മൂന്ന് വർഷം മുമ്പ് ഏപ്രിൽ മാസത്തിലെ ഒരു ദിവസം- കൊച്ചി സ്മാർട്ട് സിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ദുബായിൽ നടക്കുന്നു. ആദ്യഘട്ടം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നതിന്റെ തീരുമാനമെടുക്കാനാണ് യോഗം. സ്മാർട്ട് സിറ്റിയുടെ മാതൃസ്ഥാപനമായ ടീകോം ഉൾപ്പെടെയുള്ള ദുബായ് ഹോൾഡിങ്‌സിന്റെ  (ഇപ്പോൾ ദുബായ് ഗ്രൂപ്പ്) പ്രധാന ഓഫീസായ ദുബായ് എമിറേറ്റ്‌സ് ടവറിലാണ് എല്ലാവരും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ബോർഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി തുടങ്ങിയവരെല്ലാം യോഗത്തിലുണ്ട്.

ബോർഡ് യോഗത്തിന് ശേഷം ദുബായ് ഹോൾഡിങ്‌സിന്റെ ഓഫീസിലേക്ക് എല്ലാവരും നീങ്ങി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യവും അന്ന് എമിറേറ്റ്‌സ് ടവറിലുണ്ട്. ശൈഖ് മുഹമ്മദിന്റെ ഒരു പ്രധാന ഓഫീസ് ഈ ബഹുനില കെട്ടിട സമുച്ചയത്തിലാണ്. ദുബായ് ഹോൾഡിങ്‌സിൽ നടന്ന കൂടിക്കാഴ്ച പ്രധാനമായും ശൈഖ് മുഹമ്മദുമായിട്ടായിരുന്നു. ദുബായിയുടെ നേതൃത്വത്തിൽ വല്ലാർപാടത്തിന് ശേഷം കൊച്ചിയിൽ നടക്കുന്ന അടുത്ത സംരംഭത്തിന്റെ കാര്യം ശൈഖ് മുഹമ്മദിനെ എല്ലാവരും ചേർന്ന് ധരിപ്പിച്ചു. യോഗ തീരുമാനം അറിയാനായി കാത്തിരുന്ന മലയാളി മാധ്യമ സംഘം അപ്പോഴേയ്ക്കും ശൈഖ് മുഹമ്മദിന്റെ സാന്നിധ്യം അറിഞ്ഞിരുന്നു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയ ശേഷം ശൈഖ് മുഹമ്മദ് യാത്ര പുറപ്പെടാനിരിക്കുകയായിരുന്നു. മലയാളി മാധ്യമ പ്രവർത്തകർക്ക് കാണാനുള്ള സൗകര്യം നൽകണമെന്ന കേരള സംഘത്തിന്റെ അപേക്ഷ പ്രകാരം ശൈഖ് മുഹമ്മദ് താഴെ നിലയിൽ ഞങ്ങൾക്കായി ലോബിയിൽ അഞ്ച് മിനിട്ടോളം കാത്തുനിന്നു. എല്ലാവരും എത്തിയപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്മാർട്ട് സിറ്റിയുടെ നിർമ്മാണം തുടങ്ങുന്ന കാര്യം അദ്ദേഹത്തിന്റെ മുന്നിൽ വെച്ച്  പ്രഖ്യാപിച്ചു.

ഒന്നാം ഘട്ടം പതിനെട്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ട് നേർത്ത ചിരിയോടെ ശൈഖ് മുഹമ്മദ് ചോദിച്ചത് എന്തിന് ഇതിന് പതിനെട്ട് മാസം എന്നായിരുന്നു. പരസ്യമായി തന്നെയായിരുന്നു ദുബായ് ഭരണാധികാരിയുടെ ചോദ്യം. കഴിയുന്നതും അതിന് മുമ്പ് തന്നെ പണി തീർക്കാനാകുമെന്ന് ഉപായത്തിൽ പറഞ്ഞ് മുഖ്യമന്ത്രി തടിയൂരി. വലിയൊരു പദ്ധതിയുടെ ഒരു ഭാഗം കെട്ടിടം പണിയാൻ എന്തിന് 18 മാസം എന്നായിരുന്നു ദുബായ് ഭരണാധികാരി അതിശയപ്പെട്ടത്. 
    
ആ സംശയം അദ്ദേഹം ഉന്നയിച്ച ശേഷം 18 മാസം എന്നേ കടന്നുപോയി. ഇപ്പോൾ അത് 34 മാസത്തോളമാകുന്നു. ഒടുവിൽ ആദ്യഘട്ടം ഉദ്ഘാടനത്തിനായി ഒരുങ്ങുമ്പോൾ ഏറെ കൗതുകം നൽകുന്നുണ്ട് അന്നത്തെ ആ നിമിഷങ്ങൾ. 
        
