ന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം, അവര്‍ക്കു നല്‍കേണ്ട കരുതല്‍ എന്നിവയ്ക്കൊപ്പം തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് കുട്ടികളുടെ മാനസികാരോഗ്യവും. വിഖ്യാത തത്ത്വചിന്തകനായ ജോണ്‍ ലോക്കിന്റെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അവരുടെ മനസ്സ് ഒന്നും എഴുതാത്ത സ്ലേറ്റുപോലെയാണ്. ഏറ്റവും നിഷ്‌കളങ്കവും നിര്‍മ്മലവുമായ കുഞ്ഞു മനസ്സുകളില്‍ നാം എന്തെഴുതിച്ചേര്‍ക്കുന്നു എന്നതാണ് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ അളവില്‍ സ്വാധീനിക്കുന്നത്.

നല്ല മാതാപിതാക്കളാകാം

കുട്ടികള്‍ വഷളാകുമോ എന്ന ഭയത്തില്‍ അവരെ ലാളിക്കാതെ അവരില്‍ നിന്നും അകലം പാലിക്കേണ്ടതില്ല. സ്നേഹവും ശാസനയും കൊടുത്തു വളര്‍ത്താന്‍ കഴിയുക എന്നതാണ് മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കു നല്കാന്‍ കഴിയുന്ന മികച്ച സമ്മാനം. അമിതമായി സ്നേഹിച്ചു തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കാത്തതും, അവഗണ കാണിക്കുന്ന രീതിയുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും. 

ആത്മവിശ്വാസമുള്ളവരായി അവരെ വളര്‍ത്തിയെടുക്കാം 

ചെറുപ്പം മുതലേ മാതാപിതാക്കളും ചുറ്റുമുള്ള മറ്റുള്ളവരും ഒരു കുട്ടിയെപ്പറ്റി പറയുന്ന വാക്കുകള്‍ ആ കുട്ടിയുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കും. ''ബുദ്ധിയില്ലാത്തവന്‍'' എന്ന ലേബല്‍ അവര്‍ക്കു ചാര്‍ത്തികൊടുക്കുന്നത് ദോഷകരമാണ്. മുന്നോട്ടുള്ള ജീവിതത്തിലും ചെറുപ്പകാലത്തെ ഇത്തരം അനുഭവങ്ങള്‍ സ്വയം വിലയില്ലായ്മ എന്ന അവസ്ഥയിലേക്കു നയിക്കും. അതിനാല്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താന്‍ അവരെ സഹായിക്കേണ്ടതും, ക്രിയാത്മകമായി ചിന്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. 

അഭിനന്ദിക്കുന്നതില്‍ പിശുക്കു കാട്ടേണ്ടതില്ല

കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ അഭിനന്ദിക്കുകയും അവ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഒരു ദിവസം എത്ര തവണ ഇങ്ങനെ അവരുടെ നന്മ കാണാന്‍ കഴിഞ്ഞു എന്നു വിലയിരുത്തുക. എപ്പോഴും നല്ല പ്രവര്‍ത്തികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തന്നെ നല്‍കണമെന്നില്ല. ആ സമയം കുട്ടികളെ ചേര്‍ത്തുപിടിച്ച് സ്നേഹത്തോടെ പറയുന്ന വാക്കുകള്‍ തന്നെ അവര്‍ക്കു നല്‍കുന്ന സന്തോഷം വളരെ വലുതാണ്. നല്ല പെരുമാറ്റങ്ങള്‍ തുടരാന്‍ അതൊരു പ്രേരക ശക്തിയാകും.

അവര്‍ തോല്‍വിയും ഇല്ലായ്മകളും അറിഞ്ഞു വളരട്ടെ

ഒരു തോല്‍വിയെന്നാല്‍ അതു ജീവിതത്തിന്റെ അവസാനമല്ല. തോല്‍വിയെ പാഠമായി ഉള്‍കൊള്ളാന്‍ കുട്ടികളെ പഠിപ്പിക്കാം. പ്രഗല്‍ഭരായ പല വ്യക്തികളുടെയും ജീവിതം പരിശോധിക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് അവര്‍ അത്തരമൊരു വീക്ഷണം ഉള്ളവരാണ് എന്നതാണ്. പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഇന്നു വളരെ കൂടുതലാണ്. എപ്പോഴും ഒന്നാമതെത്താനായി കുട്ടിയെ അമിതമായി സമ്മര്‍ദ്ദത്തിലാക്കുന്ന രീതി ഒഴിവാക്കാം. ചെറിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് അവര്‍ വളരട്ടെ. സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ പ്രാപ്തരല്ല എന്നതാണ് പല കുട്ടികളെയും ആത്മഹത്യ എന്ന അപക്വമായ തീരുമാനത്തിലേക്കും മറ്റും നയിക്കുന്നത്.  കുട്ടികളെ വീട്ടിലെ സാമ്പത്തികാവസ്ഥയും മറ്റു ചുറ്റുപാടുകളും അറിയിച്ചു വളര്‍ത്തുക. കുട്ടിക്കു സങ്കടമാകുമല്ലോ എന്നു കരുതി കഴിയുന്നതിലും അധികം ആഗ്രഹങ്ങള്‍ ചെറുപ്പം മുതലേ സാധിച്ചുകൊടുത്തു വളര്‍ത്തുന്നത് മുതിര്‍ന്നതിനു ശേഷം സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. ആദ്യം ചെറിയ കാര്യങ്ങള്‍ക്കായുള്ള വാശി വളരുംതോറും വലിയ ആവശ്യങ്ങള്‍ക്കായി മാറും. ആദ്യം ഒരു പാവ വേണം എന്നായിരുന്നു എങ്കില്‍ പിന്നീടത് ബൈക്കു വേണം കാറുവേണം എന്നെല്ലാമുള്ള നിലയിലെത്തും. അതു കിട്ടിയില്ല എങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും എന്നെല്ലാമുള്ള നിലയിലേക്കു പിന്നീടു കാര്യങ്ങളെത്തും. 

