അസാധാരണമായ കാവ്യസിദ്ധികൊണ്ട് അനുഗൃഹീതനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയ നിര്‍വചനം കൊടുത്ത പ്രതിഭാധനന്‍. യൗവ്വനത്തിന്റെ പ്രസരിപ്പും ആസക്തിയും തീക്ഷ്ണതയും ഗിരീഷിന്റെ വരികളില്‍ എന്നും തുടിച്ചുനിന്നു. അനന്യമായൊരു സംഗീതാവബോധം അവയ്ക്ക് സഹജതാളവും ലയവും നല്‍കി. അസാധാരണമായ ഭാഷാസ്വാധീനവും അചുംബിതമായ മായ കല്പനാ വിലാസവും ഗിരീഷിന്റെ വരികളെ വ്യത്യസ്തമാക്കി.

ഗാനരചയിതാവായി പ്രശസ്തിനേടുന്നതിന് മുന്‍പുള്ള ഗിരീഷിന്റെ ജീവിതം അഗാധമായൊരു തപസ്യയായിരുന്നു. ഗാഢമായ സാഹിത്യപരിചയവും സംഗീത സംസ്‌കാരവും സമ്പുഷ്ടമാക്കിയ പ്രതിഭയുമായിട്ടാണ് ഈ കവി ഗാനരചനാ രംഗത്തേയ്ക്ക് കടന്നുവന്നത്. തന്റെ സാമ്രാജ്യം സ്വാഭാവികമായിത്തന്നെ അദ്ദേഹം അവകാശപ്പെടുത്തുകയും ചെയ്തു. ആ വരികളില്‍ കാവ്യ നിലാവിന്റെ തങ്കഭസ്മം പുരണ്ടിരുന്നത് കാണാതിരിക്കാന്‍ കഴിയില്ല. ആ ഗാനങ്ങളിലൂടെ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്നത് കേള്‍ക്കാതിരിക്കാന്‍ സാധിക്കില്ല.

മലയാള ചലച്ചിത്ര സംഗീതത്തെ രണ്ടുപതിറ്റാണ്ടിലേറെക്കാലം പ്രഫുല്ലമാക്കിയ ഈ പ്രിയകവി അകാലത്തില്‍ മടക്കയാത്രയായെന്ന് വിശ്വസിക്കുവതെങ്ങനെ? ആയിരമായിരം കല്പനകളും വാങ്മയങ്ങളും തിളങ്ങിത്തുടിച്ച ആ ചേതന നിശ്ചലമായെന്ന് കരുതാന്‍ വയ്യ. ഗിരീഷിന്റെ പ്രതിഭ അതിന്റെ മധ്യാഹ്നജ്വാലയില്‍ വിലസുകയായിരുന്നു. മരണം സുനിശ്ചിതമെന്ന് അറിയുമ്പോഴും അതിന്റെ വരവ് എപ്പോഴാണെന്ന അറിവില്ലായ്മയുടെ തണലിലെ വിശ്രാന്തിയാണല്ലോ ജീവിതത്തിലെ ഉണ്മ. സര്‍ഗധനനായ ഈ കവിയെ ഇത്ര പെട്ടെന്ന് തിരിച്ചുവിളിക്കേണ്ടിയിരുന്നില്ലല്ലോ എന്ന പരിഭവം പറയാനല്ലാതെ നമുക്ക് മറ്റെന്തിനാകും?

ഒരു ഗാനരചയിതാവിന്റെ വിജയത്തിന് പിന്നില്‍ പ്രതിഭമാത്രം പോര. വിവിധ കഥാസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുംവിധവും മാറിവരുന്ന അഭിരുചികള്‍ക്കനുരൂപമായും എഴുതാനുള്ള ചാതുരികൂടി വേണം. ഈ വൈവിധ്യപൂര്‍ണിമ ഗിരീഷിന് സ്വായത്തമായിരുന്നു. അത് അവകാശപ്പെടാനാവുന്ന അധികം പേരില്ലല്ലോ നമുക്കിനി.

