തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ജയരാജ് സംവിധാനം ചെയ്ത 'ഓറ്റാല്‍' സുവര്‍ണ ചകോരം നേടി. സുവര്‍ണ ചകോരം അടക്കം നാല് പുരസ്‌കാരങ്ങള്‍ ഒറ്റാലിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരങ്ങളും ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചു. ഒറ്റാല്‍ ലെ രണ്ട് അഭിനേതാക്കള്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. മലയാള സിനിമയ്ക്ക് സുവര്‍ണ ചകോരം ലഭിക്കുന്നത് ആദ്യമായാണ്. 

Awardsമികച്ച സംവിധായകനുള്ള രജത ചകോരം ജൂണ്‍ റോബ്ലസ് ലാന (ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍) യ്ക്ക് ലഭിച്ചു. അബു ഷാദിദ് ഇമോന്‍ (ജലാല്‍സ് സ്‌റ്റോറി) ആണ് മികച്ച നവാഗത സംവിധായകന്‍. ഇസ്രയേല്‍ ചിത്രമായ 'യോന'യാണ് മികച്ച ഏഷ്യന്‍ ചിലച്ചിത്രം. ഫെഫ്കയുടെ മാസ്റ്റേഴ്‌സ് അവാര്‍ഡ് കെ.ജി ജോര്‍ജിന് സമ്മാനിച്ചു. സനല്‍ കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീല്‍ സംവിധായകനായ ജൂലിയോ ബ്രസേന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 

മികച്ച പത്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമിയിലെ എം.പി മുരളീകൃഷ്ണന്‍ അര്‍ഹനായി. മികച്ച ദൃശ്യ - ശ്രാവ്യ മാധ്യമത്തിനുള്ള പുരസ്‌കാരം ക്ലബ്ബ് എഫ്.എമ്മിന് ലഭിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ 'ഒറ്റാല്‍' നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒറ്റാല്‍. എന്നാല്‍ ചെക്കോവിന്റെ കഥാപരിസരം തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെ കുട്ടനാടന്‍ പ്രകൃതിയിലേക്ക് പറിച്ചുനടുകയായിരുന്ന ജയരാജ്. ഒറ്റാലില്‍ കായല്‍ ശക്തമായ ഒരു കഥാപാത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം ഒറ്റാലില്‍ കാണാം.