സുരക്ഷിതരായിരിക്കാനുള്ള ഒട്ടുമിക്ക മാർഗങ്ങളെക്കുറിച്ചും നാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്‌. അടുപ്പിനടുത്ത് പോകരുത്, റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുവശവും ശ്രദ്ധിക്കണം അങ്ങനെ പലതും. പക്ഷേ, ശരീരത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് പഠിപ്പിക്കുന്നത് പലപ്പോഴും അവർ മുതിർന്നതിനുശേഷമായിരിക്കും. എന്നാൽ, ഇത് പലപ്പോഴും ഒരുപാട് വൈകിപ്പോകാറുമുണ്ട്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ പഠനപ്രകാരം പതിനെട്ടു വയസ്സിൽ താഴെയുള്ള നമ്മുടെ കുട്ടികളിൽ ആറ് ആൺകുട്ടികളിൽ ഒരാൾ, നാല് പെൺകുട്ടികളിൽ ഒരാൾ എന്നിങ്ങനെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ചുകൂടി ഭയാനകമായ കണക്ക് നിങ്ങൾക്ക് കേൾക്കണോ? ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ കണക്കുപ്രകാരം ലൈംഗികമായി ഉപദ്രവിക്കുന്നവരിൽ പത്തുശതമാനം ആളുകൾ മാത്രമാണത്രെ കുട്ടികൾക്ക് അപരിചിതർ. 

എന്റെ കുട്ടിക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന ചിന്താഗതിയാണ് രക്ഷാകർത്താക്കൾ പൊതുവേ വച്ചുപുലർത്തുന്നത്. അപരിചിതരുടെ അടുക്കലേക്ക് അവർ കുട്ടികളെ അയക്കാറുമില്ല. കുട്ടികൾ തങ്ങളുടെ കൺമുന്നിൽത്തന്നെ എപ്പോഴും ഉണ്ടാകണമെന്ന ആഗ്രഹമാണ് ഇതിനുകാരണം.

എന്നാൽ, ഞാൻ ഒന്നുചോദിക്കട്ടെ? നിങ്ങളുടെ കുട്ടി കളിക്കാൻ പുറത്തുപോകാറില്ലേ? ഡേ കെയറിലോ പ്ലേ സ്കൂളിേലാ പോകാറില്ലേ? അടുത്തവീടുകളിൽ അവർ കളിക്കാൻ പോകാറില്ലേ? നിങ്ങളുടെ കുട്ടിയെ ലൈംഗികചൂഷണത്തിന്റെ സാധ്യതയിൽനിന്ന് പൂർണമായി സംരക്ഷിക്കുകയെന്നത് പലപ്പോഴും സാധ്യമായ കാര്യമല്ല. കേൾക്കുമ്പോൾത്തന്നെ ഏറെ വിഷമമുണ്ടാക്കുന്ന സംഗതിയാണിത്. പക്ഷേ, ഇതാണ് വാസ്തവം.

ഞാൻ പറഞ്ഞ പല കാര്യങ്ങളും നിങ്ങളെ ഭയത്തിന്റെ മുനമ്പിൽ എത്തിച്ചു അല്ലേ... ഇനി ആ ഭയത്തിൽനിന്ന് പുറത്തിറങ്ങാൻ നിങ്ങളെ സഹായിക്കാം. കുട്ടികൾ തെറ്റുചെയ്യുന്നതിനെയോ കളിക്കിടയിൽ മുറിവേൽക്കുന്നതിനെയോ കൈയോ കാലോ ഒടിയുന്നതിനെയോ നിങ്ങൾക്ക് തടയാൻ സാധിക്കില്ലെന്ന വസ്തുത മനസ്സിലാക്കണം. അതുപോലെത്തന്നെയാണ് ലൈംഗികചൂഷണത്തിന്റെ ഭീഷണിയിൽനിന്ന് അവരെ മോചിതരാക്കുന്നതും.

