കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്കായി ഒരുങ്ങുകയാണ് സ്മാർട്ട്സിറ്റിയും. വിവര സാങ്കേതികതയുടെ വിശാലത ഇനി ക്ലസ്റ്ററുകൾക്കായി വഴി മാറുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ ഡിജിറ്റൽ ഡിസൈൻ ക്ലസ്റ്റർ വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുമതിയായി. വാഹനങ്ങളുടെ മാതൃക തയ്യാറാക്കുന്നതു മുതൽ വ്യത്യസ്തമായ ഒട്ടേറെ മേഖലകൾ ഇതിന്റെ കീഴിൽ വരും. 

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി, മീഡിയ, ഫിനാൻസ്, റിസർച്ച്, ഇന്നവേഷൻ എന്നിങ്ങനെ വിവിധ ക്ലസ്റ്ററുകളും ഉപവിഭാഗങ്ങളുമെല്ലാം സ്മാർട്ട്സിറ്റിയുടെ ഭാഗമായി യാഥാർത്ഥ്യമാകും. വിദേശരാജ്യങ്ങളിെല വൻകിട കമ്പനികൾക്ക് വേണ്ടി കേരളത്തിലിരുന്ന് തന്നെ ജോലി ചെയ്യാനാകുമെന്നത് മറ്റൊരു നേട്ടം. 

ഇതിന് അനുസൃതമായ വിധത്തിൽ തൊഴിൽശേഷി വികസിപ്പിക്കേണ്ടതുണ്ട്. സ്മാർട്ട് സിറ്റിയുെട നേതൃത്വത്തിൽ പരിശീലനം പരിഗണനയിലുണ്ടെന്ന് ബാജു ജോർജ് പറഞ്ഞു. സ്മാർട്ട് സിറ്റിയെന്ന ബ്രാൻഡിനാണ് കമ്പനികൾ മൂല്യം കൽപ്പിക്കുന്നതെന്ന് ബാജു ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിൽ സ്മാർട്ട്സിറ്റിയുെട ഭാഗമാകുന്ന ഒരു കമ്പനി ദുബായ്, മാൾട്ട സ്മാർട്ട്സിറ്റികളുടെ കൂടി ഭാഗമായി മാറുകയാണ്. ഈ രാജ്യങ്ങളിലെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ കമ്പനികൾക്ക് കഴിയും. 


സ്മാർട്ട്സിറ്റി @ 2020
മൂന്ന് ഘട്ടങ്ങളായാണ് സ്മാർട്ട്സിറ്റിയുടെ വികസനം ആസൂത്രണം ചെയ്യുന്നത്. 2020 ഒാടെ മൂന്ന് ഘട്ടങ്ങളും പൂർണമാകും. 
വികസനം പൂർണമാകുന്നതോടെ 1,20,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പദ്ധതി പൂർണമാകുന്നതോടെ 246 ഏക്കറിൽ 140 ലക്ഷം ചതുരശ്രയടിയിൽ കെട്ടിടങ്ങളും ഉയരും.

മൊബിലിറ്റി ഹബ്ബ്
സ്മാർട്ട്സിറ്റിക്ക് അനുബന്ധമായി മൊബിലിറ്റി ഹബ്ബ് നിർമ്മിക്കാനും പദ്ധതി. ബസ്, ബോട്ട്, ട്രെയിൻ ഗതാഗത മാർഗങ്ങൾ ഒരുമിപ്പിച്ചാണ് ഹബ്ബ് ആസൂത്രണം ചെയ്യുന്നത്. 

