ശിശുദിനത്തിൽ, അവനവനിലെ ബാല്യത്തെ തട്ടിയുണർത്താൻ ഓരോ മുതിർന്നവരും ഒന്നു ശ്രമിച്ചുനോക്കൂ. നമുക്കുള്ളിലെ സ്വതഃസിദ്ധമായ കുട്ടിത്തത്തെ എങ്ങനെ പരിപോഷിപ്പിക്കാമെന്നതിനെക്കുറിച്ച് ലളിതമായ ചില ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ശ്രമം തുടരുക, വിജയിക്കുന്നതുവരെ

കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നത് കണ്ടിട്ടില്ലേ? അവരുടെ വീഴ്ചകൾ നടക്കാനുള്ള അവരുടെ ശ്രമത്തെ തെല്ലും തളർത്താറില്ല. അവരുടെ സ്ഥിരോത്സാഹവും നിർഭയത്വവും നമ്മെ അദ്‌ഭുതപ്പെടുത്താറുണ്ട്. പക്ഷേ, പ്രായമാകുന്തോറും നാം പരാജയത്തെ ഭയപ്പെടുന്നു. കുട്ടികളെപ്പോലെ നമ്മുടെ വീഴ്ചകളെ ഉൾക്കൊള്ളാനും അവയിൽനിന്ന്‌ പഠിക്കാനും നമുക്ക് സാധിക്കണം. എങ്കിൽ ജീവിതം എത്ര സമ്മർദരഹിതമായിരിക്കും.

നിരന്തരം ചോദ്യങ്ങൾ ചോദിക്കുക

കുട്ടികളുടെ ജിജ്ഞാസ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ പുതിയ കളിപ്പാട്ടങ്ങൾ കിട്ടിയാൽ അതുകൊണ്ട്, കളിക്കുന്നതിനെക്കാളുപരി അവ തുറന്നുനോക്കാനും കൂട്ടിച്ചേർക്കാനും കൂടുതൽ കൗതുകം കാണിക്കുന്നു. ‘എന്തുകൊണ്ടാണ് അമ്പിളിമാമൻ നമ്മെ പിന്തുടരുന്നത്?’ പോലുള്ള നിഷ്കളങ്കമായ ചോദ്യങ്ങൾ അവർ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ വലിയ ‘കുട്ടികളായ’ നമുക്ക് ആകാശത്തേക്ക് നോക്കാൻ പോലും സമയം ഇല്ല. എന്നാൽ ജീവിതത്തിൽ വിജയിക്കാൻ, ജിജ്ഞാസയും പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ആഗ്രഹവും വളർത്തിയെടുക്കണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. നമുക്ക് ചുറ്റുമുള്ള സമസ്യകൾക്കും സങ്കീർണതകൾക്കും സാമാന്യ ബുദ്ധികൊണ്ട് പരിഹാരം കാണാൻ ശ്രമിക്കുക.

ഉദാഹരണത്തിന് ‘നടുവിൽ ദ്വാരമുള്ള വട ഉണ്ടാക്കാനുള്ള സൂത്രവാക്യം എന്തുകൊണ്ട് ഒരു പായ്ക്കറ്റിലാക്കി കൊടുത്തുകൂടാ?’ എന്ന് ഞങ്ങൾ ഞങ്ങളോടു തന്നെ ചോദിച്ചതിന്റെ ഫലമാണ് കൈ പൊള്ളാതെ ആകാരവടിവോടെ അനായാസം ഉഴുന്നുവടയുണ്ടാക്കാവുന്ന ‘ഐ.ഡി. വട പായ്ക്ക്’.

കാര്യങ്ങൾ ആസ്വദിച്ച് ചെയ്യുക

കുട്ടികൾ സോപ്പ് കുമിളകളിൽ കളിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തുന്നു, അവർ പുതിയ വിനോദങ്ങൾ തേടിക്കൊണ്ടേയിരിക്കുന്നു. കാര്യങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലായില്ലെങ്കിൽ അടുത്ത നിമിഷം അവർ മനസ്സിനിഷ്ടപ്പെടുന്ന മറ്റു കാര്യങ്ങളിലേക്ക് നീങ്ങുന്നു. മുതിർന്നവർ പകർത്തേണ്ട ഒരു സവിശേഷതയാണിത്.

സത്യസന്ധത മുറുകെ പിടിക്കുക

നിങ്ങൾ നല്ലൊരു ഗായകനാണെന്നോ അല്ലെങ്കിൽ അല്ലെന്നോ ഉള്ളതുപോലെയുള്ള കാര്യങ്ങൾ കുട്ടികൾ നിങ്ങളുടെ മുഖത്തുനോക്കി പറഞ്ഞേക്കും. ഇത് മുതിർന്നവരെ ചിരിപ്പിച്ചേക്കാം. കുട്ടികളിലെ സത്യസന്ധതയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രായമാകുന്തോറും നമ്മിൽ മിക്കവർക്കും നഷ്ടപ്പെടുന്ന ഒരു ഗുണമാണിത്. നമ്മുടെ ഇടപെടലുകളിൽ നഷ്ടപ്പെട്ട സുതാര്യതയും സത്യസന്ധതയും നമുക്ക് വീണ്ടെടുക്കേണ്ടേ? ബിസിനസിൽ നയതന്ത്രം അനിവാര്യമാണെങ്കിലും, സത്യസന്ധത അതിലേറെ ആവശ്യമാണ്. എങ്കിൽ മാത്രമേ നമുക്ക് ഒരു ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിയൂ.

വേറിട്ട് സഞ്ചരിക്കുക, പരാജയ ഭീതിയില്ലാതെ...

ജീവിതത്തിൽ നിങ്ങൾ വേറിട്ട എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ, കാര്യകാരണ സഹിതം പിന്തിരിപ്പിക്കുന്ന നിരവധി പേർ ഉണ്ടാകും. അധികമാരും ചെയ്യാത്ത കാര്യങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ ആളുകൾ നിങ്ങൾക്ക് നൂറുകണക്കിന് കാരണങ്ങൾ നൽകും. അത്തരം സാഹചര്യങ്ങളിൽ, നിയമങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്ന കുട്ടികളെപ്പോലെ പെരുമാറുന്നത്‌ പലപ്പോഴും വിജയം നൽകുമെന്നത് അനുഭവത്തിൽനിന്ന് പറയാൻ കഴിയും.

കുട്ടികളെപ്പോലെയാവുക, വിജയത്തിനായി ദാഹിക്കുക. എല്ലാവർക്കും സന്തോഷകരമായ ഒരു ശിശുദിനം ആശംസിക്കുന്നു!

(ഐ.ഡി. ഫ്രെഷ് ഫുഡ് ലിമിറ്റഡിന്റെ കോ-ഫൗണ്ടറും സി.ഇ.ഒ.യുമാണ് ലേഖകൻ)