smart 5ശനിയാഴ്ച കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്ന സ്മാർട്ട് സിറ്റിയിൽ അന്താരാഷ്ട്ര നിയമ കേന്ദ്രം തുറക്കാനുള്ള അനുമതി ദുബായ് ആസ്ഥാനമായുള്ള മുസ്തഫ ആൻഡ്‌ അൽമന നേടി. 
    
ദുബായിക്ക് പുറമെ ബ്രിട്ടനിലും അമേരിക്കയിലും ഇപ്പോൾ ഓഫീസുകളുള്ള മുസ്തഫ ആൻഡ്‌ അൽമന ഇത്തരത്തിൽ സ്മാർട്ട് സിറ്റിയിൽ വരുന്ന ആദ്യ സ്ഥാപനമാണ്. നേരത്തെ തന്നെ തിരുവനന്തപുരത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സ്മാർട്ട് സിററിയിൽ പ്രവർത്തനാനുമതി നൽകിയത് സ്പെഷൽ ഇക്കണോമിക് സോണിനായി നിയുക്തമായ പ്രത്യേക സമിതിയാണ്.  തലശ്ശേരി സ്വദേശിയായ അഡ്വ. മുസ്തഫ സഫീറിന്റെയും ഭാര്യ അൽമനയുടെയും നേതൃത്വത്തിലുള്ളതാണ് ഈ കേന്ദ്രം. മുസ്തഫ ആൻഡ്‌ അൽമന ലീഗൽ ഇന്നവേഷൻ സെന്റർ അഥവാ ‘മാലിക്’ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുന്നത്. നിയമം, ശാസ്ത്രസാങ്കേതികം, ബിസിനസ്, നിയമപഠന കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരെല്ലാം  മാലിക്കിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
    
ഒരു നിയമകേന്ദ്രം എന്നതിനപ്പുറം   ശാസ്ത്രസാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങളും നിയമവും സംയോജിപ്പിച്ചുകൊണ്ട് നിയമരംഗത്തെ വിവിധ മേഖലകളിൽ ഗവേഷണവും അതിനനുസരിച്ച് പുതിയ നിയമവഴികളും കണ്ടെത്തുന്നതായിരിക്കും ഇതെന്ന് അഡ്വ. മുസ്തഫ സഫീർ അറിയിച്ചു. 2025 ആവുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യവിഭവശേഷി കയറ്റിയയക്കുന്ന രാജ്യം ഇന്ത്യയായിരിക്കും. എല്ലാ ലോക രാജ്യങ്ങളിലും ഇന്ത്യക്കാർ പോകുന്നതും ഇന്ത്യൻ കമ്പനികൾ സ്ഥാപിക്കുന്നതും വ്യാപകമാകുന്നതോടെ നിയമപ്രശ്നങ്ങളും ഏറും. 
 
സ്മാർട്ട് സിറ്റിയിൽ തന്നെ കൂടുതൽ സ്ഥാപനങ്ങൾ വരുമ്പോൾ ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ ഉടലെടുക്കും. വിവിധ രാജ്യങ്ങളിലെ നിയമങ്ങൾ വ്യത്യസ്തമാണ്. ഓരോ പ്രശ്നത്തിലും അതിനനുസരിച്ചുള്ള നിയമപരമായ പരിഹാരങ്ങൾ നിർദേശിക്കാൻ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനത്തിന് കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുടെ നിക്ഷേപം സംബന്ധിച്ചും ഇത് ബാധകമാണ്. ഉയർന്നുവരുന്ന സ്റ്റാർട്ട് അപ്പുകൾ, ബിസിനസ് രംഗത്തിനായുള്ള ലീഗൽ ലോഞ്ച്, ആർബിട്രേഷൻ എന്നിവയിലും സേവനം നൽകും. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് വർമയുടെ സേവനം താമസിയാതെ ദുബായ് കേന്ദ്രത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.