സ്മാർട്ട്സിറ്റിക്ക് മുന്നിലൂടെ നിലവിൽ തന്നെ ബസ് റൂട്ടുണ്ട്. കടമ്പ്രയാറിലൂടെ ബോട്ട് സർവീസും സാധ്യമാണ്. ഭാവിയിൽ കൊച്ചി മെട്രോയും കാക്കനാട്ടേക്ക് ഒാടിയെത്തും. സ്മാർട്ട്സിറ്റിക്ക് കൂടി ഗുണകരമായ വിധത്തിലാണ് കൊച്ചി മെട്രോയുടെ കാക്കനാട് ഇൻഫോപാർക്ക് സ്റ്റേഷൻ. ഇവയെല്ലാം ഒരു കുടക്കീഴിലാക്കി മൊബിലിറ്റി ഹബ്ബ് നിർമ്മിക്കാനാണ് ലക്ഷ്യം.

സ്മാർട്ട്സിറ്റി വികസനം പൂർത്തിയാക്കുന്നതിനൊപ്പം െമാബിലിറ്റി ഹബ്ബും യാഥാർത്ഥ്യമാക്കുമെന്ന് അധികൃതർ പറയുന്നു.

ഡിജിറ്റൽ ഷോപ്പിങ് മാൾ
കമ്പ്യൂട്ടറിനെ അനുസ്മരിപ്പിക്കുന്ന വലിയൊരു സ്ക്രീൻ. അരിയും പഞ്ചസാരയും സോപ്പും ചീപ്പുമെല്ലാം ഒരു ഷോപ്പിങ് മാളിലെന്ന പോലെ നിരന്നിരിപ്പുണ്ടാകും ഈ സ്ക്രീനിൽ. വേണ്ട സാധനങ്ങളിൽ വിരലൊന്ന് തൊടേണ്ട താമസം. അവ നിങ്ങളുടെ ‍ഡിജിറ്റൽ ബാസ്‍ക്കറ്റിൽ വന്നുവീഴും. ഒാഫീസ് സമയം കഴിഞ്ഞ് ഇറങ്ങുന്നതിന് മുൻപ് സാധനങ്ങളെല്ലാം കൈയിലും കിട്ടും. 

‍ഷോപ്പിങ്ങിന്റെ ആയാസം ഒരു വിരൽസ്പർശം പോലെ ലളിതമാക്കുന്ന ഡിജിറ്റൽ ഷോപ്പിങ് മാൾ സ്മാർട്ട്സിറ്റിയുടെ ഭാഗമായി യാഥാർത്ഥ്യമാകും. ആദ്യ കെട്ടിടത്തിൽ തന്നെ ഈ സൗകര്യമൊരുക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് സ്മാർട്ട്സിറ്റി അധികൃതർ പറഞ്ഞു. 


പേരിൽ കൺഫ്യൂഷൻ വേണ്ട
സ്മാർട്ട്സിറ്റിയെന്ന് കേട്ടാൽ കൊച്ചിക്കാർക്ക് ആകെ കൺഫ്യൂഷനാണ്. കാരണം കൊച്ചിയിലിപ്പോൾ സ്മാർട്ട്സിറ്റികൾ രണ്ടാണ്. കാക്കനാട്ടെ സ്മാർട്ട്സിറ്റിയെന്നും നഗരസഭയുെട സ്മാർട്ട്സിറ്റിയെന്നുമൊക്കെ വേർതിരിച്ച് പറയേണ്ട അവസ്ഥ.
കേന്ദ്രസർക്കാറിന്റെ സ്മാർട്ട്സിറ്റി പദ്ധതി വന്നത് അൽപ്പം കൺഫ്യൂഷനുണ്ടാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. ബാജു ജോർജ് സമ്മതിക്കുന്നു. ഒട്ടേറെ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖലയാണ് ദുബായ് സ്മാർട്ട്സിറ്റി. ഒരു ബ്രാൻഡെന്ന നിലയ്ക്ക് ഏറെ ശ്രദ്ധേയമാണ് ഈ പേര്. കേന്ദ്രസർക്കാറിന്റെ പദ്ധതി കൊച്ചിയിൽ സ്മാർട്ട്സിറ്റി കമ്പനിക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.