മാതാപിതാക്കളെന്ന നിലയ്ക്ക് നമുക്ക് നമ്മുടെ കുട്ടികളെക്കുറിച്ചും അവരുടെ പ്രകടനങ്ങളെക്കുറിച്ചും ഒട്ടേറെ പ്രതീക്ഷകളുണ്ടാകാം. നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അവർ വലിയവരാകണമെന്ന് ആഗ്രഹിക്കാം. അതല്ലെങ്കിൽ അവരുടേതായ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിതം തിരഞ്ഞെടുത്ത് സന്തോഷത്തോടെ ജീവിക്കട്ടേയെന്ന് വിചാരിക്കാം. രണ്ടായാലും കുട്ടികൾ അവരുടെ കരിയർ തിരഞ്ഞെടുക്കുന്നതിലും ആ രംഗത്ത് ശോഭിക്കുന്നതിലും മാതാപിതാക്കൾക്ക് വളരെ വലിയ സ്വാധീനമാണ് ചെലുത്താൻ കഴിയുകയെന്നത് മറക്കരുത്.

കുട്ടികൾ ജീവിതത്തിൽ സന്തോഷവും വിജയവും കണ്ടെത്തണമെന്നാണ് നമുക്കാഗ്രഹം. ജീവിതവിജയത്തെയും സന്തോഷത്തെയും നിർണയിക്കുന്നതിൽ ഒരു പ്രധാനഘടകം ഏത് ജോലി തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മാതാപിതാക്കളുടെ പിന്തുണയും സ്നേഹവും ലഭിക്കുന്ന കുട്ടികൾക്ക് അവരുടെ കഴിവുകളിൽ കൂടുതൽ ആത്മവിശ്വാസമുണ്ടായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് വളരെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ജോലി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമർഥരായ കൗമാരക്കാർക്ക്, ഭാവിയിൽ മികച്ച ജോലികൾ നേടി ശോഭിക്കാനും കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

കുട്ടികൾ അറിവ് ആർജിക്കുന്ന കാര്യത്തിലായാലും വിദ്യാഭ്യാസം നേടുന്നതിലായാലും വിവിധ തരം ജോലിയെക്കുറിച്ച് അറിവ് നേടുന്നതിലായാലുമൊക്കെ വലിയ സ്വാധീനം ചെലുത്താൻ മാതാപിതാക്കൾക്കാകും. വ്യത്യസ്ത തൊഴിൽരംഗങ്ങളെക്കുറിച്ച് നിങ്ങൾക്കുള്ള അറിവും പ്രാപ്തിയുമാണ് കുട്ടികളുടെ കഴിവിൽ പ്രതിഫലിക്കുക. അവർക്ക് ജോലിയോടുള്ള വിശ്വാസവും സമീപനവും, വിജയത്തിലേക്ക് അവരെ നയിക്കുന്ന പ്രചോദനം എന്നിവയെല്ലാം മാതാപിതാക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ മിക്കതും ബോധപൂർവമല്ലാതെ അവർ സ്വായത്തമാക്കുന്നതാണ്. കുട്ടികൾ വളരുന്നതിനനുസരിച്ച് മാതാപിതാക്കളിൽ നിന്നുള്ള പ്രതീക്ഷകളും മനോഭാവങ്ങളും അവരറിയാതെ അവരിലേക്കെത്തിച്ചേരുകയാണ് ചെയ്യുന്നത്.

കുട്ടികളെ സ്വാധീനിക്കുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയാണ്

  • കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച് മാതാപിതാക്കൾക്കുള്ള പ്രതീക്ഷ
  • മാതാപിതാക്കൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകകൾ
  • കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവയോട് മാതാപിതാക്കൾ പുലർത്തുന്ന മൂല്യങ്ങൾ
  • പഠിക്കാനും വ്യക്തിത്വവികാസത്തിനവുമായി മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന അവസരങ്ങൾ

 

