റ്റു പച്ചക്കറികളിൽ നിന്നും ഉള്ളിയെ വ്യത്യസ്തമാക്കുന്നതെന്താണ് ?
അതിന്റെ ചൂര്. എത്ര അവഗണിച്ചാലും, അതിന്റെ സാന്നിധ്യത്തെ നമ്മളിലേക്ക് എത്തിക്കുന്ന രൂക്ഷ ഗന്ധം.

അങ്ങനെ വെളിപ്പെട്ടതായിരുന്നു ക്ലാസിലെ പുതിയ കുട്ടി അശ്വതിയുടെ ഉള്ളി മണം. തിരുവനന്തപുരംകാരിയാണ്. കണ്ണൂരിൽ ഒരു ബന്ധു വീട്ടിൽ നിന്ന് പഠിക്കുകയാണ്. ആ വർഷം ജോയിൻ ചെയ്തിട്ടേ ഉള്ളു. പരിചയക്കുറവുണ്ട്. പുതിയ ആളെന്ന നിലയിലുള്ള പരിഗണനയുമുണ്ട്. അതൊക്കെ കൊണ്ട് നേരിട്ട് ചോദിയ്ക്കാൻ ഒരു മടി.
തീരെ സഹിക്കാൻ പറ്റാതായപ്പോൾ സ്ഥലം മാറി ഇരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ.

ആരും അറിയാതെ ഒപ്പിച്ചെടുത്ത എന്റെ സ്ഥലം മാറ്റം പക്ഷെ പെട്ടെന്ന് ചർച്ചയായി. അടുത്തയാളും, അതിന്റെ അടുത്തയാളും സ്ഥാനം മാറാൻ നെട്ടോട്ടമോടിയപ്പോൾ ആ വിഷയം ക്ലാസ്സിൽ പാട്ടായി.

സ്വതവേ വൃത്തി കൂടുതലുള്ള(?) ഞങ്ങൾ അവളെ ഒറ്റപ്പെടുത്താൻ നോക്കി. എന്നാലും ഉള്ളി മണം നമ്മളെ തേടി വന്നു കൊണ്ടേ ഇരുന്നു. ഒടുവിൽ നേരിട്ട് ചോദിയ്ക്കാൻ തന്നെ തീരുമാനമായി.
അതിന്റെ തുടക്കമെന്നോണം
"രാവിലെ കുളിക്കലുണ്ടോ ?"
"ഏതു സോപ്പുകൊണ്ടാ കുളിക്കല് ?"
തുടങ്ങിയ കുഞ്ഞു 'കണ്ണൂർ' ചോദ്യാവലികളെ
'വോ യെന്നും കുളിച്ചിട്ട് തന്നെ ഞാൻ വരണത്.'
'സ്‌വോപ്പ് എന്തരാണെന്നറിയില്ല'. എന്നൊക്കെ വല്യ വായിൽ തിരുവനന്തപുരം ഭാഷയിൽ അവൾ ഉത്തരം തന്നു.

ഉള്ളി മണത്തോടൊപ്പം അവളുടെ സംസാരം, അല്പം അരോചകമായി തന്നെ തോന്നിച്ചു.  നമ്മളെ പോലെ അല്ലാത്തവരോട് ഉണ്ടാവുന്ന ഒരു ഇഷ്ടമില്ലായ്മ. അതായിരുന്നു സത്യം.

അവളുടെ വല്യച്ഛന്റെ കടയിൽ ഉള്ളി വട ഉണ്ടാക്കാനുള്ള ഉള്ളിയാണ് ഈ മണത്തിന്റെ ഉത്ഭവസ്ഥാനം.
എന്നും അതിരാവിലെ 4 മണിക്ക് എഴുന്നേറ്റു തുടങ്ങുന്ന ജോലി.

അവളുടെ അഭിപ്രായത്തിൽ ഉള്ളി ഇല്ലാതെ ഒന്നും ഇല്ല.
എല്ലാ ഭക്ഷണത്തിലും എന്തെങ്കിലും ഒരു രൂപത്തിൽ ഉള്ളിയുണ്ടാകും. ചായക്കടികൾ ആയാലും കറികളായാലും ഉപ്പുമാവുപോലുള്ള പ്രധാന വിഭവമായാലും.
ലക്ഷ്മണൻ മാഷ് പറയുന്നത് പോലെ പറഞ്ഞാൽ - മലയാളി ഇല്ലാത്ത നാടില്ലാത്ത പോലെ ഉള്ളി ഇല്ലാത്ത കറിയില്ല.

