smartകാത്തിരിപ്പിനൊടുവിൽ സ്മാർട്ട്‌സിറ്റിയുടെ ആദ്യഘട്ടം യാഥാർഥ്യമാകുമ്പോൾ പദ്ധതിക്കുവേണ്ടി വർഷങ്ങൾക്ക് മുമ്പ് കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കി നൽകിയില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും അതും നേരെചൊവ്വേ ചെലവഴിച്ചിരുന്നില്ല.

നാലര വർഷം മുമ്പാണ് സ്മാർട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി കാക്കനാട് ഇടച്ചിറയിൽ നിന്നും 58 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. 136 ഏക്കർ ഭൂമിയാണ് കഴിഞ്ഞ സർക്കാർ പദ്ധതിക്കായി ഏറ്റെടുത്തത്. കുടിയൊഴിപ്പിച്ചവർക്ക് സ്മാർട്ട് സിറ്റിയുടെ മറ്റൊരു ഭാഗത്ത് തന്നെ പുനരധിവാസത്തിനുള്ള സ്ഥലം നൽകുകയും ചെയ്തു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം വാഗ്ദാനത്തിലൊതുങ്ങി.

കുടിയൊഴിഞ്ഞ കുടുംബങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പുനരധിവാസ സ്ഥലത്തേക്കുള്ള റോഡു നിർമാണത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും അധികൃതർ ഇതു നേരെ ചൊവ്വേ വിനിയോഗിച്ചില്ല. പദ്ധതിപ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിന്‌ പൈപ്പ്‌ലൈൻ സ്ഥാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ ഇതും പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണെന്ന് താമസക്കാർ പരാതിപ്പെട്ടു.