നിക്ക് കേവലം പാഠപുസ്തകങ്ങളിലൂടെ മാത്രം പരിചയമുള്ള ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ഒരു മാതൃകാപുരുഷന്റെ ജന്മദിനമാണ് നവംബര്‍ 14. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും കുട്ടികളുടെ വാത്സല്യനിധിയുമായ ചാച്ചാജി എന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണ പുതുക്കുന്ന ദിനം. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതേ വാത്സല്യത്തോടെ എല്ലാവരും അദ്ദേഹത്തെ 'ചാച്ചാ നെഹ്രു' എന്ന് വിളിച്ചു. കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട കരുതലിന്റെയും സ്‌നേഹത്തിന്റെയും പ്രാധാന്യത്തെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടിയതും പ്രിയപ്പെട്ട ചാച്ചാജി തന്നെ.

''ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള്‍ അവരെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്നു. കുട്ടികള്‍ തന്നെയാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്നും ഇന്ന് അവര്‍ക്ക് കൃത്യമായ ശിക്ഷണവും പ്രാധാന്യവും നല്‍കുന്നത് ശോഭനമായ ഭാവിയും കരുത്തുറ്റ ഒരു രാജ്യവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ശക്തമായി വാദിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു നെഹ്രു.

ഇന്നത്തെ ഭാരതം കെട്ടിപ്പെടുക്കാനായി പോരാടിയ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനാണ് അദ്ദേഹം. എന്തുകൊണ്ടും ഇന്ത്യയുടെ ഭരണനേതൃത്വം മുറുകെ പിടിക്കാന്‍ യോഗ്യനായ വ്യക്തി.

അസാമാന്യശേഷിയുള്ള എഴുത്തുകാരനായും മികവുറ്റ പ്രഭാഷകനായും കലാസ്വാദകനായും വിവിധ തലങ്ങളില്‍ അദ്ദേഹം ശോഭ പടര്‍ത്തിയിരുന്നു. 'ഇന്ത്യയെ കണ്ടെത്തല്‍', 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്നിവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്.

ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, എന്നിവ കോര്‍ത്തിണക്കിയതാണ് 'ഇന്ത്യയെ കണ്ടെത്തല്‍'. ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തില്‍ അഭിമാനം കൊള്ളാനും ലോകത്തിലെ മറ്റു ജനങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തനം നടത്താനും ചാച്ചാജി ആഹ്വാനം ചെയ്യുന്നു.

മകളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതായിരുന്നില്ല ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ മറിച്ച്, ആ കത്തുകള്‍ മകള്‍ക്ക് ലോകവിവരം ഉള്‍ക്കൊള്ളാനുതകുന്നതായിരുന്നു. ഒരു രക്ഷിതാവ് എങ്ങനെയായിരിക്കണം തന്റെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു വ്യക്തമാക്കേണ്ടതെന്ന സംഗ്രഹം ഈ കൃതി വെളിവാക്കുന്നു. കുട്ടികളോട് ഇടപഴകുന്നതില്‍ ഏറെ ആനന്ദം കണ്ടെത്തിയിരുന്ന ഒരു നേതാവ്, നാളത്തെ രാഷ്ട്രശില്പികള്‍ അവര്‍ തന്നെയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു.

കുട്ടികളുടെ മനസ്സില്‍ ഇത്രത്തോളം ഇടം നേടിയ മറ്റൊരു പ്രധാനമന്ത്രിയില്ല. കുട്ടികളുടെ മഹാനായ ഗുരു, കുട്ടികളുടെ മനസ്സില്‍ ഇടം പിടിച്ച പ്രതിഭ, നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓര്‍മപ്പെടുത്തിയ രാഷ്ട്രീയനേതാവ്...... വിശേഷണങ്ങള്‍ പലതും മതിയാകാതെ വരുന്നു പ്രിയപ്പെട്ട ചാച്ചാജിക്ക്.

Content Highlights: childrens day special