നിഷ്‌കളങ്കതയും നന്മയും കൈമേശം വരാതെ അന്വേഷണോത്സുകതയും പ്രസരിപ്പും നിറഞ്ഞ കാലഘട്ടമാണ് ശൈശവും ബാല്യവും അതേ നഷ്ടപ്പെടുത്താതെ കൗമാരത്തിലേക്കും യൗവനത്തിലേക്കും നടത്തി കൊണ്ടുവരികയാണ് മുതിര്‍ന്നവര്‍ ചെയ്യേണ്ടത്

സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കാനായി ഒമ്പതു വയസുകാരന് ഒരു കാശുകുടുക്ക അച്ഛന്‍ സമ്മാനിക്കുന്നു.  എല്ലാ ദിവസവും അതില്‍ നിറയ്ക്കാന്‍ നാണയങ്ങളും നല്‍കി. ഒരു ദിവസം ആ കുടുക്ക കാണാതായി. ഇത് കേട്ട അച്ഛന്‍ കലിതുള്ളി. കാശുകുടുക്ക പൊട്ടിച്ചുവെന്ന സത്യം അവന്‍ കരഞ്ഞുകൊണ്ടു സമ്മതിച്ചു. വടിയെടുത്ത് തല്ലാന്‍ ഓങ്ങി കാശ് എന്തുചെയ്തെന്ന് ചോദിച്ചു. ഇതോടെ അവന്‍ മയങ്ങി വീണു. ആശുപത്രിയിലെത്തിച്ച അവന്‍ ഉണരുന്നു. അവന്റെ സഹപാഠിയുടെ അമ്മ ഗുരുതരമായ രോഗം പിടിപ്പെട്ട് ചികിത്സയിലായിരുന്നു. മരുന്ന് വാങ്ങാന്‍ പോലും കഷ്ടപ്പെട്ടിരുന്ന കുടുംബത്തിന്റെ  സങ്കടം കൂട്ടുകാരന്‍ കുട്ടിയോട് പറഞ്ഞു. ഇത് കേട്ട് വേറൊന്നും ആലോചിക്കാതെ, അവന്‍ ആവശ്യപ്പെടാതെ തന്നെ കാശുകുടുക്ക പൊട്ടിച്ച് പണം ആ കൂട്ടുകാരന് നല്‍കി.

കഥയില്‍ സത്യമുണ്ടെന്ന അച്ഛന്‍ പിന്നീട് സ്‌ക്കൂളില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. എന്തുകൊണ്ട് ഈ വിവരം പറയാന്‍ മടിച്ചുവെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരം നീതികരിക്കാവുന്നതായിരുന്നു. ദേഷ്യപ്പെട്ടു നില്‍ക്കുന്ന അച്ഛന്‍ ഇവന്റെ സഹജീവി സ്നേഹത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ഭയമായിരുന്നു അവന്. ആ ഭയം കൊണ്ട് അവന്‍ ബോധം കെട്ട് വീഴുകയായിരുന്നു. 

മറ്റുള്ളവരുടെ സങ്കടം ഉള്‍ക്കൊള്ളുകയും ആവശ്യപ്പെടാതെ തന്നെ സഹായിക്കുകയും ചെയ്യുന്ന മനസ്സ് ശെശവ കാലത്ത് തന്നെ രൂപപ്പെടുത്തി കൊടുത്താല്‍ നല്ലൊരു സമൂഹം രൂപപ്പെട്ടു വരും. പറഞ്ഞിട്ട് ഇത് ചെയ്യാമായിരുന്നല്ലോ എന്ന പരിഭവത്തോടെ പിതാവ് ശാന്തനായി. സഹജീവിയുടെ സങ്കടം ഉള്‍ക്കൊള്ളുകയും സാധിച്ചാല്‍ സഹായത്തിന്റെ ഒരു കുഞ്ഞികൈ നീട്ടുകയും ചെയ്യുന്ന നന്മകളുടെ വലിപ്പമ്മുള്ള കുട്ടി മനസുകള്‍ ഉണ്ടാകുവാനായി ഈ ഒന്‍പത് വയസ്സുകാരനെ ഈ ശിശുദിനത്തില്‍ പരിചയപ്പെടുത്തുന്നു. വളരേണ്ടത് നന്മകളിലേക്കാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ശിശുദിന  ആശംസകള്‍ 

ഡോ സി.ജെ ജോണ്‍
മാനസികാരോഗ്യ വിദഗ്ദ്ധന്‍
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റല്‍
എറണാകുളം

Content Highlights: childrens day special