കുട്ടികള്‍ കളിച്ചു വളരട്ടെ

പഠനത്തോടൊപ്പം തന്നെ കളികള്‍ക്കും സമയം അനുവദിക്കേണ്ടത് കുട്ടികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഫോണിലും ഐപാഡിലും മാത്രമല്ലാതെ ഓടിയും ചാടിയും കളിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാകണം. കുട്ടികളില്‍ സര്‍ഗ്ഗശക്തി ഉണ്ടാവാനും, ക്രിയാത്മകതമായി ചിന്തിക്കാനും അതു സഹായിക്കും. മറ്റു കുട്ടികള്‍ക്കൊപ്പം ചേര്‍ന്നുള്ള കളികളില്‍ ഏര്‍പ്പെടുന്നത് സാമൂഹികവും വൈകാരികവുമായ സുസ്ഥിതിക്ക് അനുവാര്യമാണ്. ആളുകളുമായി സംസാരിക്കാനും ഇടപെടാനും അവസരങ്ങളില്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ സംസാരിച്ചു തുടങ്ങാന്‍ താമസം നേരിടുക, സാമൂഹികമായ കഴിവുകള്‍ കുറവായിരിക്കുക എന്നീ അവസ്ഥകള്‍ കൂടുതലായി കണ്ടുവരുന്നു.

'നോ' പറയേണ്ടയിടത്ത് അതു പറയാന്‍ ശീലിപ്പിക്കാം

തനിക്കിഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും കുട്ടികളോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്താല്‍ അവരോടു ''നോ'' എന്നു പറയാന്‍ കുട്ടികളെ പ്രാപ്തരാക്കാം. ആരുടെയെങ്കിലും സ്നേഹം നഷ്ടപ്പെടുമെന്നോ അല്ലെങ്കില്‍ അവരെ ഭയന്നോ നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം സഹിക്കേണ്ട ആവശ്യമില്ല എന്നവരെ പഠിപ്പിക്കാം. നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും തമ്മിലുള്ള വ്യത്യാസം അവരെ പറഞ്ഞു മനസ്സിലാക്കാം.

ശ്രദ്ധക്കുറവ്/ പഠനത്തില്‍ പിന്നോക്കം എന്നീ പ്രശ്നങ്ങളുണ്ടോ?

ശ്രദ്ധക്കുറവുകൊണ്ട് നിസ്സാരമായ തെറ്റുകള്‍ വരുത്തുക, നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക, മറവി, കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാന്‍ കഴിയാതെ വരിക, മറ്റുകാര്യങ്ങളില്‍ ഉള്ള മികവ് പഠനത്തില്‍ മാത്രം കാണിക്കാതെയിരിക്കുക, അക്ഷരങ്ങള്‍ തമ്മില്‍ തിരിഞ്ഞു പോവുക (ഉദാ: b-d, p-q) എന്നീ ലക്ഷങ്ങള്‍ ഉണ്ടെങ്കില്‍ അതു പഠനവൈകല്യം, അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്നിവയാണോ എന്നു മനസ്സിലാക്കാന്‍ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടാം. പലപ്പോഴും കുട്ടി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത് മടിയും അഹങ്കാരവും ഒക്കെയാണെന്ന തോന്നലാവും ആദ്യം ഉണ്ടാക്കുക. മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ പ്രത്യേക പരിശീലനമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗം.