പുതിയ റോഡുകൾ ആഴ്ചകൾ കൊണ്ടും ഫ്ളൈഓവറുകൾ മാസങ്ങൾ കൊണ്ടും പൂർത്തിയാക്കുന്ന നഗരമാണ് ദുബായ്. ആ അനുഭവം വെച്ചാകാം ദുബായ് ഭരണാധികാരി എന്തിന് 18 മാസം എന്ന് ആരാഞ്ഞത്. എന്തായാലും കേരളത്തിലെ കാര്യം ശരിക്കറിയാവുന്നതിനാൽ മുഖ്യമന്ത്രിക്ക് അന്നും അത്തരം സംശയം ഉണ്ടാകാനിടയില്ല. പക്ഷെ ദുബായ് ഭരണാധികാരിക്ക് മാത്രമല്ല, കൊച്ചി സ്മാർട്ട് സിറ്റിയുടെ മാതൃ സ്ഥാപനമായ ടീകോമിനും അവരുടെ പൊതു വേദിയായ ദുബായ് ഗ്രൂപ്പിനും ആ സംശയം ഇപ്പോഴും തീരുന്നില്ല. കൊച്ചിക്ക് ശേഷം തുടങ്ങിയ മാൾട്ട സ്മാർട്ട് സിറ്റി എത്രയോ മുമ്പ് തന്നെ അവരുടെ പ്രവർത്തനം തുടങ്ങിയത് അവർ ചൂണ്ടിക്കാട്ടുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവത്തതിലെ അമർഷവും വേദനയും അവർ പങ്ക് വെയ്ക്കുന്നു.
    
എണ്ണയോ അനുബന്ധ ഉത്‌പന്നങ്ങളോ കാര്യമായി സ്വാധീനം ചെലുത്താത്ത നഗരമാണ് ദുബായ്. 1971  ഡിസംബർ രണ്ടിന് രൂപം കൊണ്ട ഐക്യ അറബ് നാടുകൾ അഥവാ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ ) എന്ന രാജ്യത്തിലെ പ്രധാന നഗരമാണ് ദുബായ്. രാജ്യ തലസ്ഥാനം അബുദാബിയാണെങ്കിലും പ്രശസ്തി ഏറെ ദുബായിക്കാണ്. ഇരുന്നൂറിലേറെ രാജ്യക്കാർ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അധിവസിക്കുന്ന നഗരം. അത്തരമൊരു ഇഴയടുപ്പം ലോകത്ത് വേറൊരു നഗരത്തിനുമുണ്ടാവില്ല.

എണ്ണയെ ദുബായ് കാര്യമായി എടുക്കുന്നില്ല. അവരുടെ വരുമാനമത്രയും വ്യവസായവും വാണിജ്യവും ടൂറിസവുമാണ്. നികുതിയില്ലാതെ വ്യാപാരം നടത്താവുന്ന നഗരം. ലോകത്തിലെ എല്ലാ വ്യവസായികളുടെയും പുതിയ ഹബ്ബ് ആണ് ഇന്ന് ദുബായ്. ഇന്ത്യയിലേക്കുള്ള ഉത്‌പന്നങ്ങൾക്കും ദുബായ് ഒരു ഇടത്താവളമാകുന്നു. ആ നഗരത്തിൽ സ്വതന്ത്രമായി വ്യാപാരം ചെയ്യാനും വ്യവസായം ആരംഭിക്കാനുമായി തുടങ്ങിയതാണ് പ്രത്യേക മേഖലകൾ. അതിന്റെ പ്രധാന അവകാശികളാണ് ടീകോം. പത്ത് ബിസിനസ്സ് മേഖലകളാണ് ടീകോമിനുള്ളത്. ഇതിൽ 4,650 ബിസിനസ്സുകൾ നടക്കുന്നു. എല്ലാറ്റിലുമായി ജോലി ചെയ്യുന്നവർ 75,000 കവിയും. 
    
ഇത്തരത്തിൽ വാണിജ്യവും വ്യവസായവും സദാ നടക്കുന്നതിനാൽ ദുബായ് നഗരം ഉറങ്ങാറില്ല. ഓരോ മിനിട്ടിലും വന്നുപോകുന്ന വിമാനങ്ങൾ. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തേയും വെല്ലുന്ന വിധത്തിലേക്ക് ദുബായിലെ നാല് വിമാനത്താവളങ്ങൾ വളർന്നിരിക്കുന്നു. കൊച്ചിയോളം മാത്രം വലിപ്പമുള്ള ഒരു എമിറേറ്റാണ് ദുബായ്. എന്നാൽ അംബര ചുംബികളായ കെട്ടിടങ്ങളുടെ കൂറ്റൻ നിരയും മികച്ച പൊതുഗതാഗത സംവിധാനങ്ങളും അതിലും മനോഹരമായ റോഡുകളുമെല്ലാം ചേർന്ന് ദുബായ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായിരിക്കുന്നു. ഏത് അർദ്ധരാത്രിക്കും സ്ത്രീകൾക്ക് ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നുപോകാനുള്ള സുരക്ഷാ ബോധവും ഈ നഗരം നൽകുന്നു. ടൂറിസവും വാണിജ്യവുമൊക്കെ തഴച്ചുവളരുന്നതിന് പ്രധാന കാരണവും ഈ സുരക്ഷാബോധം തന്നെ.

