'ദില്‍ ഹൂം ഹൂം...കരേ...ഖബരായേ..'ഹൃദയംകൊണ്ട് ഈണമിട്ട് പാടിയ 'രുദാലി'യിലെ ആ ഗാനം ഒന്നുമതി ബ്രഹ്മപുത്രയുടെ നാടോടി ഗായകന്‍ എന്നു വിളിപ്പേരുള്ള ഭൂപന്‍ ഹസാരികയുടെ മാറ്റളക്കാന്‍. 'മകള്‍ക്ക്' സിനിമയുടെ ചര്‍ച്ചകള്‍ക്കിടയില്‍ സംവിധായകന്‍ ജയരാജ് 'രുദാലി'യുടെ സി.ഡിയുമായി എന്റെയടുത്തുവന്ന് അല്‍പം മടിച്ചാണ് പറഞ്ഞത്- ഇതിലെ 'ദില്‍ ഹൂം..ഹൂം..' പോലെ വൈകാരികതയുള്ളൊരു പാട്ട് വേണം ഈചിത്രത്തിന്. ജയരാജിന്റെ ആഗ്രഹം മനസ്സിലാക്കി, പണ്ട് പലതവണ കേട്ടിട്ടുള്ള ആ പാട്ട് വീണ്ടും ഞാന്‍ കേട്ടു. ഭൂപാള രാഗത്തിന്റെ ശക്തിസൗന്ദര്യമത്രയും ആവാഹിച്ചെടുത്ത ആ പാട്ട് ഓരോ കേള്‍വിയിലും കൂടുതല്‍ അമ്പരപ്പിച്ചു. സംഗീതവും വരികളും ഒരാള്‍ കൈകാര്യം ചെയ്തതിന്റെ ഭംഗിയും ആ പാട്ടിനുണ്ടായിരുന്നു. എന്തായാലും ആദ്യമായി ഞാന്‍ തുറന്നുപറയട്ടേ-മകള്‍ക്ക് സിനിമയിലെ 'മുകിലിന്‍ മകളേ..പൊഴിയും കനലേ...വിണ്ണില്‍നിന്നും മണ്ണില്‍ വീണ ജന്മ നൊമ്പരമേ...'എന്ന പാട്ട് എന്നില്‍നിന്ന് പിറന്നത് അങ്ങനെയാണ്. രുദാലിയിലെ ഗാനത്തിന്റെ വൈകാരികതയായിരുന്നു ഏറെ ഹിറ്റായി തീര്‍ന്ന ഈ പാട്ടിലേക്കുള്ള വഴി. രാഗത്തിലോ താളത്തിലോ ആ പാട്ടുമായി യാതൊരു ബന്ധവുമില്ലെങ്കിലും അതിന്റെ ഭാവം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു 'മുകിലിന്‍' സംഗീതം പിറന്നത്.പേരില്‍പോലും സംഗീത ഗരിമയുള്ള ഭൂപന്‍ ഹസാരികയെ ദൂരെ മാറിനിന്ന് എന്നും ആരാധിച്ചിരുന്നു. നേരിട്ട് കണ്ടത് ഒരിക്കല്‍ മാത്രം-സംഗീതപരിപാടികളുടെ തിരക്കുകള്‍ക്കിടയിലായിരുന്നു അത്. നാടോടി സംഗീതത്തില്‍നിന്ന് തുടങ്ങി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലേക്ക് കടക്കുന്ന സംഗീതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ സിനിമകളില്‍ സംഗീതവും ഗാനങ്ങളുടെ വരികളും അദ്ദേഹംതന്നെ കൈകാര്യം ചെയ്തതിലെ സൗന്ദര്യമാണ് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയത്. ഇവയെല്ലാംകൂടി ഒരുമിച്ചു ചെയ്ത് ക്രെഡിറ്റ് നേടുന്നവരെപ്പോലെയായിരുന്നില്ല അത്; ഉള്ളില്‍നിന്ന് പിറവികൊള്ളുന്ന കലയുടെ ശുദ്ധി അദ്ദേഹം എവിടെയും കാത്തു. സംഗീതത്തില്‍ ഇത്രയേറെ പരിശുദ്ധി കാത്ത, ഭാവതീവ്രത കാത്തുവെച്ച മറ്റൊരാള്‍ ഭാരതത്തില്‍ ഇല്ലെന്നുതന്നെ പറയാം. പക്ഷേ ഇതൊക്കെ പലരും തിരിച്ചറിയുന്നത് അദ്ദേഹം വിടപറഞ്ഞ് കഴിയുമ്പോഴാണ് എന്നതില്‍ സങ്കടമുണ്ട്.

'എറാ ബത്താന്‍ സുറാമി' എന്ന ആസാമി ചിത്രത്തിന്റെ സംവിധാനവും സംഗീതവും നിര്‍വഹിച്ചുകൊണ്ടാണ് സിനിമയിലേക്ക് ആ പ്രതിഭ കടന്നുവന്നത്. തുടര്‍ന്ന് ബംഗാളിയിലും ഹിന്ദിയിലുമൊക്കെ ഭൂപന്‍ സംഗീതവും സ്വരവും നിറഞ്ഞു. അദ്ദേഹം ആലപിച്ച 'ദില്‍ ഹൂം..ഹൂം... കരേ', 'ഓ ഗംഗാ ബഹതീ ഹോ..' തുടങ്ങിയ പാട്ടുകള്‍ എക്കാലത്തെയും ഹിറ്റുകളായി.

അസമിലെ നാടോടി സംഗീതവും പൈതൃകവും ഭാരതം കണ്ടറിഞ്ഞത് പലപ്പോഴും ഇദ്ദേഹത്തിലൂടെയായിരുന്നു. സംഗീത രംഗത്ത് മാത്രമല്ല സാഹിത്യകാരന്‍, സംവിധായകന്‍ തുടങ്ങിയ നിലകളിലൊക്കെ ആ പ്രതിഭ പ്രശസ്തനായി. എഴുതിയ പുസ്തകങ്ങളും നിരവധി. കൈതപ്രം എഴുതി മഞ്ജരി പാടിയ 'മുകിലിന്‍ മകളേ'യെന്ന എന്റെ പാട്ട് ഉള്ളില്‍തൊട്ട് സമര്‍പ്പിക്കുന്നു; ആ പ്രതിഭയ്ക്ക് അന്ത്യാഞ്ജലിയായി.