ബൈക്ക് ഓടിക്കാൻ അനുവദിക്കുന്നതുപോലെയാണ് ഇതും. ഓടിക്കുന്നതിനിടയിൽ വീഴാനും മുറിവേൽക്കാനുമുള്ള സാധ്യതയുണ്ടല്ലോ?  പുറത്തിറങ്ങാനും ചുറ്റുമുള്ളവരോട് ഇടപഴകാനും നമ്മുടെ കുട്ടികളെ അനുവദിക്കണം. അതേസമയംതന്നെ, ബൈക്ക് ഓടിക്കുമ്പോൾ ഹെൽ​മറ്റ് വയ്ക്കുന്നതുപോലെ ലൈംഗികാതിക്രമങ്ങളിൽനിന്ന്‌ സുരക്ഷിതരായിരിക്കാനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം. .. മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടതല്ല ഇക്കാര്യം. ഇന്നുതന്നെ ആരംഭിക്കേണ്ടതാണ്. 

നിങ്ങളുടെ ശരീരത്തിന്റെ ഉടമ നിങ്ങൾതന്നെ

നിങ്ങളുടെ ശരീരത്തിന്റെ ഉടമ നിങ്ങൾതന്നെയാണെന്ന് കുട്ടികളോട് പറയുക. ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ അവരുടെ ശരീരത്തിൽ സ്പർശിക്കാൻ മറ്റാർക്കും അവകാശമില്ലെന്ന്‌ പറഞ്ഞുകൊടുക്കുക. ഇത് തങ്ങളുടെ ശരീരം സ്വകാര്യമാണെന്ന ബോധം ചെറുപ്പത്തിൽത്തന്നെ കുട്ടികളുടെ മനസ്സിൽ ഉറയ്ക്കാൻ സഹായകമാകും. അപ്പോൾ അനാവശ്യമായ ആലിംഗനങ്ങളെയും ഉമ്മകളെയും പ്രതിരോധിക്കാൻ അവർ പ്രാപ്തരാകും. ഇഷ്ടമല്ലെങ്കിൽ അത്തരം ഇഷ്ടപ്രകടനങ്ങളോട് അരുതെന്ന് പറയാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കും.

ശരിയായ ഭാഷ ഉപയോഗിക്കുക

കുട്ടികൾക്ക് അവരുടെ ശരീരഭാഗങ്ങളെക്കുറിച്ച് ആകാംക്ഷ തോന്നുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ശരീരഭാഗങ്ങളുടെ ശരിയായ പേരുകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക, പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളുടെ പേരുകൾ. സ്വകാര്യഭാഗങ്ങളുടെ ശരിയായ പേരുകൾക്കുപകരം മറ്റുപേരുകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതായി കാണാറുണ്ട്. ഇത് ശരിയായ നടപടിയല്ല. 

അതിഗൗരവം ഒഴിവാക്കാം

സ്വയം സുരക്ഷിതരാകാനുള്ള വഴികളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ, അത്തരം സംഭാഷണങ്ങളിൽ ഗൗരവത്തിന്റെ മേൽക്കുപ്പായം അണിയാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽമാത്രമേ  ചോദ്യങ്ങൾ ചോദിക്കാനും സംഭാഷണത്തിൽ സജീവപങ്കാളിയാകാനും കുട്ടികൾ തയ്യാറാവുകയുള്ളൂ. സംഭാഷണങ്ങൾ സ്വാഭാവികമായി സംഭവിക്കുന്ന തരത്തിലാകാനും ശ്രദ്ധിക്കാം. കുട്ടികളെ കുളിപ്പിക്കുമ്പോഴും മറ്റും ഇക്കാര്യം പറഞ്ഞുകൊടുക്കാം. 