കുട്ടികളിലെ സ്വഭാവ പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണാം 

മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ ഇരിക്കുക, നിയമങ്ങള്‍ ലംഘിക്കുക എന്നീ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടെന്നു മനസ്സിലായാല്‍ അതു ഗൗരവത്തോടെ കാണുക. മനുഷ്യരോടും മൃഗങ്ങളോടുമുള്ള അതിക്രൂരമായ പെരുമാറ്റം, നശീകരണ പ്രവണത, തീ വയ്ക്കുക, നിരവധി നുണകള്‍ പറയുക, മോഷണം നടത്തുക, അനുസരണക്കേട്, അനാദരവ്, സ്‌കൂളില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കുക, സ്‌കൂളില്‍ പോകാതെ ഇരിക്കുക എന്നിവ തുടര്‍ച്ചയായി അവരുടെ പെരുമാറ്റത്തില്‍ പ്രകടമാകുന്നത് സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. സ്വഭാവരൂപികരണം ചെറുപ്രായം മുതലേ ആരംഭിക്കുന്നതാണ്. 18 വയസ്സാകുമ്പോഴേക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെട്ടു കഴിയും. അതിനാല്‍ അതിനു മുന്‍പു തന്നെ ഈ ലക്ഷണങ്ങള്‍ ഗൌരവത്തോടെ കണ്ട് ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഇതെല്ലാം വലുതാകുമ്പോള്‍ തനിയെ മാറും എന്നു ചിന്തിക്കുമ്പോള്‍ സമൂഹത്തില്‍ നാം കാണുന്ന എല്ലാ ക്രിമിനലുകളുടെയും ചെറുപ്പകാലം ഇങ്ങനെയായിരുന്നു എന്നു നാം മനസ്സിലാക്കുക.

ദിവസവും കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്താം

കുട്ടികള്‍ ദു:ഖിതരായി കാണപ്പെടുന്നു എങ്കില്‍ കാരണം ചോദിച്ചു മനസ്സിലാക്കുക. എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കുക. എപ്പോഴും കുട്ടികളെ വിമര്‍ശിക്കുന്ന രീതി കാര്യങ്ങള്‍ തുറന്നു പറയാനുള്ള ഭയം അവരില്‍ ഉണ്ടാക്കും. കുട്ടിയുടെ പക്കല്‍ മറ്റാരെങ്കിലും കൊടുത്ത സമ്മാനപ്പൊതികളോ കളിപ്പാട്ടങ്ങളോ കണ്ടാല്‍ അത് ആരു തന്നു എന്ന് അന്വേഷിക്കുക. കുട്ടികളെ ചില കാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കാന്‍ ആരെങ്കിലും പ്രേരിപ്പിക്കുനുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ കുഴപ്പങ്ങള്‍ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. ലൈംഗിക ചുവയുള്ള തമാശകള്‍ ആരെങ്കിലും കുട്ടിയോട് പറഞ്ഞതായി കുട്ടി പറഞ്ഞറിഞ്ഞാല്‍ പ്രതികരിക്കുക, അവരെ ഒഴിവാക്കാന്‍ കുട്ടിയെ പഠിപ്പിക്കുക. 

കുട്ടികള്‍ക്കു നല്ല മാതൃകയാവാം

മാതാപിതാക്കളാണ് എപ്പോഴും കുട്ടികളുടെ റോള്‍ മോഡല്‍. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ശീലമുള്ള കുട്ടികളില്‍ സാധാരണയായി വീട്ടില്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന മാതാപിതാക്കളോ മറ്റാരെങ്കിലുമോ ഉള്ളതായി കാണാന്‍ കഴിയും. ക്ഷമ, സ്നേഹം, ബഹുമാനം സത്യസന്ധത, സഹാനുഭൂതി എന്നിവ കുട്ടികള്‍ നമ്മളില്‍ നിന്നും കണ്ടുപടിക്കാനുള്ള സാഹചര്യം വീട്ടില്‍ നമുക്കുണ്ടാക്കിയെടുക്കാം.

മാതാപിതാക്കള്‍ എപ്പോഴും  കൂടെയുണ്ട് എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാം

എന്ത് പ്രശ്നം വന്നാലും സഹായിക്കാന്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ട് എന്ന ഉത്തമ വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക. വിഷാദം, ഉത്ക്കണ്ഠ, ഭയം എന്നീ പ്രശ്നങ്ങള്‍ മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ചില സമയങ്ങളില്‍ പ്രകടമാകാം. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് അവയെല്ലാം ഏറ്റവും ആദ്യം തിരിച്ചറിയാന്‍ കഴിയുക.

കുട്ടികളെ വളര്‍ത്തുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അവരുടെ ഏതു കാര്യങ്ങള്‍ക്കാണ് ഒരു സമയം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്നു തിരിച്ചറിയുക. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടുക മാത്രമല്ല, ജീവിതത്തിലും വിജയം കൈവരിക്കാന്‍ പ്രാപ്തരാക്കി അവരെ നമുക്ക്‌ വളര്‍ത്തികൊണ്ടുവരാം.

പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Email: priyavarghese.cp@gmail.com

Content Highlights: childrens day special