തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹെലിക്കോപ്ടര്‍ സര്‍വീസ് തുടങ്ങുന്നതിന് ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ 10 കോടി നീക്കിവെച്ചു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 100 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളജ് സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു

ഹരിപ്പാട് പുതിയ നഴ്‌സിങ് കോളജ് തുടങ്ങും. കൊച്ചിയില്‍ ആരംഭിക്കുന്ന കാന്‍സര്‍ ആസ്പത്രിക്കായി 20 കോടി നീക്കിവെച്ചു. കുതിരവട്ടം ആസ്പത്രിക്കായി 30 കോടി വകയിരുത്തി. ഇടുക്കി,മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ 10 കോടി. മണ്ണാര്‍ക്കാട് വനിതാ പോളി ടെക്നിക് ആരംഭിക്കും. എറണാകുളം മഹാരാജാസിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളജാക്കും. 100 വര്‍ഷം പൂര്‍ത്തിയാക്കിയ എയിഡഡ് കോളജുകള്‍ക്ക് ഒരു കോഴ്‌സ് കൂടി അനുവദിക്കും. ഒരു കോളേജുമില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്ക് കോളേജ് അനുവദിക്കും. 10 കോളേജുകളെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തും. ജലഗതാഗതം വഴി കൊണ്ടുപോകുന്ന ഒരു ടണ്‍ ചരക്കിന് ഒരു കിലോമീറ്ററിന് 1 രൂപ സബ്സിഡി നല്‍കും.