ചെറുപ്പത്തില്‍ എനിക്ക് പോളിയോ വന്നിട്ടുണ്ട്. അങ്ങനെ എന്റെ വലതു കാലിന് ചെറിയൊരു സ്വാധീനക്കുറവുണ്ട്, നടക്കുമ്പോള്‍ ചെറുതായി മുടന്തും. ആ കാരണം കൊണ്ട് സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന കുട്ടികള്‍ എന്നെ, മൊണ്ടി എന്നായിരുന്നു ഇരട്ടപ്പേരു വിളിച്ചിരുന്നത്. ആ വിളി എന്നിലുണ്ടാക്കിയ അപകര്‍ഷതാബോധം ചെറുതൊന്നുമല്ല.  സ്‌കൂളില്‍ മാത്രമല്ല, അതിന്റെ പ്രശ്നങ്ങള്‍ വീട്ടിലുമുണ്ടായിരുന്നു. എനിക്കെന്തൊ കുറവുണ്ട്, പെട്ടെന്ന് അസുഖം വരുന്ന കുട്ടിയാണ് അങ്ങനെയൊക്കെയുള്ള തോന്നലുകള്‍ കൊണ്ട് എന്നെ കൂട്ടുകാരുടെ കൂടെ പുറത്ത് കളിക്കാനൊന്നും വിടില്ലായിരുന്നു. അതൊക്കെ കൊണ്ടുതന്നെ സ്‌കൂളിലും കൂട്ടുകാരുടെ ഒപ്പം അത്ര ഇഴുകിച്ചേരാന്‍ എനിക്ക് പറ്റിയിരുന്നില്ല. അങ്ങനെ എന്നെ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്ന ഒരു സ്പേസ് ഭാഗ്യം കൊണ്ട് എനിക്ക് അന്നേ കിട്ടിയിട്ടുണ്ടായിരുന്നു. 

പഠിച്ചതൊക്കെ ഗവണ്‍മെന്റ് സ്‌കൂളിലാണ്, അവിടെ ആര്‍ക്കും പ്രിവിലേജസ് ഒന്നുമില്ല. ആര്‍ക്കും ആരേയും കളിയാക്കാം, തല്ലാം. എനിക്ക് പലപ്പോഴും കൂട്ടുകാരില്‍ നിന്ന് നല്ല തല്ല് കിട്ടിയിട്ടുണ്ട്. അതറിഞ്ഞ് അച്ഛന്‍ സ്‌കൂളില്‍ വന്ന് ബഹളമുണ്ടാക്കിയിട്ടൊക്കെയുണ്ട്. അങ്ങനത്തെ ഒരു അന്തരീഷമാണ്. എല്ലാം കൊണ്ടും എന്തോ കുറവുകള്‍ ഉള്ള ഒരാളാണ് ഞാന്‍ എന്ന തോന്നലായിരുന്നു എനിക്കും. എങ്ങനെ അതില്‍ നിന്ന് കരകയറുമെന്നും അറിയില്ലായിരുന്നു. എട്ടാം ക്ലാസിലെത്തുന്നതുവരെ പഠിക്കാന്‍ വളരെ പിന്നിലായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്കിന് പൂജ്യം മാര്‍ക്ക് കിട്ടിയത്. ഞാന്‍ അതിന്റെ ഇപ്പുറത്ത് മൂന്നോ നാലോ ഒക്കെ ഇട്ടു കൊടുത്ത് അത് മുപ്പത്, നാല്‍പ്പതൊക്കെ ആക്കി വീട്ടില്‍ കൊണ്ട് പോയത് (പത്തിലെത്തിയപ്പോള്‍ അത് എണ്‍പതുമാര്‍ക്കായി എന്നത് വേറെ കാര്യം). ഒരുപക്ഷേ ഈ കടുത്ത അപകര്‍ഷതയെ എങ്ങനെ തരണം ചെയ്യാം എന്നുള്ള എന്റെ ചിന്തയാവും എന്റെ ഇതുവരെയുള്ള യാത്രയുടെല്ലാം ഊര്‍ജം എന്നെനിക്കിപ്പോള്‍ തോന്നുന്നുണ്ട്.

