യിലിൽ കിടന്നുകൊണ്ട്‌ സ്വന്തം മകൾക്ക്‌ എഴുതിയ കത്തുകളിൽ ഭാരതത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ചും നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ചും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും നിരന്തരം ഓർമിപ്പിച്ച പിതാവാണ്‌ ചാച്ചാജി. എന്റെ ചാച്ചാ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും ചിന്തകളും ഒപ്പം കൊണ്ടുനടന്നു. വിദ്യാഭ്യാസം കുഞ്ഞുങ്ങളുടെ അവകാശമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു.

ചാച്ചാജി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായപ്പോൾ ഈ രാജ്യത്തിന്റെ വികസനത്തെയും ഭാവിയെയും കുറിച്ച്‌ അളവില്ലാത്ത സ്വപ്നങ്ങൾകണ്ടു. ഭക്രാനംഗൽ അണക്കെട്ട്‌ കമ്മിഷൻ ചെയ്തുകൊണ്ട് ആഹ്ളാദനൃത്തം ചവിട്ടിയ ഞങ്ങളുടെ ചാച്ചാ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണെന്നാണ്‌ അണക്കെട്ടുകളെ വിശേഷിപ്പിച്ചത്‌. പണ്ഡിറ്റ്‌ജി എന്ന ലോകനേതാവിന്റെ രാഷ്ട്രീയ ശരിയായിരുന്നു ചേരിചേരാനയം. പകയുടെയും ശീതസമരത്തിന്റെയും ചേരികൾക്കിടയിൽ സ്നേഹത്തിന്റെയും മനുഷ്യന്റെയും പക്ഷത്തുനിൽക്കുന്ന നയമായിരുന്നു ഞങ്ങളുടെ ചാച്ചാജി.

എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന, ഉൾക്കൊള്ളേണ്ട പുതിയ ഇന്ത്യയുടെ നായക രൂപമാണ്‌ ഞങ്ങളുടെ ചാച്ചാജി. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എനിക്ക്‌ ചാച്ചാജിയോടുള്ള ഇഷ്ടംകൂട്ടുന്നു. ഒരച്ഛനും ജയിലിൽനിന്ന്‌ മകൾക്ക്‌ ഇത്തരം കത്തുകൾ അയച്ചിട്ടുണ്ടാവുകയില്ല. നാടിനെ അറിയുന്ന ബാല്യങ്ങളിലാണ്‌ നാടിന്റെ ഭാവി എന്ന്‌ ചാച്ചാജി വിശ്വസിച്ചു.

ചാച്ചാജി മതനിരപേക്ഷനായിരുന്നു. ഒരു മതത്തിന്റെയും ആചാരങ്ങളെ പിന്തുടർന്നില്ലെങ്കിലും എല്ലാ മതവിശ്വാസങ്ങളെയും അദ്ദേഹം അംഗീകരിച്ചു, ആദരിച്ചു. സമത്വം ചാച്ചായ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട പദമായിരുന്നു. ‘നെഹ്രുവിയൻ സോഷ്യലിസം’ എന്നത്‌ ചാച്ചാജിയുടെ ഭാരതം പിന്തുടരുന്ന, പിന്തുടരേണ്ട ശീലമാണ്‌.

മരണത്തിന്‌ തൊട്ടുമുമ്പ്‌ ഇനിയുമൊരുപാടുകാതം സഞ്ചരിക്കാനുണ്ടെന്ന റോബർട്ട്‌ ഫ്രോസ്റ്റിന്റെ വരികൾ എഴുതിവെച്ച ചാച്ചാജി, ഭാരതത്തിനുവേണ്ടിയാണ്‌ ജീവിച്ചത്‌; സ്വപ്നങ്ങൾ കണ്ടത്‌. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യകണ്ട ഏറ്റവും വലിയ ജനാധിപത്യ വാദി എന്റെ ചാച്ചാജിയായിരുന്നു.

 

Content Highlights: childrens day special