തിരുവനന്തപുരം: 2016-17 വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലക്ക് പരിഗണന.  741 കോടി രൂപയാണ് കാര്‍ഷിക മേഖലക്ക് മൊത്തമായി വകയിരുത്തിയിരിക്കുന്നത്. നാളികേര വികസനത്തിന് 45 കോടി രുപ നീക്കിവെച്ച സര്‍ക്കാര്‍ പച്ചതേങ 20 രുപനിരക്കില്‍ സംഭരിക്കുന്നതിനായി 20 കോടി രൂപ നീക്കിവെച്ചു. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന് കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയ വില സംരക്ഷണ പദ്ധതി തുടരാന്‍ തീരുമാനിച്ചു. കൂടാതെ റബ്ബര്‍ കിലോക്ക് 150 രൂപ ഉറപ്പാക്കുന്നതിനായി സംഭരണ പദ്ധതിയിലേക്ക് 500 കോടി രൂപ മാറ്റിവെച്ചു. 

അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ കാര്‍ഷിക കോളേജുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു. ചെന്നിത്തലയില്‍ ആഗ്രിപോളിടെക്കനിക്ക് സ്ഥാപിക്കും. നെല്‍കൃഷി വികസനത്തിന് 35 കോടി രൂപ മാറ്റിവെച്ച സര്‍ക്കാര്‍ നാണ്യവിളകള്‍ക്കും വൈദ്യുതി സബ്‌സിഡി ഉറപ്പ് നല്‍കി. നീരയുടെ ഉത്പാദനത്തിന് സബ്‌സിഡി നല്‍കാനായി അഞ്ചു കൊടി രൂപ മാറ്റിവെച്ചു.

ക്ഷീര കര്‍ഷക മേഖലക്ക് ആശ്വാസമായി ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 750 രൂപയാക്കി ഉയര്‍ത്തി. പാല്‍ ഉത്പാദനത്തില്‍ അടുത്ത വര്‍ഷം സ്വയം പര്യാപ്തത കൈവരിക്കാനാവുമെന്ന് മഖ്യമന്ത്രി പറഞ്ഞു. ക്ഷീരവികസനത്തിന് 92.5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കന്നുകുട്ടി പരിപാലനത്തിനായി 50.8 കോടി രൂപ മാറ്റിവെച്ചു. 

മത്സ്യമേഖലക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 169 കോടി രൂപയാണ് മത്സ്യ മേഖലക്ക് നീക്കി വെച്ചത്. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 500 മത്സ്യ വിപണന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിക്കായി 39.59 കോടി വകയിരുത്തി. 

വിഷരഹിത പച്ചക്കറിയുടെ ഉത്പാദനത്തിന് 73.4 കോടി രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റി വെച്ചരിക്കുന്നത്. കാലിതീറ്റ സബ്‌സിഡിക്കായി 13.51 കോടി രൂപയും നീക്കിവെച്ചു. കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകി കാര്‍ഷിക ആദായത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി എടുത്തു കളഞ്ഞു. എല്ലാ വീടുകളിലും അടുക്കളത്തോട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണ പ്രസംഗത്തില്‍ വ്യക്തമാക്കി.