ദുബായ് ഗ്രൂപ്പ്
ദുബായ്  ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് മുന്നേറുന്നത്. 2004 ൽ സ്ഥാപിതമായ ഈ സംവിധാനം ദുബായ് ഹോൾഡിങ് കമേർസ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ദുബായ് ഹോൾഡിങ്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ദുബായ് ഹോൾഡിങ്‌സിൽ ജുമേറ ഗ്രൂപ്പ്, ടീകോം, ദുബായ് പ്രോപ്പർട്ടീസ്, എമിറേറ്റ്‌സ് ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻസ് എന്നിവ പ്രവർത്തിക്കുന്നു.  ഇൻവെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പിലാകട്ടെ സാമ്പത്തിക കാര്യങ്ങളും നിക്ഷേപങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണുള്ളത്.

ടീകോം
പ്രത്യേക മേഖലകൾക്ക് പ്രത്യേകം നഗരങ്ങളുണ്ടാക്കുന്നതാണ് ദുബായ് നഗരത്തിന്റെ സവിശേഷത. ഇതെല്ലാം ടീകോമിന്റെ കീഴിൽ വരുന്നു. ഫ്രീസോൺ എന്ന നിലയിലാണ് എല്ലാം. നിക്ഷേപിക്കുന്നവർക്ക് അവരുടെ സ്ഥലസൗകര്യം കണക്കിലെടുത്ത് വിസയെടുക്കാം. മറ്റ് ഭാഗങ്ങളിലുള്ളത് പോലെ സ്വദേശിയായ ഒരു സ്പോൺസർ ആവശ്യമില്ല എന്നതാണ് ഈ ഫ്രീസോണിലെ ഏറ്റവും വലിയ ആനുകൂല്യം. വിസ നൽകുന്നതും ടീകോം തന്നെയായിരിക്കും. നേരത്തെ ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന് അറിയപ്പെട്ടിരുന്നത് ഈയിടെയാണ് ടീകോം എന്നായി മാറിയത്. എല്ലാത്തിന്റെയും മാതൃസ്ഥാപനമായ ദുബായ് ഹോൾഡിങ്‌സും ഈയിടെ പേര് മാറ്റി- പുതിയ പേര് ദുബായ് ഗ്രൂപ്പ്. 
    
ടീകോമിന്റെ ഫ്രീസോണിലെ ഓരോ പ്രത്യേക മേഖലയും ഇവിടെ സിറ്റിയായാണ് അറിയപ്പെടുന്നത്. മാധ്യമങ്ങൾക്കായി മീഡിയാ സിറ്റി, ദൃശ്യമാധ്യമങ്ങൾക്കും സിനിമകൾക്കുമായി സ്റ്റുഡിയോ സിറ്റി, വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കായി അക്കാദമിക് സിറ്റി...അങ്ങിനെ പോകുന്നു സിറ്റികൾ. ചുരുക്കത്തിൽ ഇത്തരം സിറ്റികളുടെ നഗരമാണ് ദുബായ്.. അതേ, സിറ്റി ഓഫ് സിറ്റീസ്.

ഇന്റർനെറ്റ് സിറ്റി
ടീകോമിന്റെ പ്രധാന കേന്ദ്രമാണ് ദുബായ് ഇന്റർനെറ്റ് സിറ്റി. ലോകത്തിലെ ഏതാണ്ടെല്ലാ ഐ.ടി കമ്പനികളുടെയും ഹബ്ബ് ആണിത്. 1700 ൽ ഏറെ കമ്പനികളാണ് ഇതിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഫോർച്ച്യൂൺ ഗണത്തിൽ പെട്ട അഞ്ഞൂറോളം കമ്പനികളും പെടുന്നു. 

ഔട്ട്‌സോഴ്‌സ് സിറ്റി
വ്യവസായങ്ങളുടെ വളർച്ച ലക്ഷ്യമാക്കി രൂപം കൊണ്ട പ്രത്യേക മേഖലയാണിത്. ഔട്ട്‌സോഴ്‌സിങ്ങ് സേവനങ്ങളാണ് ഇവിടെ പ്രധാനമായും നടക്കുന്നത്.

