വേനലവധികളില്‍ കൂടുതലും ഞാന്‍ ചെലവഴിച്ചിട്ടുള്ളത് കേരളത്തിലാണ്. ഞാന്‍, എന്റെ അച്ഛന്‍, അനുജന്‍, പിന്നെ കസിന്‍സും ചേര്‍ന്ന് അവിടെ ഒരു പുഴയില്‍ നിന്താന്‍ പോകാറുണ്ടായിരുന്നു. എന്റെ അച്ഛന്‍ പുഴയില്‍ എന്നെ നീന്തല്‍ പഠിപ്പിച്ചതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ അച്ഛനൊരു മികച്ച നീന്തല്‍ക്കാരനായിരുന്നു, അദ്ദേഹം ആ പുഴ നീന്തി കടന്നതൊക്കെയും ഇപ്പോഴും മറക്കാനാകാത്ത ഒരു കാര്യമാണ്. 

പിന്നെ കേരളവുമായി ബന്ധപ്പെട്ട എന്റെ കുട്ടിക്കാല ഓര്‍മ്മകളൊക്കെയും അമ്മയുടെ വീട്ടിലുള്ളതാണ്. ഒരു പഴക്കംചെന്ന അലമാരിയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയൊരു ശേഖരം എന്റെ മുത്തച്ഛനുണ്ടായിരുന്നു. കൊച്ചുമക്കളില്‍ അത് ഉപയോഗിക്കാന്‍ അനുമതി എനിക്ക് മാത്രമേ അദ്ദേഹം തന്നിരുന്നുള്ളൂ. കുട്ടിയെങ്കിലും ഉത്തവരാദിത്വത്തോടെയും ശ്രദ്ധയോടെയും കാര്യങ്ങളെ കാണുന്ന ഒരാളായിരുന്നു ഞാന്‍ എന്നതുകൊണ്ടാകും അത് ചിലപ്പോള്‍. അദ്ദേഹം പുസ്തകങ്ങളുടെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരനായിരുന്നു.

ഞാന്‍ പുസ്തകങ്ങള്‍ സൂക്ഷിച്ചു ഉപയോഗിക്കുമെന്നും, എടുത്ത പോലെ തിരിച്ച് അതേ സ്ഥാനത്ത് തന്നെ തിരിച്ച് വയ്ക്കുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഞാനും മുത്തച്ഛനും പരസ്പരം കത്തുകള്‍ അയ്ക്കാറുണ്ടായിരുന്നു. കത്തുകള്‍ക്ക് മറുപടി അയ്ക്കുന്നത് എത്രത്തോളം പ്രധാനമാണെന്ന് മുത്തച്ഛനാണ് എന്നെ പഠിപ്പിച്ചത്.

Content Highlights: Preeti Shenoy, Writer, Childhood Memories, Children's Day 2019