12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന് സ്മാർട്ട്‌സിറ്റി സ്വന്തമാകുന്നു. ലോക ഐ.ടി. ഭൂപടത്തിൽ കൊച്ചി ഇനി സ്മാർട്ട് കൊച്ചി തന്നെ. കാക്കനാട്ടെ പദ്ധതി പ്രദേശത്ത് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തെ ആദ്യത്തെ സ്മാർട്ട്‌സിറ്റി കൂടിയാണ്.
സർക്കാർതലത്തിലെ പടലപ്പിണക്കങ്ങളും മെല്ലെപ്പോക്കുമെല്ലാം കൊണ്ട് കുടുങ്ങിക്കിടന്ന പദ്ധതി ഒരു വർഷം മുൻപാണ് ജീവൻ വച്ചത്. പദ്ധതിക്ക് ജന്മം നൽകിയവർ തന്നെ തർക്കങ്ങളെല്ലാം പരിഹരിച്ച് ഒടുവിൽ സ്മാർട്ട്‌സിറ്റി യാഥാർത്ഥ്യമാക്കുന്നു.
 
വിഭാവനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇൻഫോപാർക്കും ടെക്നോപാർക്കുമെല്ലാം അടയാളമാക്കി കേരളം ഐ.ടി. യിൽ ഏറെ വളർച്ച നേടി. കൊച്ചിയിലാണെങ്കിൽ സ്മാർട്ട്സിറ്റിയെന്ന പേരിന് മറ്റൊരു അവകാശം കൂടിയായി. കേന്ദ്രസർക്കാറിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഇടംനേടി സ്മാർട്ട്‌  നഗരമാകാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി.
ഉദ്ദേശിച്ചതിലും ഏറെ വൈകിയെങ്കിലും സ്മാർട്ട്സിറ്റിയുടെ പ്രസക്തി ഇനിയും നഷ്ടമായിട്ടില്ലെന്ന് സി.ഇ.ഒ. ബാജു ജോർജ് വ്യക്തമാക്കുന്നു.

ഐ.ടി.യിൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ കേരളത്തിന് ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
90,000 തൊഴിലവസരങ്ങളും 1,700 കോടി രൂപയുടെ നിക്ഷേപവുമാണ് പദ്ധതിയിൽ ടീകോം ആദ്യം പ്രഖ്യാപിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപവും തൊഴിലവസരങ്ങളും വർധിച്ചിട്ടുണ്ടെന്ന് ബാജുവിന്റെ വാക്കുകൾ. 2020 ൽ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ നേരിട്ടുള്ള ആകെ തൊഴിലവസരങ്ങൾ 1,20,000 കവിയും. 

നിക്ഷേപം, െതാഴിലവസരം എന്നിങ്ങനെയുള്ള അളവുകോലുകൾക്ക് ഉപരിയായും സ്മാർട്ട്സിറ്റിക്ക്‌  ഏറെ നേട്ടങ്ങൾ ഉണ്ട്‌. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഐ.ടി.കമ്പനികൾ സ്മാർട്ട്സിറ്റി വഴി കൊച്ചിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സ്വയം പര്യാപ്തമായ ടൗൺഷിപ്പായതിനാൽ ഐ.ടി. യിൽ മാത്രമാകില്ല നിക്ഷേപം. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ജീവനക്കാർക്കായി പാർപ്പിട സൗകര്യങ്ങൾ വികസിപ്പിക്കും. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലേക്കും നീളും നിക്ഷേപം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്പത്രികളും ഷോപ്പിങ് കോംപ്ലക്സുകളുമെല്ലാം സ്മാർട്ട്സിറ്റിയുടെ ഭാഗമായി പദ്ധതി പ്രദേശത്ത് യാഥാർത്ഥ്യമാകും. അവിദഗ്ദ്ധ തൊഴിലാളികൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കുമെല്ലാം ഒരേപോലെയാണ് തൊഴിലവസരങ്ങൾ. ഇവയെല്ലാം കേരളത്തിന്റെ വ്യവസായ വാണിജ്യമേഖലക്ക്‌ കുതിേപ്പകും. പ്രഖ്യാപനമനുസരിച്ച് കാര്യങ്ങൾ നടന്നാൽ  പെട്ടിക്കടക്കാരൻ മുതൽ റിയൽ എസ്റ്റേറ്റ് മേഖലക്ക്‌ വരെ ഗുണകരമാകും സ്മാർട്ട്സിറ്റിയെന്ന് ചുരുക്കം.

പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പ് 
ഐ.ടി. മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 2004 ലാണ് സ്മാർട്ട്‌സിറ്റി വിഭാവനം ചെയ്യുന്നത്. കൊച്ചിയിൽ സ്മാർട്ട്‌ സിറ്റി പദ്ധതിക്ക് താത്‌പര്യമുണ്ടെന്നറിയിച്ച് 2004 ജൂലായിലാണ് ദുബായ് സംഘം എത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഐ.ടി.പാർക്കായ ഇൻഫോപാർക്കിനെയാണ് ഈ ആവശ്യവുമായി അവർ ആദ്യം സമീപിച്ചത്. 