മീഡിയാ സിറ്റി 
അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും കേന്ദ്രമാണിത്. ലോകത്തുള്ള ഏതാണ്ടെല്ലാ പരസ്യക്കമ്പനികളും ഇവിട പ്രവർത്തിക്കുന്നു.

സ്‌റ്റുഡിയോ സിറ്റി
പ്രക്ഷേപണ, സംപ്രേഷണ രംഗത്തുള്ളവരുടെ കേന്ദ്രമാണിത്. സിനിമാ നിർമ്മാണത്തിന്റെയും താക്കോൽ ഇവിടെയാണ്. ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലെയും സിനിമകളുടെ പ്രധാന ലൊക്കേഷനായി ദുബായ് മാറിയിട്ടുണ്ട്. അതിനുള്ള അനുമതിയെല്ലാം നൽകുന്ന സംവിധാനങ്ങൾ ഇവിടെയാണ്.

അക്കാദമിക് സിറ്റി
ലോകത്തിലെ പ്രശസ്തമായ എല്ലാ സർവകലാശാലകളുടെയും ശാഖകളുടെ കേന്ദ്രമാണിത്. ആധുനിക വിദ്യാഭ്യാസത്തിന്റെ വിളനിലം എന്നും വിശേഷിപ്പിക്കാം. 

താഴെ പറയുന്ന മേഖലകളും ടീകോമിന്റെ കീഴിൽ പ്രവർത്തിക്കുന്നു. എല്ലാം അതത് മേഖലയിലെ പ്രവർത്തനങ്ങൾക്കായുള്ള മേഖലയാണ്. 
* ഇന്റർനാഷണൽ മീഡിയാ പ്രൊഡക്‌ഷൻ സോൺ
* നോളെജ്‌ വില്ലേജ്
* സയൻസ് പാർക്ക്
  
അറബ് മീഡിയാ ഗ്രൂപ്പ്, ദുബായ് ഗ്ലോബൽ വില്ലേജ്, അറേബ്യൻ റേഡിയോ നെറ്റ് വർക്ക്  എന്നിവയും ടീകോമിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റി പേര് സൂചിപ്പിക്കുന്നതു പോലെ വ്യവസായങ്ങളുടെ നഗരമാണിത്. 560 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എല്ലാത്തരം ആധുനിക യന്ത്രസംവിധാനങ്ങളും ഇവിടെ സജ്ജമാണ്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് (ഡി ത്രീ) എന്നത് ഫാഷൻ ലോകത്തേക്കുള്ള ദുബായിയുടെ തയ്യാറെടുപ്പാണ്. 2013 ൽ പ്രഖ്യാപിച്ച ഡി ത്രീയുടെ ആദ്യഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഫാഷൻ സംരംഭങ്ങളുടെ കേന്ദ്രമായി ഇതിനെ മാറ്റിയെടുക്കാനാണ്‌ ലക്ഷ്യമിടുന്നത്. 

കൊച്ചിയും മാൾട്ടയും
ടീകോമിന്റെ പ്രധാനപ്പെട്ട രണ്ട് സംരംഭങ്ങളാണ് കൊച്ചിയിലെയും മാൾട്ടയിലെയും സ്മാർട്ട് സിറ്റികൾ. കൊച്ചിക്ക് ശേഷമാണ് മാൾട്ടയുടെ പ്രവർത്തനം തുടങ്ങിയതെങ്കിലും ആദ്യം പ്രവർത്തനക്ഷമമായത് മാൾട്ടയാണ്. 
    
ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ യൂറോപ്പിലെ ആദ്യ ഐ.ടി. സംരംഭമാണ് മാൾട്ടയിലെ സ്മാർട്ട് സിറ്റി. മാൾട്ട ഗവൺമെന്റിന് ഒമ്പത് ശതമാനമാണ് ഇതിൽ ഓഹരിയുള്ളത്. 2007 ൽ കൊച്ചിയിൽ സ്മാർട്ട് സിറ്റിക്കായുള്ള ധാരണാപത്രം ഒപ്പിട്ടതിന് തൊട്ടുപിന്നാലെ തന്നെയാണ് മാൾട്ട ഗവണ്മെന്റും ടീകോമും തമ്മിൽ ധാരണയിലെത്തിയത്. മുഹമ്മദ് അൽ ഗർഗാവിയാണ്  ദുബായ് ഗ്രൂപ്പിന്റെ സാരഥി.  കൊച്ചി സ്മാർട്ട് സിറ്റിക്ക് തുടക്കം കുറിക്കുന്ന നിമിഷത്തിന് സാക്ഷിയാവാൻ അദ്ദേഹവും എത്തും.