
സംഗീതലോകത്ത് തന്‍േറതായ സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തിയ ഭൂപന്‍ ഹസാരിക ഇനി ജനഹൃദയങ്ങളില്മാത്രം. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും വരുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യവും വികാരനിരഭരവുമാര്ന്ന സംഗീതം ഇനി നമ്മുടെ ഓര്മകളില്മാത്രം. വിവിധ രോഗങ്ങളുമായി മല്ലിടുകയായിരുന്നു ഭൂപന്‍ ഹസാരിക. സിനിമാരംഗത്തെ പ്രശസ്തനായ കല്പന ലജ്മി ഹസാരികയുടെ അന്ത്യസമയത്ത് സമീപത്തുണ്ടായിരുന്നു. 'ഇനി ഒരു ഹസാരികയെ നമുക്ക് ലഭിക്കുകയില്ല' കല്പന ദുഃഖിച്ചു.
ജീവിതത്തില്‍ ബഹുമുഖപ്രതിഭയായിരുന്ന ഹസാരിക സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളിലൊക്കെ തന്നെ നിറഞ്ഞുനിന്നിരുന്നു.
അംഗീകാരങ്ങളുടെ പെരുമഴ തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയത്. അസം രത്ന അവാര്‍ഡ്, പദ്മഭുഷന്‍, ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, ബെസ്റ്റ് മ്യൂസിക് അവാര്‍ഡ് ഇന്‍ ഏഷ്യ പെസഫിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ജപ്പാന് (1993) , ഋത്വിക് ഘട്ടക് അവാര്‍ഡ് എന്നിവ അവയില്‍ ചിലതുമാത്രമാണ്. ജീവിച്ചിരിക്കുമ്പോള്‍തന്നെ തന്റെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
അസ്സമിന് ലോകസംഗീതഭൂപടത്തില് സ്ഥാനം നേടി ക്കൊടുത്തു അദ്ദേഹത്തിന്റെ സംഗീതപ്രതിഭ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസ്സമിലാണ് ജനിച്ചതെങ്കിലും എല്ലാ അതിര്‍ത്തികളും ഭേദിച്ചു കൊണ്ട് അദ്ദേഹം വിശ്വസംഗീതജ്ഞനായി മാറി. പലര്‍ക്കും അദ്ദേഹം അസംകാരനായിരുന്നു എന്നുപോലും അറിയുമായിരുന്നില്ല. ബംഗാളികളുടെ ഓമനപ്പുത്രന് തന്നെയായിരുന്നു അദ്ദേഹം. 'വിസ്തീര്ണോ ദൂ പാറേ' (വിസ്തൃതമായ രണ്ടു കരയിലും), 'ദോല ഓ ദോല'
(മഞ്ചല് ഈ മഞ്ചല്), 'ഗംഗ അമാര്‍ മാ' (ഗംഗ നമ്മുടെ അമ്മ), 'മാനുഷ് മാനുഷേര്‍ ജൊന്നൊ' (മനുഷ്യര്‍ മനുഷ്യര്‍ക്ക് വേണ്ടി) എന്നീ ഗാനശകലങ്ങള്‍ ബംഗാളി ജനതയും സംസ്കാരവും നിലനില്‍ക്കുന്ന കാലത്തോളം നിലനില്ക്കും. ഇവ ബംഗാളിജനതയില് സൃഷ്ടിച്ച വികാര തരംഗം ഒരിക്കലും നിലയ്ക്കാത്തതാണ്.
അസം ചലച്ചിത്രങ്ങള്‍ക്ക് ഒരു മാനമുണ്ടാക്കി ക്കൊടുക്കുന്നതില്‍ ഹസാരികയുടെ പങ്ക് വളരെ വലുതായിരുന്നു. ബംഗാളി, ഹിന്ദി തുടങ്ങിയ നിരവധി ഇന്ത്യന്ഭാഷകളില് അദ്ദേഹം ഗാനങ്ങള്‍ സംവിധാനവും ആലാപനവും നിര്‍വഹിച്ചിട്ടുണ്ട്.
പ്രകൃതിയെ ഇത്രയുമധികം സ്നേഹിച്ച, പ്രകൃതിയില്‍ രമിച്ച ഒരു കവികൂടിയായിരുന്നു ഭൂപന്‍. ഗംഗ, ബ്രഹ്മപുത്ര, പദ്മ നദികള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രതിപാദ്യവിഷയമായിരുന്നു. ഇപ്പുറത്തെ ബംഗാളികളുടെ ഓമനപ്പുത്രനായിരുന്നു ഹസാരിക എങ്കില്‍ അപ്പുറത്തെ (ബംഗ്ലാദേശിലെ) വീരപുത്രനും കൂടിയായിരുന്നു. ബംഗ്ലാദേശ് ജന്മം കൊണ്ടപ്പോള്‍ 'ജൊയ് ജൊയ് നവജാത ബംഗ്ലാ ദേശ്' മാര്‍ച്ചിങ് ഗാനത്തിന്റെ രീതിയില്‍ കമ്പോസ് ചെയ്ത ഗാനം ബംഗ്ലാദേശികളുടെ സ്വദേശാഭിമാനം ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. 'നിന്റെ ഇരുകരകളിലുമുള്ള ജനസഹസ്രങ്ങളുടെ വേദനകളും കഷ്ടപ്പാടുകളും ആര്‍ത്തനാദങ്ങളും കേട്ടിട്ടും കണ്ടിട്ടും നീ നിശബ്ദയായി, പ്രതികരണമില്ലാതെ ഒഴുകുന്നതെന്താണ് ഗംഗേ' 'ഒന്ന് ഉച്ചത്തില്‍ ആഞ്ഞടിച്ചു കൂടെ നിനക്ക്' എന്നും 'ഈ മഞ്ചല്, ഈ മഞ്ചല്, വല്യേ വല്യേ മനുഷ്യരുടെ ഈ മഞ്ചല് എത്ര കാലം വഹിച്ചു പോകും പാവങ്ങള്‍' തുടങ്ങിയ ഗാനങ്ങള്‍ ഇനി ജനങ്ങളിലൂടെ നിലനില്ക്കും. അതെ ഹസാരിക, നിന്റെ സംഗീത ത്തിലൂടെയുള്ള കലഹങ്ങള്‍ വരുംതലമുറയ്ക്ക് പാഥേയമായാല് നീ ധന്യനാകും.
Samay O Dheere Chalo...