തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമ്പദ്ഘടന ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ തയ്യാറാക്കിയതാണെന്ന് പ്രതിപക്ഷത്തിന്റെ ആദ്യപ്രതികരണം. 

മുന്‍ ധനമന്ത്രി കൂടിയായ ഡോ. തോമസ് ഐസക്കാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചത്. മുന്‍കാലത്തെ അപേക്ഷിച്ച് സാമ്പത്തികനില മന്ദീഭവിക്കുകയാണ്. ക്ഷേമനേട്ടങ്ങളൊന്നും തന്നെ നിലനിര്‍ത്താന്‍ നിലവിലെ സര്‍ക്കാരിനായിട്ടില്ല. സേവനനേട്ടങ്ങളെ മന്ദീഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. അതിനെ മറികടക്കാന്‍ ബജറ്റ് പര്യാപ്തമല്ല. എല്‍.ഡി.എഫ് ഭരണകാലത്തേക്കാള്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞിരിക്കുകയാണ്. 7.6 ഉണ്ടായിരുന്ന വളര്‍ച്ചാനിരക്ക് യു.ഡി.എഫ് ഭരണകാലത്ത് 6.1 ആയി താഴ്ന്നു. 

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലാണ് ആത്യന്തികമായ മാറ്റം വരേണ്ടത്. 2015-16 വര്‍ഷത്തെ കണക്കുതന്നെ അവതരിപ്പിച്ചത് വിശ്വാസയോഗ്യമല്ല. സാമ്പത്തികപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് അതിനെ മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.