തിരുവനന്തപുരം:   പ്രതിപക്ഷ ബഹളത്തോടെ തുടങ്ങിയ ബജറ്റില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. വികസനത്തോട് മുഖം തിരിച്ചും സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും വ്യക്തിഹത്യ നടത്തിയും വികസനത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ആവശ്യം വികസനമാണ്. അനന്തമായ സാധ്യതകള്‍ ഉള്ള കേരളത്തിന്റെ വികസനം തകര്‍ക്കാന്‍ ആരെയും അനുവദിക്കുക സാധ്യമല്ല. വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാന്‍ കഴിയില്ല. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്രമാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം പിന്നീട് പശ്ചാത്തപിക്കുന്ന പ്രവര്‍ത്തനശൈലിയല്ല കേരളത്തിന് ആവശ്യം. ഈ സഭയില്‍ വികസനത്തിന്റെ സാധ്യതകളെപ്പറ്റി നമ്മെ അഭിസംബോധന ചെയ്ത നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ബജറ്റ് പ്രസംഗം അവതരിപ്പിച്ചത്.