തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളേയും ചരിത്ര സംഭവങ്ങളേയും പുനരാവിഷ്ക്കരിക്കുന്ന ശ്രീ നാരായണ മ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ഗുരുദേവനും ഗാന്ധിജിയും ആദ്യമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയ വനജാക്ഷി മന്ദിരവും സമാധിക്ക് മൂന്നു ദിവസം മുമ്പ് വരെ രോഗ ശയ്യയില്‍ കിടന്ന മുതലിയാര്‍ സത്രവും, മഹാത്മാഗാന്ധി ആദ്യമായി ശിവഗിരിയില്‍ എത്തിയപ്പോള്‍ വിശ്രമിച്ച കാട്ടുവിളാകവും ബന്ധപ്പെടുത്തിയാണ് മ്യൂസിയം നിര്‍മ്മിക്കുക. ഇതിലേക്കായി 3 കോടി രൂപ നീക്കിവെക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പാലായില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മന്നം കള്‍ച്ചറല്‍ സ്റ്റഡിസെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നതാണെന്നും ഇതിലേക്കായി 25 ലക്ഷം രൂപ മാറ്റിവെക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറത്തിന്റെ ചരിത്ര പശ്ചാത്തലം കണക്കിലെടുത്ത് ഒരു പൈതൃക മ്യൂസിയം സ്ഥാപിക്കാന്‍ ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.