മാനസികാരോഗ്യത്തിന് തകരാറുള്ള കുട്ടികളുടെ മാതാപിതാക്കൾക്കു വേണ്ടിയുള്ളതാവും  ലേഖനമെന്ന് തലക്കെട്ടു വായിക്കുമ്പോൾ നിങ്ങൾ ഒരു പക്ഷേ, ചിന്തിക്കാൻ ഇടയുണ്ട്. എന്നാൽ, മാനസികാരോഗ്യത്തിന് തകരാറുള്ള കുഞ്ഞുങ്ങളെ കുറിച്ചു മാത്രമല്ല ഞാൻ ലേഖനത്തിൽ പറയുന്നത്. മാനസിക അസ്വസ്ഥതകളുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയവരും ഭിന്നശേഷിക്കാരായി ജനിച്ച കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, ഞാൻ സംസാരിക്കുന്നത്. സാധാരണകുട്ടികളെ കുറിച്ചു കൂടിയാണ്‌.

ഓരോദിവസവും വ്യത്യസ്ത സമ്മർദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് ഈ കുഞ്ഞുങ്ങൾ. ഇവരുടെ മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. ഇതിന്റെ പ്രധാനകാരണങ്ങൾ കുട്ടിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ലെന്ന മാതാപിതാക്കളുടെ തെറ്റിദ്ധാരണയോ അല്ലെങ്കിൽ മാനസികാരോഗ്യപ്രശ്നമുണ്ടെന്നു പറയുമ്പോഴുണ്ടാകുന്ന അപമാനഭയമോ മൂലമാണ്.

ഞാൻ ഒന്നു ചോദിക്കട്ടെ. കുട്ടിക്ക് പല്ലു വേദനയാണെന്നു പറയുമ്പോൾ നിങ്ങൾ അവരെയും കൊണ്ട് ദന്തരോഗവിദഗ്ധന്റെ അടുക്കലേക്ക് ഓടാറില്ലേ? അതേപോലെ കുഞ്ഞിന് ത്വക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു തോന്നിയാൽ ഉടൻ തന്നെ ത്വഗ്രോഗവിദഗ്ധന്റെ അടുത്ത് കൊണ്ടുപോകാറുണ്ടല്ലോ. ഡോക്ടർമാരുടെ അടുത്തോ വിദഗ്ധന്മാരുടെ അടുത്തോ കൊണ്ടുപോകുന്നതിൽ നമ്മളാരെങ്കിലും നാണക്കേട് വിചാരിക്കാറുണ്ടോ? എനിക്കറിയാം നിങ്ങളുടെ ഉത്തരം ഇല്ല എന്നായിരിക്കുമെന്ന്.

എന്നാൽ, അതേ വേഗം കുട്ടികളുടെ മാനസിക-വൈകാരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ നിങ്ങൾ കാണിക്കാറുണ്ടോ? എത്ര വിശാലമായ കാഴ്ചപ്പാടിന് ഉടമകളാണെന്നു  പറഞ്ഞാലും കുട്ടിയെ മാനസികാരോഗ്യ വിദഗ്ധന്റെയോ മനശ്ശാസ്ത്രജ്ഞന്റെയോ അടുത്തു കൊണ്ടുപോകുന്ന കാര്യത്തെ പലരും ഭയത്തോടെയും നാണക്കേടുമായാണ് കാണുന്നത്.

കുഞ്ഞിന് മനശ്ശാസ്ത്രജ്ഞന്റെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം ആവശ്യമാണെന്നു അറിഞ്ഞാലും അവൻ/ അവൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നമ്മളിൽ പലരും ഭാവിക്കും. ഇതിനായി അന്ധവിശ്വാസത്തെ കൂട്ടുപിടിക്കും. അവരുടെ മാനസിക പ്രശ്നങ്ങൾക്ക് ജനിച്ച നക്ഷത്രങ്ങളാണ് കാരണക്കാർ എന്നുപോലും കരുതും.

കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പുലർത്തുന്ന നിശ്ശബ്ദത ഭേദിക്കാനുള്ള സമയം ഏറെ അതിക്രമിച്ചിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാനസികരോഗം/ അസ്വസ്ഥത എന്നത് നാണക്കേട് വിചാരിക്കേണ്ട കാര്യമല്ല. പകരം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. 