മുന്‍കൂട്ടി തയ്യാറാക്കുന്ന ട്യൂണിനൊപ്പിച്ച് വരികളെഴുതുകയെന്ന ദുശ്ശീലം കഴിഞ്ഞ കുറെ കാലമായി മലയാള സിനിമയില്‍ വ്യാപകമായി. ഏതു പ്രതിഭാശാലിയും അടിയറവ് പറഞ്ഞുപോകുന്ന ഈ പരീക്ഷണത്തില്‍ ഗിരീഷ് അജയ്യനും അതുല്യനുമായിരുന്നു. ട്യൂണിന്അനുസൃതമായി എഴുതുന്നതിന് അനായാസം സാധിച്ചുവെന്ന് മാത്രമല്ല, അങ്ങനെ എഴുതപ്പെട്ടവരികളില്‍ കാവ്യഭംഗി നിലനിര്‍ത്താനുമായി എന്നത് നിസ്സാരകാര്യവുമല്ല. ഗിരീഷിന്റെ തീരോധാനത്തോടെ നഷ്ടമാവുന്നത് ഈ സൗഭാഗ്യം കൂടിയാണ്.

സ്വന്തം ഗാനങ്ങള്‍ മാത്രമല്ല. മറ്റു ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ ശ്രദ്ധിക്കാനും മനസ്സിലാക്കാനും കഴിഞ്ഞിരുന്ന ഒരാസ്വദകന്‍ കൂടിയായിരുന്നു ഗിരീഷ്. അങ്ങനെ എത്രപേരുണ്ടാകും? നന്നായിപ്പാടാന്‍ ഗിരീഷിന് കഴിഞ്ഞിരുന്നു. ആ സംഗീതാവബോധം, സംഗീതസംവിധായകര്‍ക്ക്ഗിരീഷിനെ എന്നും പ്രിയങ്കരനാക്കി. വരികള്‍ മാറ്റിയെഴുതാന്‍ മടിയുണ്ടായിരുന്നില്ല. അതൊരിക്കലും ഈ കവിക്ക് ഒരഭിമാന പ്രശ്‌നമായില്ല. ഒരുസിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ടാല്‍ അതില്‍ പൂര്‍ണമായും മുഴുകാന്‍ കഴിഞ്ഞിരുന്ന ഈ ഗാനരചയിതാവ് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഏറെ സ്വീകാര്യനായതും സ്വഭാവികം.

വിജയത്തിന്റെയും പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും സോപാനപ്പടവുകള്‍ കയറുമ്പോഴും സൗഹൃദങ്ങള്‍ ഈ കവി വിസ്മരിച്ചില്ല. മറിച്ച് അവയെന്നും ഗിരീഷിന്റെ ദൗര്‍ബല്യം തന്നെയായിരുന്നു. അത്തരം ദൗര്‍ബല്യങ്ങള്‍ സര്‍ഗസിദ്ധിയുടെ സഹചാരിയാണെന്ന് നാം പണ്ടേ അറിഞ്ഞതുമാണ്. കഴിഞ്ഞവര്‍ഷം ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ വെച്ചാണ് ഗിരീഷിനെ അവസാനമായി കണ്ടത്. അവാര്‍ഡ് എന്നില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ആ വലിയ സദസ്സിന്റെ മുന്നില്‍ എന്നെ ഗാഢംപുണര്‍ന്ന ആ ഇളയസഹോദരന്റെ സ്​പര്‍ശവും അതിനുപിന്നിലെ ഹൃദയസ്​പന്ദനവും ഞാനറിഞ്ഞു. എല്ലാം ഇനി ഓര്‍മകള്‍. ഈ നഷ്ടബോധം പങ്കിടാന്‍ അനേകലക്ഷം മലയാളികളുണ്ടല്ലോ എന്നറിയുമ്പോഴും അകാലത്തിലെ ഈ മടക്കയാത്ര വിശ്വസിക്കാന്‍ സാധിക്കുന്നില്ലല്ലോ.


*കെ. ജയകുമാര്‍