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം

ഒരു വ്യക്തിയുടെ ഭാവിജീവിതത്തിലേക്കുള്ള സുപ്രധാന ചുവട് വെപ്പാണ്‌ കരിയർ തിരഞ്ഞെടുക്കൽ എന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കൾക്ക് സമ്മർദവും ഏറെയായിരിക്കും. എങ്കിലും എപ്പോഴും പോസീറ്റീവ് മനോഭാവം കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ മാതാപിതാക്കൾക്ക് മാത്രമല്ല എല്ലാവർക്കും അത് സമ്മർദം സമ്മാനിക്കും. മാതാപിതാക്കൾ സ്വയം അറിയാതെ തന്നെ കുട്ടികളുടെ ഭൂതകാലം മികച്ചതും ഭാവി പ്രശ്ന കലുഷിതവുമാക്കിയെന്ന് വരാം. എന്റെയഭിപ്രായത്തിൽ കരിയർസംബന്ധമായ എല്ലാകാര്യങ്ങളും കുട്ടികളോട് സംസാരിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണ് മാതാപിതാക്കൾ. വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും തൊഴിൽരംഗത്തെ പുതിയ ട്രെൻഡുകളെക്കുറിച്ചുമെല്ലാം കുട്ടികളോട് സംസാരിക്കണം. അതിലൂടെ തങ്ങളുടെ താത്‌പര്യങ്ങളറിയാനും ഏത് തൊഴിൽ മേഖലയാണ് തങ്ങൾക്കനുയോജ്യമെന്ന് തിരിച്ചറിയാനും കുട്ടികൾക്ക് സാധിക്കും.

മികച്ച കരിയർ തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകേണ്ടത് മാതാപിതാക്കളാണ്. വളരെ നേരത്തെ തന്നെ കരിയർ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കുടുംബത്തിൽ ആരംഭിക്കുന്നതാണ് നല്ലത്. കോളേജ് അഡ്മിഷന്‌ വേണ്ടിയുള്ള ഫോം പൂരിപ്പിക്കേണ്ട സമയത്തല്ല കരിയറിനെക്കുറിച്ച് ചർച്ചകൾ ആരംഭിക്കേണ്ടതെന്ന് ചുരുക്കം. നേരത്തെ തന്നെ ചർച്ചകൾ തുടങ്ങിവച്ചാൽ എടുത്തുചാടിയുള്ള അനുചിത തീരുമാനങ്ങളെടുക്കൽ ഒഴിവാക്കാനാകും.

കുട്ടികളെ പിന്തുണയ്ക്കാൻ വേണ്ടി മാതാപിതാക്കൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ

  • കഴിയാവുന്നിടത്തോളം വിദ്യാഭ്യാസം നേടാൻ അവരെ പ്രോത്സാഹിപ്പിക്കുക
  • അന്തർലീനമായിരിക്കുന്ന കഴിവുകളും പ്രാഗത്ഭ്യവും പുറത്തുകൊണ്ടുവരാൻ അവരെ സഹായിക്കുക.
  • തൊഴിൽരംഗങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ അവരെ പ്രാപ്തരാക്കുക
  • തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരാക്കി കുട്ടികളെ മാറ്റുക
  • ലിംഗസമത്വത്തെയും സാംസ്കാരിക വൈവിധ്യത്തെയും വിലമതിക്കാൻ കുട്ടികളെ പഠിപ്പിക്കുക
  • തൊഴിൽ സാധ്യതകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പരിശീലനപരിപാടികളെക്കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക

 

പ്രവൃത്തിപരിചയത്തിന്റെ ഫലങ്ങളെക്കുറിച്ച് നിരീക്ഷിക്കുക

മാതാപിതാക്കൾ അവരുടെ ആശയങ്ങളും താത്‌പര്യങ്ങളും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കരിയറിനെക്കുറിച്ചും ഭാവിയെക്കുറിച്ചും കുട്ടികൾക്ക് അവരുടേതായ പ്രതീക്ഷകളുണ്ടാവും. അതിനോട് നമ്മൾ വിപരീതമായി പ്രതികരിച്ചാൽ അവരുടെ കഴിവുകളെത്തന്നെ പ്രതികൂലമായി ബാധിച്ചെന്ന് വരാം. തുറന്ന ആശയസംവേദനമാണ് നാം നടത്തേണ്ടത്. കുട്ടികൾക്ക് താത്‌പര്യമുള്ള തൊഴിൽമേഖലയെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാൻ അവരെ പിന്തുണയ്ക്കുക.

ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു, കുട്ടികളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രേരകശക്തികളായി നിലകൊള്ളുക എന്നതുമാത്രമാണ് നമ്മുടെ ചുമതല. അതാണ് നമ്മൾ തീർച്ചയായും തിരിച്ചറിയേണ്ടതും. സ്വതന്ത്രവും ധീരവുമായ ചുവട് വെപ്പുകളോടെയുള്ള തൊഴിൽപ്രവേശനത്തോടെ യൗവനത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

Content Highlights: Role of Parents in Career Selection of Children