അപ്പോഴും എനിക്ക് സ്വപ്നം സിനിമയായിരുന്നു. എന്ത്, എങ്ങനെ എന്നൊന്നും അറിയില്ല. എനിക്ക് അഭിനയിക്കാന്‍ പറ്റും എന്നൊരു തോന്നല്‍ വന്നിട്ടുണ്ടായിരുന്നു. അച്ഛനാണ് ആദ്യമായിട്ട് സ്റ്റേജില്‍ കയറ്റുന്നത്. അത് അഭിനയിക്കാന്‍ ഒന്നുമല്ല, ഒരു പ്രച്ഛന്നവേഷവുമായിട്ടാണ്, ഒരു കാട്ടാളന്റെ രൂപത്തിലായിരുന്നു അത്. എന്റെ രൂപമല്ലാതെ വേറൊരാളുടെ രൂപത്തില്‍ സ്റ്റേജില്‍ കയറുമ്പോള്‍ എനിക്ക് വല്ലാത്ത ആത്മവിശ്വാസം വന്നു, അതില്‍ എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടുകയും ചെയ്തു. ഞാന്‍ എന്താണോ അത് അല്ലാതെ മറ്റൊന്നായി മാറുക, അതാണ് എന്റെ ഏരിയ എന്നൊരു തോന്നല്‍ വന്നിട്ടാവും ഞാന്‍ സിനിമയോട് അല്ലെങ്കില്‍ അഭിനയത്തോട് താത്പര്യം കാണിച്ചു തുടങ്ങിയത്.  എനിക്ക് അന്ന് പരിചയമുള്ള ആരും കൈവയ്ക്കാത്ത ഒരു മേഖലയില്‍ എത്തിയാലേ എനിക്ക് എന്റെ അപകര്‍ഷതയെ തോല്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നു എന്നു തോന്നിക്കാണും. എന്റെ സ്‌കൂളില്‍ പഠിച്ച ആരും തന്നെ സിനിമയില്‍ ഇല്ല, അല്ലെങ്കില്‍ സിനിമയെ കുറിച്ച് ആലോചിച്ചിട്ടില്ല. 

സ്‌കൂളിലോ ട്യൂഷന്‍ ക്ലാസിലോ മറ്റോ ഒരു ടീച്ചര്‍ എല്ലാവരോടും എന്താവണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് സിനിമ നടനാകണം എന്നാണ്. കൂട്ടച്ചിരിയായിരുന്നു പിന്നെ. ഇന്ന് നടനായില്ലെങ്കിലും സിനിമയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞു. കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പൊഴും ഓര്‍ക്കുന്ന മറ്റൊരു കാര്യമുണ്ട്. ഒരു ഭീകര മമ്മൂട്ടി ആരാധകനായിരുന്നു ഞാന്‍. പുള്ളി അഭിനയിക്കുന്ന സിനിമാപരസ്യങ്ങള്‍ പത്രങ്ങളില്‍ നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ചു വെയ്ക്കാറുണ്ടായിരുന്നു. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് അമരം സിനിമ ഇറങ്ങുന്നത്. സിനിമയുടെ പരസ്യം പത്രത്തില്‍ വന്നത് നല്ല ഭംഗിയില്‍ വെട്ടിയെടുത്ത് ഒരു പുസ്തകത്തില്‍ ഇങ്ങനെ വെച്ചിരിക്കുകയായിരുന്നു.

അന്ന് ട്യൂഷന്‍ ക്ലാസില്‍ ബയോളജി പഠിപ്പിച്ചിരുന്നത് ഒരു ജോസ് സാറായിരുന്നു. അദ്ദേഹം വലിയ അഭിനയമോഹിയാണ്. ക്ലാസില്‍ വന്നാല്‍ പഠിപ്പിക്കുന്നതിലും കൂടുതല്‍ അദ്ദേഹം അഭിനയിച്ചു കാണിക്കുന്നതാണ് പതിവ്. ഞങ്ങള്‍ സമയം കളയാന്‍ വേണ്ടി ഒരോന്നൊക്കെ അഭിനയിച്ചു കാണിക്കാന്‍ പറയും അദ്ദേഹം അത് കാണിക്കുമായിരുന്നു. പുള്ളി എന്റെ പുസ്തകം എടുത്ത് നോക്കിയപ്പോള്‍ അതില്‍ ഞാന്‍ വെട്ടിവെച്ചിരുന്ന മമ്മൂട്ടിയുടെ പടം കണ്ടു.  അത് എടുത്ത് കൊണ്ടു പോയി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. അതും എന്തോ എന്റെ മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മ്മയാണ്.

Content Highlights: Sanal Kumar Sasidharan, Ozhivudivasathe Kali