വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു ഹൈസ്‌കൂള്‍ കാലം. ഓര്‍മ്മ ശരിയാണെങ്കില്‍ ശിശുദിനം പടിക്കരികിലായെവിടെയോ ഉണ്ടായിരുന്നു. വയനാട് ജില്ലയിലെ തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന കഥാ-കവിതാ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. വേദി ഞങ്ങളുടെ സ്‌കുളായ കല്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളും.  ഒരു ശനിയാഴ്ച രാവിലെ ആരംഭിച്ച് രാത്രി സ്‌കൂളില്‍ ക്യാമ്പ് ചെയ്ത് ഞായറാഴ്ച വൈകീട്ടോടെ സമാപിക്കുന്ന രീതിയിലായിരുന്നു പരിപാടി രൂപകല്പന ചെയ്തിരുന്നത്. മലയാളത്തിലെ സുപ്രധാനികളായ നിരവധി കഥാകൃത്തുക്കളും കവി/യത്രികളും പരിപാടിയില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളും അനുമോദനങ്ങളും നല്കി. അന്ന് ഒത്തുകൂടിയ നൂറോളം വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു എട്ടാംക്ലാസുകാരനായ ഞാനും.  

ശനിയാഴ്ച രാത്രി എട്ടരയോടെ ഔദ്യോഗിക പരിപാടികളൊക്കെ സമാപിക്കുകയും ഞങ്ങളൊക്കെ സ്‌കൂളിനു മുന്‍പിലെ മുറ്റത്ത് ക്യാമ്പ് ഫയറൊക്കെ കൂട്ടി പാട്ടുപാടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തു. പത്ത് പതിനൊന്നു മണിയോടെ അതും അവസാനിപ്പിച്ച് എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു. പെണ്‍കുട്ടികളൊക്കെ അടുത്തുള്ള ഹോസ്റ്റലിലേക്ക് പോയി.  സ്‌കൂളിന്റെ ഹാളില്‍ തന്നെയായിരുന്നു ആണ്‍കുട്ടികള്‍ക്കുള്ള കിടപ്പറ സജ്ജീകരിച്ചിരുന്നത്. എല്ലാവരും ഇപ്രകാരം പിരിഞ്ഞതിനുശേഷവും ഉറക്കത്തിന്റെ യാതൊരു ലക്ഷണവും കണ്ടുകിട്ടാഞ്ഞതിനാല്‍ ഞങ്ങളൊരു നാലഞ്ചു പേര്‍ കത്തിത്തീര്‍ന്ന വിറകുകൊള്ളികള്‍ക്കിടയിലെ അവസാന കനലുകള്‍ ഊതിക്കത്തിച്ച് ചൂടുകാഞ്ഞും വര്‍ത്തമാനം പറഞ്ഞും സ്‌കൂള്‍ മുറ്റത്തു തന്നെ കൂടി. രാത്രിയും തണുപ്പും കനത്തുകൊണ്ടേയിരിക്കവേ നാലഞ്ച് എന്ന അംഗസംഖ്യ എപ്പൊഴോ രണ്ടിലേക്ക് കുറഞ്ഞിരുന്നു. 

കനലുകളെല്ലാം ഏതാണ്ട് എരിഞ്ഞടങ്ങുകയും, അനങ്ങാതെയിരിക്കലും തണുപ്പും തമ്മിലുള്ള യുദ്ധത്തില്‍ തണുപ്പ് വിജയിക്കാനാരംഭിക്കുകയും ചെയ്തപ്പോഴാണ് ഞങ്ങള്‍ ഹാളിലേക്ക് കയറിയിരിക്കാമെന്ന് തീരുമാനിച്ചത്, സമയം ഏതാണ്ട് രണ്ടരയോടടുത്തിരുന്നു. ഹാളിലെ ഒരു മൂലക്ക് കിടക്ക വിരിച്ച് കിടന്നു നോക്കിയിട്ടും ഉറക്കത്തിന് ഞങ്ങളെ പരിഗണിക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. ബോറടി അതിന്റെ പാരമ്യതയിലെത്തിയപ്പോള്‍ തൊട്ടടുത്ത കിടക്കയില്‍ ഗാഢനിദ്രയിലായിരുന്ന ഒരു സഹ ക്യാമ്പനെ ഞാന്‍ വിളിച്ചുണര്‍ത്തി. 

'ഡാ..  ഡാ..' അവന്‍ ഞെട്ടിയെണീറ്റ്  കണ്ണു തിരുമ്പിയപ്പോള്‍ ഞാന്‍ പറഞ്ഞു. 

