തിരുവനന്തപുരം: ക്ഷീര മേഖലയ്ക്കായി 92.5 കോടിയും കൃഷിക്ക് 764.21 കോടിയും സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. മൃഗസംരക്ഷണത്തിന് 290 കോടിയും നീക്കിവെയ്ക്കും. 

നെല്‍കൃഷി വികസനത്തിന് 35 കോടിയാണ് നല്‍കുക. നീര ഉത്പാദനത്തില്‍ 5 കോടി, വിഷരഹിത പച്ചക്കറി പദ്ധതിക്ക് 74.3 കോടി, മണ്ണ്-ജല സംരക്ഷണത്തിന് 90.25 കോടി, സുസ്ഥിര നെല്‍കൃഷി വികസനത്തിന് 27 കോടി, ഹൈടെക് അഗ്രി വികസനത്തിന് 2.7 കോടി എന്നിവയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കും. അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക കോളേജ് സ്ഥാപിക്കും. ആലപ്പുഴയിലെ ചെന്നിത്തലയില്‍ അഗ്രി പോളിടെക്‌നിക്കാണ് തുടങ്ങുക.

വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വിത്തുകള്‍ സൗജന്യമായി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 24 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കാലിത്തീറ്റ സബ്‌സിഡിക്ക് 13.5 കോടി, എറണാകുളത്ത് ക്ഷീരഗ്രാമ പദ്ധതിക്ക് 50 ലക്ഷം, വെറ്ററിനറി ആന്റ് ആനിമല്‍ സയന്റ്‌സ് സര്‍വകലാശാലയ്ക്ക് 50 കോടി, കന്നുകുട്ടി പരിപാലനത്തില്‍ 58 കോടി തുടങ്ങിയവയാണ് ബജറ്റില്‍ ക്ഷീരമേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍.