കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സമീപകാലത്ത് കൂടുതലായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ശാരീരികാരോഗ്യം പോലെത്തന്നെ മാനസികാരോഗ്യവും സര്‍വ്വപ്രധാനമാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ളൊരു ചിന്താഗതിയെ നയിക്കുന്നത്. സാമൂഹികവും സാംസ്‌കാരികവും വൈകാരികവുമായ സമഗ്രവികസനത്തില്‍ മാനസികാരോഗ്യത്തിന്റെ പങ്ക് അനിഷേധ്യമാണല്ലോ. കുട്ടികളുടെ വളര്‍ച്ചാഘട്ടത്തില്‍ മിക്ക മാതാപിതാക്കളും കൂടുതല്‍ ദത്തശ്രദ്ധരാകുന്നത് കേവലം ശാരീരികാരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. എന്നാല്‍, മനസ്സിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും പരിഗണിച്ചുകൊണ്ടുള്ള പരിപാലനരീതി അവലംബിക്കുന്ന മാതാപിതാക്കളെ വിരളമായേ കാണാറുള്ളൂ.

ആധികാരിക പഠനങ്ങള്‍ വ്യക്തിജീവിതത്തിലെ ആദ്യ പതിനാലു വര്‍ഷങ്ങളെ സുപ്രധാനകാല ഘട്ടമായാണ് വിലയിരുത്തുന്നത്. വിവിധ മേഖലകളിലേക്കുള്ള വികാസങ്ങളുടെ ആദ്യ പടിയായി ഈ സമയത്തെ കണക്കാക്കുന്നു. ചുരുക്കത്തില്‍, ഈ ഘട്ടത്തിലെ മാനസികാരോഗ്യവികാസം മറ്റെല്ലാ വളര്‍ച്ചാഘടകങ്ങളെയും സ്വാധീനിക്കുന്നു എന്നുപറയാം.

മാനസികാരോഗ്യത്തില്‍ സംഭവിക്കുന്ന അപചയങ്ങള്‍ മാനസികരോഗങ്ങളായി പരിണമിച്ചേക്കാം. കുട്ടിക്കാലത്തെ തിക്താനുഭവങ്ങള്‍, അവഗണനകള്‍, വിവിധ ചൂഷണങ്ങള്‍, അപകര്‍ഷതകള്‍, ദുഃശ്ശീലങ്ങള്‍, അനാവശ്യ ശിക്ഷകള്‍, ആശയവിനിമയത്തിലെ അപാകതകള്‍, തെറ്റായ മൂല്യങ്ങള്‍, പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍, മനഃസംഘര്‍ഷങ്ങള്‍ മുതലായ കുടുംബത്തിനകത്തും സമൂഹത്തിലും കുട്ടി അഭിമുഖീകരിക്കുന്ന വിവിധ സാഹചര്യങ്ങള്‍ മാനസികാരോഗ്യവികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. ആയതിനാല്‍, കുട്ടിയുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ കുടുംബവും അതോടൊപ്പം സമൂഹവും സവിശേഷമായ പങ്കുവഹിക്കുന്നു.

കുട്ടികളുടെ സ്വാഭാവത്തില്‍ കാണുന്ന സത്വരമായ ചില മാറ്റങ്ങള്‍, മാനസികാരോഗ്യത്തിന്റെ അപചയത്തെ എടുത്തുകാണിക്കുന്നു. നഖംകടി, അകാരണമായ പേടി, ദുഃസ്വപ്നം, ഉറക്കത്തിലെ മൂത്രവിസര്‍ജനം, അന്തര്‍മുഖത്വം, നശീകരണപ്രവണത, അതിസ്വകാര്യത, ഏകാന്തത, അകാരണമായ വിഷമാവസ്ഥ, പഠനത്തിലെ പിന്നാക്കാവസ്ഥ, പിരുപിരുപ്പ് മുതലായവ ഇതിലുള്‍പ്പെടുന്നു.

കുടുംബബന്ധങ്ങളിലെ ഊഷ്മളത, കെട്ടുറപ്പ്, പെരുമാറ്റരീതി, ഭാഷയുടെ ഉപയോഗം, മുതലായവകളില്‍ വരുത്തുന്ന ചെറിയ പരിഷ്‌ക്കരണത്തിലൂടെ നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ വികാസം ശരിയായ രീതിയിലേക്ക് കൊണ്ടുവരാവുന്നതാണ്. കുട്ടിയുടെ ദിനചര്യാക്രമീകരണമാണ് ഇതില്‍ പ്രധാനം. ദിവസത്തില്‍ കുറഞ്ഞത് നാല്പ്പതുമിനിട്ടെങ്കിലുമുള്ള പുറത്തിറങ്ങിക്കളി, മറ്റു വ്യായാമങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണരീതി, ആവിശ്യത്തിനുള്ള ഉറക്കം എന്നിവ ശാരീരികാരോഗ്യത്തിലും മാനസികാരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്നു. ശരിയായ ശീലങ്ങളും പഠനസമയക്രമീകരണവും കുടുംബാംഗങ്ങളോടും സഹോദരങ്ങളോത്തുമുള്ള തുറന്ന സംഭാഷണങ്ങളും വൈകാരികമായ പക്വത കൈവരിക്കാന്‍ കുട്ടിയെ സഹായിക്കുന്നു. മിഥ്യാലോകത്തില്‍നിന്നും യഥാര്‍ത്ഥ സാഹചര്യങ്ങളിലേക്ക് കുട്ടിയെ കൊണ്ടുവരുന്നതില്‍ നവമാധ്യമങ്ങളുടെയും മൊബൈല്‍ ഗെയിമിന്റെയും മിതത്വപൂര്‍ണമായ ഉപയോഗം സഹായിക്കും. സാമൂഹികമായുള്ള ഒത്തുചേരല്‍, മറ്റുള്ളവരുമായി സഹകരിച്ചുള്ള പ്രവര്‍ത്തികള്‍, സമപ്രായക്കാരോടൊത്തുള്ള പങ്കുവെക്കല്‍, ആരോഗ്യകരമായ സൗഹൃദങ്ങള്‍, യാത്രകള്‍, വായന, മറ്റു വിനോദോപാധികള്‍ മുതലായവ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച്, നേതൃത്വഗുണം കൂട്ടി മുഖ്യധാരയിലേക്കെത്താന്‍ കുട്ടിയെ പ്രാപ്തമാക്കുന്നു.

Content Highlights: KidsMental Health