ത് ഒരു ഓര്‍മ്മയൊന്നും അല്ല. പക്ഷേ ആദ്യം തന്നെ എനിക്ക് ഈ കാര്യമാണ് എന്റെ കുട്ടിക്കാലം എന്ന് പറയുമ്പോള്‍ പറയാന്‍ തോന്നുന്നത്. പണ്ട് ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍, കസേരയില്‍ ഇരുത്തി അമ്മ എനിക്ക് സോക്‌സ് ഇടീക്കും, ഷൂലേയ്‌സ് കെട്ടിത്തരും. എന്നാല്‍ ഇപ്പോള്‍ അത് നേരെ ഉള്‍ട്ടയായി. എവിടേക്കെങ്കിലും പോകുമ്പോള്‍ അമ്മയ്ക്ക് പ്രായാധിക്യമായ ബുദ്ധിമുട്ടുകള്‍ കാരണം കുനിയാന്‍ പ്രയാസമാണ്, അതുകൊണ്ട് അമ്മയെ ഇരുത്തി സോക്‌സ് ഇട്ട്, ഷൂലേയ്‌സ് കെട്ടിയൊക്കെ കൊടുക്കുന്നത് ഞാനാണ്.

ഈ ഒരു കാര്യം എനിക്ക് ഒത്തിരി സ്‌പെഷ്യലാണ്. കാരണം എന്നെ അങ്ങനെ കൊണ്ട് നടന്ന ഒരാളെ എനിക്ക് അങ്ങനെ തിരിച്ച് നോക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. നേരെ ഓപ്പോസിറ്റ്, എന്നെ ഒരു ഒന്നാം ക്ലാസ് മുതല്‍ ചില്ലപ്പോള്‍ അഞ്ചാം ക്ലാസ് വരെ അമ്മ അങ്ങനെ ചെയ്ത് തന്നിട്ടുണ്ടാകും. അതിപ്പോള്‍ അങ്ങനെ തന്നെ എനിക്ക് ചെയ്യാന്‍, അല്ലെങ്കില്‍ ചെയ്ത് കൊടുക്കാന്‍ പറ്റുന്നത് എനിക്ക് നോക്കുമ്പോള്‍ ഭയങ്കര സ്‌പെഷ്യലാണ്.

കുട്ടിക്കാലം കൂടുതലും ഞാന്‍ ചെലവഴിച്ചിട്ടുള്ളത് അമ്മയുടെ വീട്ടിലാണ്. എന്റെ കുട്ടിക്കാല ഓര്‍മകളിലെ എന്റെ ഹീറോ മുത്തച്ഛനാണ്. ആള് സിനിമയിലെ ജഗതിയെ പോലെ ഒരു ക്യാരക്ടറായിരുന്നു. കുട്ടികളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പുള്ളി വരുന്നെന്ന് പറഞ്ഞാല്‍ ഞങ്ങളൊക്കെ കാത്തിരിക്കും. ശരിക്കും സിനിമയിലൊക്കെ കാണുന്ന പോലെ കൈനിറയെ മിഠായികളും, അങ്ങനെ ഒരു ചാക്ക് സാധനങ്ങളുമായിട്ടാവും വരുന്നത്.