സർക്കാർ തലത്തിൽ നിന്ന് അനുകൂല പ്രതികരണം ഉടനെത്തി. ഇതോടെ ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ പ്രതിനിധികൾ കൊച്ചി സന്ദർശിച്ചു. 2004 ഒക്ടോബർ 31 നായിരുന്നു ഇത്. കേരളം അതുവരെ കാണാത്ത തരത്തിലുള്ള ചർച്ചകളുടെ തുടക്കമായിരുന്നു ആ സന്ദർശനം. ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ വിഭാവനം ചെയ്ത പദ്ധതി ഐ.ടി.യിൽ കേരളത്തിന്റെ തലവര തന്നെ മാറ്റിയെഴുതുമെന്നായിരുന്നു ഐ.ടി. വിദഗ്ദ്ധരുടെ അഭിപ്രായം.

ഇൻഫോപാർക്കിലും മറ്റുമെത്തി ദുബായ് സംഘം സൗകര്യങ്ങൾ വിലയിരുത്തി. സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് ഇവർ ഡിസംബറിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി. ഇരുവിഭാഗവും താത്‌പര്യം പ്രകടിപ്പിച്ചതോടെ സ്മാർട്ട്‌സിറ്റിക്കായി പിന്നെയും ചർച്ചകൾ ഏറെ നടന്നു.
യു.ഡി.എഫ്. സർക്കാർ സ്മാർട്ട്‌സിറ്റിക്കായി ഇൻഫോപാർക്ക് കൈമാറാൻ നടത്തിയ നീക്കമാണ് പദ്ധതിയെ ആദ്യം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഇൻഫോപാർക്ക് കൈമാറി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം ശക്തമായ നിലപാടെടുത്തു. വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊപ്പം പദ്ധതിയും ഏറെ നീണ്ടുപോയി.

പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ഇൻഫോപാർക്ക് കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ തീരുമാനങ്ങളെല്ലാം കരാറിൽ നിന്ന് ഒഴിവാക്കി. പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സുമായി പുതിയ കരാറിലേർപ്പെടുകയും ചെയ്തു. 2007 മേയ് 13 ന് കരാറിൽ ഒപ്പിട്ടു. നവംബർ 16 ന് പദ്ധതിയുടെ തറക്കല്ലിടലും നടന്നു. 

 ഉടൻ യാഥാർത്ഥ്യമാകുമെന്ന ഘട്ടത്തിലാണ് നിർമ്മാണ അവകാശം സംബന്ധിച്ച പുതിയ തർക്കം ഉടലെടുക്കുന്നത്. സ്വതന്ത്ര നിർമ്മാണ അവകാശത്തെക്കുറിച്ചുള്ള ഈ തർക്കം പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാക്കി. 

പദ്ധതി വിഭാവനം ചെയ്ത 246 ഏക്കറിൽ 12 ശതമാനം ഭൂമിക്ക് സ്വതന്ത്ര നിർമ്മാണ അവകാശം ആവശ്യപ്പെട്ടാണ് തർക്കം തുടങ്ങിയത്. പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക് (സെസ് ) പുറത്ത് സ്വതന്ത്ര നിർമ്മാണ അവകാശം വേണമെന്ന് ടീകോം വാദിച്ചു. വിൽപ്പനാവകാശത്തോടെ ഈ അധികാരം നൽകണമെന്നായിരുന്നു ആവശ്യം. 

എന്നാൽ സ്വതന്ത്ര അവകാശ ഭൂമി വിൽക്കാൻ അനുവദിക്കില്ലെന്ന് നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. പിന്നാലെ സെസ് പദവി സംബന്ധിച്ചും രജിസ്‌ട്രേഷൻ സംബന്ധിച്ചുമെല്ലാം തർക്കങ്ങൾ വേറെയുമുയർന്നു.

ഭരണകാലയളവ് കഴിയുന്നതിനുമുൻപ് തർക്കങ്ങളെല്ലാം പരിഹരിച്ചെങ്കിലും നിർമ്മാണം തുടങ്ങാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ഇത് യു.ഡി.എഫിന് ഗുണകരമായി. വർഷങ്ങളുടെ ഇടവേളയിലാണെങ്കിലും യു.ഡി.എഫ്. ഭരണകാലയളവിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാവകുയാണ്.  

സ്മാർട്ട്സിറ്റി
വിവര സാങ്കേതിക മേഖലയിലെ കമ്പനികളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് സ്മാർട്ട്സിറ്റി വഴി ലക്ഷ്യമിടുന്നത്. സ്മാർട്ട്സിറ്റി ഇന്ത്യയിൽ ആദ്യമാണ്. തികച്ചും സ്വയംപര്യാപ്തമായ ഒരു ബിസിനസ്സ് ടൗൺഷിപ്പായിരിക്കുമിത്.

ദുബായിയിലെ ഇന്റർനെറ്റ് സിറ്റി, മീഡിയ സിറ്റി, നോെളജ് വില്ലേജ് എന്നിവയുടെ മാതൃകയിലാണ് രൂപകൽപ്പന.
കാക്കനാട്ട് 246 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഐ.ടി. ക്കൊപ്പം മറ്റ് മേഖലകളിലും നിക്ഷേപമുണ്ടാകും. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി, മീഡിയ, ഫിനാൻസ്, റിസർച്ച്, ഇന്നവേഷൻ എന്നീ മേഖലകളിലായി വിവിധ കമ്പനികൾ ഇവിടെ പ്രവർത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആസ്പത്രികൾ, ഷോപ്പിങ് കോംപ്ലക്സുകൾ, സ്റ്റേഡിയം, പാർപ്പിടസൗകര്യം തുടങ്ങിയവയെല്ലാം സ്മാർട്ട്സിറ്റിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.