"എത്ര ഉള്ളി പൊളിച്ചാലും ഒരിക്കലും തികയില്ല".
"പിന്നെ ഞാൻ ഇന്ന് പൊളിച്ച ഒരു ഉള്ളി അഴുകിയിരുന്നു. അതാ ഈ നാറ്റം, കുളിച്ചാലും പോകാത്ത നാറ്റം!" അവൾ മൂക്ക് ചുളിച്ചു.

നാലുമണിക്ക് എഴുന്നേൽക്കുന്നതിന്റെയും, ഹോട്ടലിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന്റെയും കഥകൾ മനസ്സിനെ പതുക്കെ അലിയിച്ചു തുടങ്ങിയിരുന്നു.

"എന്തെങ്കിലും ആവട്ടെ നാളെ മുതൽ അഴുകിയ ഉള്ളി പൊളിക്കാതെ വരണം. ആ മണം ഉള്ളപ്പോൾ ക്ലാസ്സിൽ ഇരിക്കാൻ കഷ്ടപ്പാടാണെന്ന്". ഞങ്ങൾ ചെറിയൊരു താക്കീത് കൊടുത്ത് ചർച്ച അവസാനിപ്പിച്ചു.

മനസ്സ് അലിഞ്ഞു തുടങ്ങിയെങ്കിലും  - ഇത്തരം കഥകൾ ഒരു ക്ളീഷേ ആയിരുന്നു അക്കാലത്ത്. അമ്മയും അച്ഛനും ടീച്ചർമാരും, പിന്നെ കാണുന്ന മുതിർന്ന എല്ലാവരും പറയാറുള്ള ഒരുപോലത്തെ കഥ. നിങ്ങൾക്കൊക്കെ എന്ത് സുഖമാ.. ഞങ്ങളുടെ കുട്ടിക്കാലത്ത് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്നു തുടങ്ങുന്ന സ്ഥിരം സെന്റി കഥകൾ.

അങ്ങനെ കേട്ട് തഴമ്പിച്ചത് കൊണ്ടാവും, വീണ്ടും വീണ്ടും മൂക്കിലേക്ക് കയറുന്ന ഉള്ളി മണം - എല്ലാ ദിവസവും അഴുകിയ ഉള്ളികൾ എങ്ങനെ ഉണ്ടാകുന്നു എന്ന വസ്‌തുനിഷ്‌ഠമായ സംശയത്തിലേക്ക് മനസ്സിനെ വലിച്ചിട്ടത്.

പിറ്റേന്ന് മുതൽ അവൾ എണ്ണയും ഉപ്പും കൊണ്ട് കൈ കഴുകി വന്ന് ഇപ്പോൾ ഉള്ളിമണമില്ലല്ലോ എന്നൊക്കെ ചോദിച്ചിരുന്നു.

ക്ലാസിലെ ഉള്ളിമണം പൂർണമായും മാറിയില്ലെങ്കിലും പിന്നീട് പരാതിക്കാർ അധികം ഇല്ലായിരുന്നു.

ഒരു ശ്രീകൃഷ്ണ ജയന്തിക്ക് വൈകുന്നേരത്തെ ശോഭായാത്ര കണ്ടു മടങ്ങിയ ഒരു രാത്രി. വീട്ടുകാരുടെ കൂടെ ബസ് ഇറങ്ങി എന്തൊക്കെയോ സാധങ്ങൾ വാങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കടയിൽ പാത്രങ്ങൾ കഴുകുന്ന അവളെ കാണുന്നത്. സത്യം പറഞ്ഞാൽ നാളെ സ്കൂളിൽ പോണല്ലോ എന്ന് ആലോചിച്ച് തുടങ്ങുന്നതിന് തൊട്ട് മുൻപ്.
 
അവധി ദിനം നന്നായാഘോഷിച്ച എന്റെ മനസിനെ അലിയിക്കാൻ ആ ഒരു കാഴ്ച മതിയായിരുന്നു. പിറ്റേന്ന് മുതൽ എനിക്കും മണത്തെ കുറിച്ച് പരാതി ഇല്ലാതായി. പതിയെ ആ മണം പാടെ ഇല്ലാതായി.

സ്ഥായിയായി നമ്മുടെ കൂടെയുള്ള മണങ്ങൾ പതുക്കെ പതുക്കെ നമുക്ക് വേർതിരിച്ച് അറിയാൻ കഴിയാതാകും. അതൊരു പുതിയ അറിവായിരുന്നു.

 

Content Highlights: Children's Day 2019, Childhood Memories