bajuസ്മാർട്ട്‌സിറ്റിയുടെ രണ്ടാംഘട്ടം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് സി.ഇ.ഒ. ബാജു ജോർജ്. ആദ്യ ഘട്ടത്തിൽ സ്മാർട്ട്‌സിറ്റി നേരിട്ടാണ് നിർമ്മാണം നടത്തിയത്. എന്നാൽ രണ്ടാംഘട്ടത്തിൽ നിർമ്മാണത്തിന്‌ പങ്കാളിത്തമുണ്ടാകും. 

47 ലക്ഷം ചതുരശ്രയടിയിൽ ഐ.ടി.കെട്ടിടങ്ങൾ രണ്ടാംഘട്ടത്തിൽ യാഥാർത്ഥ്യമാകും. ഐ.ടി. ക്ക്‌ പുറമേയുള്ള നിർമ്മാണം കൂടിയാകുമ്പോൾ കെട്ടിടങ്ങളുടെ എണ്ണം വർധിക്കും. കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചതായും ബാജു വ്യക്തമാക്കി. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും തുടങ്ങും. 

പുതിയ മൂന്ന് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് കൂടി കഴിഞ്ഞദിവസം അനുമതി കിട്ടിയിട്ടുണ്ട്. ഏകജാലക ബോർഡ് യോഗത്തിലാണ് അനുമതി ലഭിച്ചത്. സാൻഡ്‌സ് ഇൻഫ്ര, മാറാട്ട് പ്രൊജക്ട്‌സ്, ഹോളിഡേ ഗ്രൂപ്പ് തുടങ്ങിയവയെല്ലാം രണ്ടാംഘട്ടത്തിൽ സ്മാർട്ട്‌സിറ്റിയുടെ ഭാഗമാകും.  
സാൻഡ്‌സ് ഇൻഫ്ര 12.74 ഏക്കറിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറും താഴത്തെ മൂന്ന് നിലകളും കൂടാതെ 35 നിലകളുണ്ടാകും. പാർക്കിങ്ങ് ഉൾപ്പെടെ 41.9 ലക്ഷം ചതുരശ്രയടിയിലായിരിക്കും നിർമ്മാണം. 22,000 പേർക്ക് ഇവിടെ ജോലി ചെയ്യാനാകും.
ബാംഗ്ലൂർ കേന്ദ്രമായ മാറാട്ട് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 3.6 ഏക്കർ സ്ഥലമാണ് നിർമ്മാണത്തിനായി എടുത്തിരിക്കുന്നത്.

ഏഴ് നിലകളിലാണ് നിർമ്മാണം. 5,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യമുണ്ടാകും. ഹോളിഡേ ഗ്രൂപ്പ് 5.5 ഏക്കറിൽ പത്തരലക്ഷം ചതുരശ്രയടിയിലാണ് നിർമ്മാണം ആസൂത്രണം ചെയ്യുന്നത്. 12000 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. 
ഇതിനുപുറമേ ഏതാനും പ്രമുഖ കമ്പനികളും രണ്ടാംഘട്ടത്തിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബാജു പറഞ്ഞു. 

ആറരലക്ഷം, 400 കോടി
ആറരലക്ഷം ചതുരശ്രയടിയിലാണ് സ്മാർട്ട്സിറ്റിയുടെ ആദ്യ കെട്ടിടം. ആദ്യഘട്ടത്തിലെ ഈ കെട്ടിടം പൂർണമായും ഐ.ടി. ക്കായി മാറ്റി വച്ചിരിക്കുകയാണ്. 400 കോടി രൂപയാണ് ആദ്യഘട്ടത്തിലെ മുതൽ മുടക്ക്.

ലീഡ് പ്ലാറ്റിനം റേറ്റിങ് ലഭിച്ച കെട്ടിടമാണിത്. പ്ലാറ്റിനം റേറ്റിങ്ങുള്ളതിൽ ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഐ.ടി.കെട്ടിടം കൂടിയാണിത്.
താഴത്തെ നില പൂർണമായും പാർക്കിങ്ങിനായി മാറ്റിവച്ചിട്ടുണ്ട്. ഏകദേശം 700 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. ആദ്യനിലയിൽ കുട്ടികൾക്കുള്ള ഡേ കെയർ, ബാങ്കിങ് സൗകര്യം, ആസ്റ്റർ മെഡ്സിറ്റിയുടെ ക്ലിനിക്, ഫുഡ് കോർട്ട് തുടങ്ങിയവയുണ്ടാകും. രണ്ടാമത്തെ നില മുതൽ ഐ.ടി. കമ്പനികളുടെ ഒാഫീസുകളായിരിക്കും. 

കെട്ടിടത്തിന് പുറത്ത് കടമ്പ്രയാറിനോട് ചേർന്ന് നാലര കിലോമീറ്റർ നീളത്തിൽ നടപ്പാതയും ഒരുക്കുന്നുണ്ട്. ഇതിനുപുറമേ ചിത്രശലഭ പാർക്ക് ഉൾപ്പെടെയുള്ളവയും പരിഗണനയിലുണ്ട്.

പരിസ്ഥിതി സൗഹൃദമായ നിർമ്മാണ മാതൃകകളാണ് പിന്തുടർന്നിരിക്കുന്നതെന്ന് ബാജു ജോർജ് പറഞ്ഞു. മഴവെള്ള സംഭരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെള്ളം, റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയായി.
ആവശ്യമായ വെള്ളത്തിന്റെ ഒരു ഭാഗം കിൻഫ്രയിൽ നിന്ന് ലഭ്യമാക്കാൻ ധാരണയായി. കടമ്പ്രയാറിൽ നിന്ന് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ബാജു പറഞ്ഞു.

കെ.എസ്.ഇ.ബി.ക്ക് വീലിങ് ചാർജ് നൽകി ഇന്ത്യയിൽ എവിടെ നിന്നും വൈദ്യുതി വാങ്ങുന്നതിനും സ്മാർട്ട്സിറ്റിക്ക് അനുമതിയുണ്ട്. കെ.എസ്.ഇ.ബി.യുടെ നെറ്റ്‍വർക്ക് വഴിയാണ് വൈദ്യുതി വാങ്ങുക. പദ്ധതിപ്രദേശത്തേക്കുള്ള റോഡുകളുടെയും പാലത്തിന്റെയും നിർമ്മാണവും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.