'നീ ഉറങ്ങുകയായിരുന്നോ... എന്നാല്‍ ഉറങ്ങിക്കോ.. ഞാന്‍ വെറുതേ വിളിച്ചതാണ്' 

അതു കഴിഞ്ഞ് അവന്‍ കിടന്നിരുന്നതിനപ്പുറത്തുള്ള ആളെ വിളിച്ചുണര്‍ത്തി ഇതേ പരിപാടി ആവര്‍ത്തിച്ചു. അതു കഴിഞ്ഞ് അതിനപ്പുറത്തുള്ള ആളെ. അങ്ങിനെയങ്ങിനെയങ്ങിനെ. ഇങ്ങനെ ഉണര്‍ന്നവരില്‍ പലര്‍ക്കും വീണ്ടും ഉറക്കം കിട്ടാതെ പതുക്കെ അവരും ഞാന്‍ ചെയ്യുന്ന പണി ചെയ്യാന്‍ തുടങ്ങി, ഉറങ്ങുന്ന ഒരാളെ കണ്ടെത്തുക, ഉണര്‍ത്തുക,  ഉറങ്ങുകയാണെങ്കില്‍ ഉറങ്ങിക്കോളാന്‍ പറയുക.  ഏതാണ്ട് മൂന്നു മൂന്നേകാലായപ്പോഴേക്ക് ഏതാണ്ട് മുപ്പതോളം പേര്‍ ഉറക്കം തിരിച്ചു പിടിക്കാനാവാതെ മുറ്റത്തെത്തി. ഇതിനിടയില്‍ ആരോ പി.ടി റൂമിനു പുറത്തു കിടന്നിരുന്ന ഒരു ഫുട്‌ബോള്‍ കണ്ടെത്തുകയും മറ്റെന്തെങ്കിലും ആലോചിക്കാന്‍ സമയം കിട്ടുന്നതിനിടയില്‍ രണ്ടു ടീം ആയി തിരിഞ്ഞ് സ്‌കൂളിന്റെ വലിയ ഗ്രൗണ്ടില്‍ കളി ആരംഭിക്കുകയും ചെയ്തു. കളിച്ച് കളിച്ച് അതങ്ങനെ ഏഴര എട്ടു മണി വരെ പോയപ്പോഴേക്ക് ക്യാമ്പ് ഭാരവാഹികളൊക്കെ എത്തുകയും ക്യാമ്പ് പുനരാരംഭിക്കാറാവുകയും ചെയ്തു.  

അന്ന് വൈകീട്ട് ഒരു സെഷന്‍ എടുക്കേണ്ടിയിരുന്ന സാഹിത്യകാരന്‍ എന്തോ തിരക്കു മൂലം എത്തിച്ചേര്‍ന്നില്ല. അതു വഴി കിട്ടിയ അരമണിക്കൂര്‍ നേരം നികത്താനായി ഞങ്ങളുടെ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ വേദിയെലെത്തുകയും ക്യാമ്പിനെപ്പറ്റിയുള്ള അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനിടയില്‍ ഏതോ ഒരു ദുരാത്മാവ് രാത്രിയില്‍ നടന്ന സംഭവം ടീച്ചറോട് പറഞ്ഞു. ഏതോ ചില ആളുകള്‍ രാത്രി വന്ന് എല്ലാവരെയും വിളിച്ചെണീപ്പിക്കുകയും ഉറങ്ങുകയാണെങ്കില്‍ ഉറങ്ങിക്കോ എന്ന് പറഞ്ഞ് പോവുകയും ചെയ്‌തെന്നും,  തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചെന്നും കേട്ട ടീച്ചര്‍ അമ്പരന്ന് ഭീതിയുണര്‍ത്തുന്ന മുഖഭാവവുമായി ഞങ്ങളെ നിശബ്ദമായി നോക്കി. ടീച്ചറുടെ മുഖത്തെ ഭീതി കണ്ട നൂറു പേരും നിശബ്ദരായി. തുടര്‍ന്ന് ടീച്ചര്‍ മൈക്കെടുത്ത് സംസാരിക്കാനാരംഭിച്ചു. 