ജീവിതം പലപ്പോഴും അത്ര നന്നായിട്ടല്ല നമ്മോട് പെരുമാറുക. സഹിക്കാനാവാത്ത ബുദ്ധിമുട്ടുകൾ ചിലരുടെ ജീവിതത്തിലുണ്ടായേക്കും. സാമ്പത്തികമായോ, ആരോഗ്യവുമായി ബന്ധപ്പെട്ടതോ ഒക്കെയാവാമിത്. എന്നാൽ, ഇവയൊക്കെ മറികടന്ന് പലരും ജീവിതത്തിൽ വിജയവും അഭിവൃദ്ധിയും നേടാറുണ്ട്. ചുറ്റുപാടുകളുമായുള്ള നമ്മുടെ ശാരീരികവും മാനസികവുമായ ഇടപെടലുകൾ സാമൂഹികവും വൈകാരികവും മനശ്ശാസ്ത്രപരവുമായ നമ്മുടെ അവസ്ഥയെ നിരന്തരമായി സ്വാധീനിക്കും. 

ഏറ്റവും കരുതൽ ആവശ്യമായ വിഭാഗം നമ്മുടെ കുട്ടികളും യുവാക്കളുമാണ്. കാരണം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പിന്തുണ തേടുമ്പോൾ ഒരുപാട് തടസ്സങ്ങൾ ഇവർക്ക് നേരിടേണ്ടി വരാറുണ്ട് എന്നതുതന്നെ. മാത്രല്ല മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവും വിഷയവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അപമാനബോധവും സാഹചര്യം ഗുരുതരമാക്കും. 

മനശ്ശാസ്ത്രജ്ഞരോട് കുട്ടികൾ സംസാരിക്കുമ്പോൾ ഈ അപമാനബോധവും അനുഭവിക്കുന്ന ഒറ്റപ്പെടലും അവരുടെ ശബ്ദത്തിൽനിന്ന് വെളിപ്പെടാറുണ്ട്. കുടുംബങ്ങളിൽ അവർ ഒറ്റപ്പെടൽ അനുഭവിക്കുകയും കൂട്ടുകാരുടെയും സമപ്രായക്കാരുടെയും കളിയാക്കലിന് പാത്രമാകേണ്ടിയും വരാറുണ്ടാകും. സാംസ്കാരികവും മതപരവും ലിംഗപരവുമായ വേർതിരിവുകൾ അവരുടെ ഒറ്റപ്പെടലിന്റെ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപമാനബോധത്തെ ഇല്ലാതാക്കിയേ മതിയാകൂ എന്നതിന് ഇവ കൃത്യമായ തെളിവു നൽകും. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിവിധ സാഹചര്യങ്ങളും ഇവ മനസ്സിലാക്കിത്തരും. 

സാമൂഹികപ്രവർത്തകയായ ഒരു സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു ഞാൻ. കുട്ടികളെ ചികിത്സിക്കുന്ന മാനസികാരോഗ്യവിദഗ്ധനെ അവൾ സഹായിക്കുന്നുമുണ്ട്. ഇതാ അവളുടെ വാക്കുകൾ: ‘‘കുട്ടികളെ ചികിത്സിക്കുന്ന മാനസികാരോഗ്യവിദഗ്ധന്റെ സഹായിയായുള്ള എന്റെ ആദ്യത്തെ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. ആത്മഹത്യക്കു ശ്രമിച്ച ഒരു ആറുവയസ്സുകാരനും അമ്മയുമായിരുന്നു ഞങ്ങൾക്ക് മുന്നിലെത്തിയത്.

ആ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ തകർന്നുപോയി. കുട്ടിയുടെ അനുസരണക്കേടിനെയാണോ  ആ ശ്രമം സൂചിപ്പിച്ചത്? അതോ സഹായത്തിനു വേണ്ടിയുള്ള നിലവിളി ആയിരുന്നോ അവന്റെ ആത്മഹത്യാശ്രമം? സ്വന്തം പ്രവൃത്തികളുടെ ഫലം എന്താണെന്ന് മനസ്സിലാക്കാനുള്ള ബോധം ഒരു ആറുവയസ്സുകാരനുണ്ടാകുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ എന്റെ തലയ്ക്കുള്ളിലൂടെ പാഞ്ഞുതുടങ്ങി.

