റവാട്ടിലെ ആദ്യത്തെ കണ്മണിയായതുകൊണ്ട് എനിക്ക് ഒരുപാട് ലാളന കിട്ടിയിരുന്നു. എനിക്ക് ഒരു മകളുണ്ടായപ്പോഴാണ് ആ സൗഭാഗ്യങ്ങൾ മനസിലാവുന്നത്. കൂട്ടിനു സഹോദരിയും സഹോദരനുമായപ്പോൾ വീട്ടിൽ ബഹളം തന്നെയായി. എൻ്റെ വാശിപിടിച്ച കരച്ചിലിൽ പലപ്പോഴും എന്നെ എടുത്തോട്ടെയെന്ന മൗനസമ്മതത്തിൽ അമ്മയുടെ കയ്യിൽനിന്നും അവൾ താഴെ ഇറങ്ങുമായിരുന്നു. അടിയുണ്ടാക്കുമ്പോൾ അവരെക്കാൾ ശക്തയായ എന്നെ തോൽപ്പിക്കാൻ അനിയത്തിയും അനിയനും ഒരുമിച്ച് നിന്നു. അങ്ങനെ ഞാൻ തോറ്റുതുടങ്ങി.

സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം ആദ്യത്തെ ആഴ്ചകളിലുണ്ടായിരുന്ന ആ താല്പര്യം പിന്നെ കാണാറേയില്ലായിരുന്നു. പുതിയ പുസ്തകത്തിന്റെയും ബാഗിന്റെയും കുടയുടെയും ആ പുതുമോടിയായിരുന്നു ആ താല്പര്യത്തിന് കാരണം. ചെറിയ ക്ലാസ്സുകളിൽ സ്ലേറ്റിൽ പരീക്ഷയെഴുതി വരുമ്പോൾ മാർക്ക് കുറവായാൽ അച്ഛനെ കാണിച്ചാൽ അടികിട്ടുന്നതിനാൽ മാർക്ക് ഞാൻ  മായ്ച്ചുകളയും. എന്നിട്ടത് ബാഗിലിട്ടപ്പോൾ മാഞ്ഞുപോയതാണെന്നു നുണ പറയും.

ഓണകാലങ്ങളിൽ കൂട്ടുകാരെല്ലാവരും കൂടെ ഒരുമിച്ചു തുമ്പപ്പൂ പറിക്കുമ്പോൾ അയൽവീട്ടിലെ മുത്തശ്ശി പൂപ്പാട്ടുകൾ പാടി കൂടെയുണ്ടാവും. അച്ഛമ്മ ഓലകൊണ്ട് പൂക്കൊട്ട കെട്ടിത്തരും. അതും കഴുത്തിൽ തൂക്കി പൂപറിക്കും.പിന്നെ അങ്ങോട്ട് ആർക്കാണ് കൂടുതൽ പൂ കിട്ടുകയെന്ന മത്സരമാണ്. മാങ്ങാക്കാലമായാൽ വീടിനടുത്തുള്ള ഉയരമുള്ള മാവിൽ കല്ലെറിയും മാങ്ങയുടെ അടുത്തു പോലും എത്താറില്ല കല്ലേറ് എന്നാലും ഒരു രസത്തിനു അങ്ങ് ഏറിയും.

വേനലവധിക്കു സ്കൂൾ അടക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം. അച്ചാച്ചന്റെ മരം മുറിക്കാനുള്ള കയർ വെച്ച് ഉഞ്ഞാലിട്ടാൽ ആഘോഷം ഇരട്ടിയായി. അയൽ വീട്ടിലെ സമപ്രായക്കാരെല്ലാം ഉഞ്ഞാലാടാൻ വരിയിലുണ്ടാവും. ഉഞ്ഞാലാടാൻ പ്രത്യേക രീതിയുണ്ട്‌ ഒരു തവണ വേഗത്തിൽ ആട്ടിത്തുടങ്ങിയാൽ അത് നിൽക്കുന്നത് വരെയാണ് ഓരോരുത്തർക്കും ഊഴം. ഇരുന്നാടി കഴിഞ്ഞപ്പോൾ അയൽവീട്ടിലെ ചേച്ചിയും ആന്റിയും ആടുന്ന പോലെ നിന്നാടാനായി മോഹം. ആ ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റാൽ അന്നത്തെ കളിയിനങ്ങൾ കണ്ടെത്താനുള്ള തിരക്കാണ്.

അമ്മയുടെ വീട്ടിൽ പോകുമ്പോൾ അതിലേറെ സന്തോഷമാണ്. അവിടെ കേബിൾ ടിവിയിൽ കുറെയേറെ സിനിമകളുണ്ടാക്കും. അന്ന് എന്റെ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളു അതുകൊണ്ട് അമ്മവീട്ടിൽ പോയാൽ സിനിമ ഭ്രാന്താണ്. അതെല്ലാം കണ്ടു ഓർത്തുവെച്ചു വീട്ടിൽ വരുമ്പോൾ കൂട്ടുകാരോട് പറഞ്ഞു കൊടുക്കുമായിരുന്നു. ഞാൻ വേനലവധിക്ക് അമ്മവീട്ടിൽ നിൽകുമ്പോൾ അനിയനും അനിയത്തിയും എന്റെ വീട്ടിലാവും. എനിക്കപ്പോൾ കിട്ടുന്ന മിഠായികൾ എടുത്തുവെച്ച് അവർ വരുമ്പോൾ ഒരുമിച്ചിരുന്നു കഴിക്കും.മലപ്പുറത്തു കുന്നുമ്മൽ ശ്രീകൃഷ്ണ ഹോട്ടൽ അമ്മച്ഛന്റെ ആയിരുന്നു. അമ്മച്ഛൻ രാവിലെ അവിടേയ്ക്ക് ജോലിക്കു പോകുന്നതിനു മുൻപ് എല്ലാ ദിവസവും ചില്ലറ പൈസ തരും ഞാൻ അത് സൂക്ഷിച്ചു വെയ്ക്കും സ്കൂൾ തുറക്കുമ്പോൾ എന്തെങ്കിലും പുതിയ സാധനം വാങ്ങാൻ.

കൂട്ടുകാരെല്ലാവരും കൂടി ചട്ടിയും പന്തും, കക്കുതുള്ളലും, കൊത്തങ്കല്ലും, നാരങ്ങാ പാലും, കൊല കൊല മുന്തിരിയും, കണ്ണുകെട്ടിയും, ക്രിക്കറ്റും, ഒളിച്ചു കളിയും, വീടുണ്ടാക്കലും, കട നടത്തിപ്പും, സേഫ്റ്റി പിൻ ഒളിപ്പിച്ചും, മണ്ണപ്പം ചുട്ടു കളിച്ചതും ഇന്നത്തെപോലെ ഓർമ്മവരുന്നു.

 

Content Highlights: Childhood Days Children's Day 2019