നീന്തൽവസ്ത്രം തന്റെ സ്വകാര്യഭാഗങ്ങളെ മറയ്ക്കുന്നതാണെന്ന് കിന്റർഗാർട്ടനിൽ പഠിക്കുന്ന ഒരു കുട്ടിക്ക്‌ മനസ്സിലാക്കാൻകഴിയും. അതുകൊണ്ടുതന്നെ സ്വകാര്യഭാഗങ്ങൾ മറ്റുള്ളവർ കാണുന്നതും സ്പർശിക്കുന്നതും തെറ്റാണെന്ന ബോധം അവന്റെ/അവളുടെ മനസ്സിൽ രൂപംകൊള്ളും. സ്വകാര്യഭാഗങ്ങളിൽ മറ്റുള്ളവർ സ്പർശിക്കുന്നത് തെറ്റാണെന്ന് കുട്ടികൾക്ക് മാതാപിതാക്കൾവേണം പറഞ്ഞുകൊടുക്കാൻ. അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ഉടൻതന്നെ പറയാനും കുട്ടികളോട് പറയാം. 

ശരിയായ സ്പർശം ഏതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം

അപരിചിതരെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനൊപ്പംതന്നെ എന്താണ് ശരിയായ സ്പർശമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അല്ലാത്തപക്ഷം മാതാപിതാക്കൾ ഒഴികെയുള്ള മറ്റെല്ലാവരെയും അപരിചിതരായി കുട്ടികൾ കണക്കാക്കും. അവരുടെ സ്പർശത്തെ ഭയപ്പെടുകയും ചെയ്യും.

ശിശുരോഗവിദഗ്ധനും ഇഞ്ചക്ഷനെടുക്കുന്ന നഴ്‌സുമാരും തോളത്തുതട്ടി അഭിനന്ദിക്കുന്ന അധ്യാപകരുമൊക്കെ കുട്ടിയുടെ കാഴ്ചയിൽ സൂക്ഷിക്കേണ്ട അപരിചിതരാകും. അതുകൊണ്ട് ശരിയായ സ്പർശത്തെയും ചീത്തസ്പർശത്തെയുംകുറിച്ച്‌ കുട്ടികൾക്ക്  പറഞ്ഞുകൊടുക്കുക. അതിഥികൾക്ക് കൈകൊടുക്കുന്നതും പാർക്കിൽെവച്ച് അപരിചിതർക്ക് കൈകൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. 

നോ പറയാൻ പഠിപ്പിക്കുക

ശരിയല്ലാത്ത രീതിയിൽ ആരെങ്കിലും സ്പർശിച്ചാൽ, പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിൽ അവരോട് അരുതെന്നുപറയാൻ കുട്ടികളെ പഠിപ്പിക്കുക. അങ്ങനെ ആരെങ്കിലും ചെയ്താൽ അക്കാര്യം മാതാപിതാക്കളോട് തീർച്ചയായും പറയണമെന്നും കുട്ടികളോട് പറയുക. ശരിയായ സ്പർശത്തെയും ചീത്തസ്പർശത്തെയും തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്ന ചില കഥാപുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്. രസകരമായ കഥകളിലൂടെയാണ് ഇത്തരം പുസ്തകങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നത്. ഇവ ഉറങ്ങാൻനേരത്ത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. 

എന്റെ മകൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളോട് ആരെയും കെട്ടിപ്പിടിക്കാൻ ഞാൻ പറയില്ല. മുതിർന്ന ഒരാളിൽനിന്നുള്ള സ്നേഹപൂർണമായ ആലിംഗനം ഒരിക്കലും തെറ്റല്ല. എങ്കിലും സ്വന്തം ശരീരത്തിനുമുകളിലുള്ള മകളുടെ അധികാരത്തെ മാനിക്കുന്നതുകൊണ്ടാണ് അവളെ ഞാൻ നിർബന്ധിക്കാത്തത്. മറ്റുള്ളവരോട് സ്നേഹപൂർവം പെരുമാറാൻ കുട്ടികളോട് ആവശ്യപ്പെടാം. എന്നാൽ, അതിനായി നിർബന്ധിക്കരുത്.  

(വിവരങ്ങൾക്ക് കടപ്പാട്: Jayneen Sander's article and book 'Protect your child from sexual abuse', 'Some secrtets should never be kept'
Jill Starshevisky's Book, ' My body belongs to me')

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)