മാനസികാരോഗ്യപ്രശ്നങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വ്യക്തികളെ ബാധിച്ചേക്കാമെന്ന തിരിച്ചറിവായിരുന്നു ആ സംഭവം എനിക്കു മനസ്സിലാക്കി തന്നത്. എന്റെ തൊഴിൽജീവിതത്തിലും ആ തിരിച്ചറിവ് ഒരു വഴിത്തിരിവായി മാറി. ആ കുട്ടിക്ക് ചികിത്സ നൽകുന്ന സെഷനുകൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെന്നും" എന്റെ സുഹൃത്ത് ഓർമിക്കുന്നു. തുറന്നു സംസാരിക്കാൻ ആ ആറുവയസ്സുകാരന് അറിയില്ലായിരുന്നു. അവന്റെ അമ്മയാകട്ടെ ഭയത്താലും നാണക്കേടു കൊണ്ടും തളർന്നിരുന്നു. അമ്മയിൽനിന്ന് ദുഃഖത്തെയും അപമാനബോധത്തെയും അകറ്റുക എന്ന ശ്രമകരമായ ജോലിയായിരുന്നു എന്റെ സുഹൃത്തിന് നിർവഹിക്കാനുണ്ടായിരുന്നത്.

രണ്ടാമത്തെ സംഭവം ഈയടുത്ത് നടന്നതാണ്. 17-നും 19-നും ഇടയിലുള്ള പെൺകുട്ടികൾക്ക് മാനസികാരോഗ്യത്തെ കുറിച്ചെടുത്ത ക്ലാസ്സിനുശേഷം ലഭിച്ച പ്രതികരണങ്ങൾ വായിക്കുകയായിരുന്നു ഞാൻ. അതിലധികവും നന്ദി പറഞ്ഞു കൊണ്ടുള്ളവയായിരുന്നു. എന്റെ ക്ലാസ്സ് അത്ര മേൽ ഗംഭീരമായതു കൊണ്ടോ ക്ലാസ്സിന്റെ ഉള്ളടക്കം നന്നായിരുന്നതു കൊണ്ടോ എന്റെ അവതരണ മികവു കൊണ്ടോ ആയിരുന്നില്ല നന്ദിയുടെ കുറിപ്പുകൾ എനിക്കുലഭിച്ചത്.

പകരം തങ്ങൾക്ക് മാനസികമായ പിന്തുണ ആവശ്യമുണ്ടെന്ന തിരിച്ചറിവുണ്ടാക്കി കൊടുത്തതിനായിരുന്നു ആ നന്ദിവാക്കുകൾ. അവരെ ആരെങ്കിലും കേൾക്കണമെന്ന് അത്രമേൽ അവർ ആഗ്രഹിച്ചിരുന്നു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർക്കു തന്നെ അറിയാമായിരുന്നു.

ഈ രണ്ടു സംഭവങ്ങളും എന്റെ ചിന്തയെ ഉലയ്ക്കുന്നതായിരുന്നു. ചിന്തിക്കാൻ സാധിക്കുമോ ആറുവയസ്സുകാരന് ആത്മഹത്യാ പ്രവണത ഉണ്ടാകുമെന്ന്? മിടുക്കികളും ഊർജ സ്വലരുമായ നൂറോളം പെൺകുട്ടികൾ കടുത്ത സമ്മർദത്തിലൂടെ കടന്നുപോവുകയും അത് പ്രകടിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നെന്ന് തിരിച്ചറിയാൻ കഴിയുമോ? രക്ഷാർത്താക്കളെ, ഇത് നിങ്ങൾക്ക് ഉണർന്നെണീക്കാനുള്ള സമയമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിലെ വ്യതിയാനങ്ങൾ ശ്രദ്ധിക്കുകയും അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുക. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരിലെ വ്യതിയാനങ്ങൾ തിരിച്ചറിയാനുമുള്ള നിർദേശങ്ങൾ അടുത്ത ലേഖനത്തിൽ. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക.)