അമ്മയുടെ വീടിന്റെ സൈഡില്‍ ഒരു വളവുണ്ട് അവിടെ എത്തുമ്പോള്‍ ഒരു ഹോണടിക്കും. അത് കേള്‍ക്കുന്ന താമസം ചേട്ടനും ചേച്ചിയും ഞാനും ഇവിടെ ചാടി എഴുന്നേറ്റ് റെഡിയായി നില്‍പ്പുണ്ടാകും. ഇതിപ്പോള്‍ ടി വി കാണുകയാണേല്‍ അതൊക്കെ വിട്ട് ഓടും, അല്ലേല്‍ എന്ത് ചെയ്യുകയാണേലും അത് അവിടെ വിട്ട് ഒറ്റ പോക്കാ പുറത്തേക്ക്. കാരണം മിഠായി ഒരു ലോഡുണ്ടാകും കൈയ്യില്‍. പിന്നെ ചിക്കന്‍ അങ്ങനെ വേറെ കുറെ സാധനങ്ങളും. ഇതൊക്കെ അമ്മയുടെ വീട്ടില്‍ വരുമ്പോള്‍ മാത്രം കിട്ടുന്നതാണ്. ഇനി മുത്തച്ഛന്‍ എങ്ങാനും വരാന്‍ ലേറ്റ് ആയാല്‍ ഞങ്ങളിങ്ങനെ കാത്ത് നില്‍ക്കും, പുറത്തൊരു ഇരുമ്പിന്റെ ഒരു കമ്പി പിടിപ്പിച്ചിട്ടുണ്ട് അതില്‍ പിടിച്ച് നോക്കിനില്‍ക്കും എന്താ വരാത്തെ, എന്താ താമസം എന്നൊക്കെ ആലോചിച്ച്. ഭയങ്കര സന്തോഷവും ബഹളവുമൊക്കെയാണ് ആള് വരുമ്പോള്‍.

ഞങ്ങളുടെ ഒരു വിശ്വാസമാണ്, ഈ വരുന്നത് ഒത്തിരി പ്രധാനപ്പെട്ട ഒരാളാണ്, കൊണ്ടുവരുന്നത് പ്രധാനപ്പെട്ട സാധനങ്ങളാണ് എന്നൊക്ക. ഞങ്ങളുടെ വീട്ടില്‍ എല്ലാവരും വെജിറ്റേറിയന്‍സാണ്. അമ്മയുടെ വീട്ടില്‍ പോകുമ്പോഴാണ് ചിക്കന്‍കറിയൊക്കെ കഴിക്കാന്‍ പറ്റുന്നത്. മുത്തച്ഛന്‍ വരുമ്പോള്‍ ഇവിടുത്തെ ഏതെങ്കിലും പേരുകേട്ട ഹോട്ടലില്‍ നിന്നും ചിക്കന്‍കറിയും മേടിച്ചോണ്ടാകും വരിക. ഞങ്ങളെ സംബദ്ധിച്ചിടിത്തോളം അത് വലിയ സംഭവമാണ് കാരണം വിട്ടില്‍ കിട്ടാത്തൊരു സാധനമല്ലേ. പുള്ളിയാണെങ്കില്‍ വരുമ്പോള്‍ രണ്ടും കൈയ്യിലും നിറയെ കവറുകളും പിന്നെ ഫ്രൈഡ് റൈസും ചില്ലി ചിക്കനും അങ്ങനെ നിറയെ സാധനങ്ങളുമുണ്ടാകും.

അതിനിപ്പോഴും മാറ്റം വന്നിട്ടില്ല. പുള്ളി വരുമ്പോള്‍ എന്തെങ്കിലും കൈയ്യിലുണ്ടാകും, എന്തെങ്കിലും. അങ്ങനെ അല്ലാതെ ആളെ കണ്ടതായി എനിക്ക് ഓര്‍മയേയില്ല, വെറുതെ വരുമ്പോള്‍ പോലും നാലു മിഠായി കൈയ്യിലുണ്ടാകും, ഈ മുണ്ടിന്റെ മടക്കില്‍ അങ്ങനെ എന്തെങ്കിലും വെച്ചിട്ടേ പുള്ളി വരാറുള്ളൂ. പിന്നെ ഞാന്‍ വലുതായപ്പോള്‍ സാധനങ്ങളുടെ അളവും ലെവലും മാറി. അതായത് ഫുട്‌ബോള്‍, ക്രിക്കറ്റ് ബാറ്റ്, സൈക്കിള്‍ അങ്ങനെ അങ്ങനെ അവസാനം പറഞ്ഞാല്‍ എന്റെ ബൈക്ക് പോലും മുത്തച്ഛന്‍ മേടിച്ചു തന്നതാണ്. ശരിക്കും മുത്തച്ഛനാണ് എന്റെ കുട്ടിക്കാലം അത്രയും അടിപൊളി ആക്കിയത്.

Content Highlights: Sarathkrishnan MR, Traveller, Thrissur, Geetha, Childhood Memories, Children's Day 2019