സഹായിച്ചു. അത് ചില്ലറക്കാര്യമല്ല. കാരണം കഴിഞ്ഞ കൊല്ലം തള്ളും തല്ലും കൊണ്ടവര്ക്കറിയാം. ഇടിയുടെ വെയ്റ്റ്. ഇപ്രാവശ്യം പേടിയോടെയാണ് ഡെലിഗേറ്റന്മാരും ഡെലിഗേറ്റികളും ജില്ലകള് കടന്നിങ്ങെത്തിയത്. സ്വൈരമായി സിനിമ കാണാനാണ് വരുന്നത്. പക്ഷേ, സമാധാനത്തോടെ സിനിമ കാണാന് കഴിയാത്ത സ്ഥിതി.
    
ഇതിനൊക്കെ തെറ്റില്ലാത്ത ദോഷപരിഹാരമായിരുന്നു ഇക്കുറി. വലിയ പരിക്കില്ലാതെ സിനിമയൊക്കെ ഒന്നു കണ്ടുബോധിച്ചിരിക്ക്ണൂ. ഇനിയങ്ങ്ട് മടക്കമാണ്. പാസടക്കം ചെയ്യുന്ന മാലയൂരി ഭദ്രമായി സൂക്ഷിക്കും. അടുത്ത മണ്ഡലകാലത്ത് വേറെ മാല. വ്രതവും വേറെ.