'മക്കളേ.. നിങ്ങള്‍ രാത്രിയില്‍ ആരോടും പറയാതെ ഗ്രൗണ്ടിലൊന്നും ഇറങ്ങരുതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമുണ്ട്,  വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡും അനുബന്ധ പരിപാടികളും നമ്മുടെ ഗ്രൗണ്ടിലാണ് വര്‍ഷങ്ങളായി നടക്കാറ് എന്നറിയാമല്ലൊ. ഇതിനോടനുബന്ധിച്ച് പോലീസുകാര്‍ ഏതാണ്ട് ഒരാഴ്ചയോളം സ്‌കൂള്‍ഗ്രൗണ്ടില്‍ ടെന്റ് ഉണ്ടാക്കി താമസിക്കാറുണ്ട്,'  ടീച്ചര്‍ ഗൗരവപൂര്‍വ്വം തുടര്‍ന്നു, 'അങ്ങനെയൊരിക്കല്‍ ഇത്തരത്തിലൊരു സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടെന്റടിച്ച് താമസിച്ച് പോലീസുകാരില്‍, രാത്രി പാറാവു ജോലിയുണ്ടായിരുന്ന ഒരാള്‍ പുലര്‍ച്ചെ ഏതാണ്ട് മൂന്ന് നാലുമണിയായപ്പോള്‍ ഗ്രൗണ്ടിലൂടെ ഒരു പെണ്‍കുട്ടി നടക്കുന്നത് കണ്ടെന്നും അതാരാണെന്നും എന്താണ് ഈ സമയത്ത് ഒറ്റക്ക് ഗ്രൗണ്ടില്‍ ചെയ്യുന്നതെന്ന് അന്വേഷിക്കാമെന്നും പറഞ്ഞ് ഇരുട്ടില്‍ മറഞ്ഞ ആ പോലീസുകാരനെ പിന്നെ ആരും ഇതുവരെ കണ്ടിട്ടില്ലെന്നും ടീച്ചര്‍ പറഞ്ഞതു കേട്ട് എന്റെ തൊണ്ടയിലെ വെള്ളം വറ്റി. 

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരത്തില്‍ രാത്രി ടെന്റു കെട്ടി താമസിക്കുന്ന പോലീസുകാര്‍ ശുഭ്രവസ്ത്രധാരിയായ ഒരു പെണ്‍കുട്ടിയെ രാത്രി ഗ്രൗണ്ടില്‍ കാണാറുണ്ടെന്നും മുന്നനുഭവമുള്ളതിനാല്‍ അവര്‍ അതിനു പിന്നാലെ അന്വേഷിച്ചു പോവാറില്ലെന്നും കൂടി ടീച്ചര്‍ പറഞ്ഞതോടെ ഞങ്ങളുടെ ഉള്ള ജീവനും പോയി.  ആ ഗ്രൗണ്ടിലാണ് കൂരിരുട്ടത്ത് അല്പമാത്രമായ നിലാവെളിച്ചം ഉപയോഗിച്ച് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയമെന്ന മാതിരി ഞങ്ങള്‍ ഫുട്‌ബോള്‍ കളിച്ചത്. 

ടീച്ചര്‍ മൈക്ക് സ്റ്റാന്റില്‍ നിന്ന് ഊരിയെടുത്ത് തളര്‍ച്ചയോടെ അടുത്തുള്ള കസേരയിലിരുന്നു. എന്നിട്ട് നിശബ്ദമായി ഞങ്ങളെ നോക്കി  ഏതാണ്ട് ഒരു മിനുട്ടോളം കഴിഞ്ഞു, ആരും ഒന്നും മിണ്ടുന്നില്ല. പൊടുന്നനെ ടീച്ചറുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു, വിടര്‍ന്ന് ചിരിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു, ഏതാണ്ടിങ്ങനെ വേണം സമര്‍ത്ഥമായി ഒരു കഥ മെനയാന്‍. കേട്ടാല്‍ അല്പം വിശ്വാസമൊക്കെ വരണം, അത്ര ഗൗരവം എന്തായാലും വേണം.

ഓരോ തവണ ശിശുദിനത്തെപ്പറ്റി കേള്‍ക്കുമ്പോഴും  ഞാനാ കഥാ-കവിതാ ശില്പശാല ഓര്‍മ്മിക്കും, ഓരോ കഥകള്‍ വായിക്കുമ്പോഴും  അവയിലോരോന്നും ഇതു കഥയാണോ എന്ന് സംശയിക്കുന്ന ഒരു നിമിഷം വരുമ്പോഴും  കല്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന സതീദേവി ടീച്ചറെ ഓര്‍ക്കും, ഒരു ചിരിയോടെ ഇനിയുമാരെയെങ്കിലും ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ഉറങ്ങുകയാണോ എന്ന് ചോദിക്കണമെന്നോര്‍ക്കും. ഓരോ തവണ കള്ളക്കഥകള്‍ മെനയുമ്പോഴും പറ്റുന്നത്ര  വസ്തുതകള്‍ കുത്തി നിറച്ച് സത്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കും.   
 
 'നിങ്ങളിതു വായിച്ച് ഉറങ്ങിപ്പോയിരുന്നോ?.... എന്നാലുറങ്ങിക്കോളൂ...'

Content Highlights: Hrishikesh Bhaskaran, cyber activist, Childhood Memories, Children's Day 2019